Enter your Email Address to subscribe to our newsletters

Newdelhi, 17 ഫെബ്രുവരി (H.S.)
രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് വർധിക്കുന്നതായി പുതിയ സര്‍വേയില്‍ കണ്ടെത്തല്‍. സർവേ പ്രകാരം പതിനഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് ഉയർന്നതായി വ്യക്തമാക്കുന്നു. അതായത് തൊഴിലില്ലായ്‌മ 2025 ഡിസംബറിൽ 4.8 ശതമാനമായിരുന്നെങ്കിൽ 2026 ജനുവരി ആയപ്പോൾ ഇത് 5 ശതമാനമായി ഉയർന്നു.
സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയുടെ (പിഎൽഎഫ്‌എസ്) അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
നഗര,ഗ്രാമ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളെയും നഗരപ്രദേശങ്ങളെയും അടിസ്ഥാമാക്കിയാണ് കണക്കുകൾ തരംതിരിച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും 2026 ജനുവരി ആകുമ്പോൾ തൊഴിലില്ലായ്‌മ നിരക്കിൽ (യുആർ) നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തൊഴിൽ ശക്തി പങ്കാളിത്ത നിരക്കും (എൽഎഫ്‌പിആർ) തൊഴിലാളി ജനസംഖ്യാ അനുപാതവും (ഡബ്ലൂപിആർ) കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
ജനുവരിയിലെ എൽഎഫ്‌പിആറിലും ഡബ്ലൂപിആറിലും ഉണ്ടായ ഇടിവും തൊഴിലില്ലായ്‌മ നിരക്കും (യുആർ) പ്രധാനമായി, ഗ്രാമീണ മേഖലയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫിസ് (എൻഎസ്‌ഒ) ഒരു പ്രസ്‌താവനയിൽ പറയുന്നു. കാർഷിക മേഖലയിലെ സീസണൽ ഘടകങ്ങൾ, വിളവെടുപ്പിന് ശേഷമുള്ള മാന്ദ്യം, കുറഞ്ഞ ഫലങ്ങൾ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങളെന്ന് ചൂണ്ടിക്കാട്ടി.
അതേസമയം നിർമാണം, കൃഷി അനുബന്ധ ജോലികൾ, ഗതാഗതം, ചെറുകിട വ്യാപാരം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ശൈത്യകാലത്ത് മന്ദഗതിയിലായിരുന്നുവെന്നും ഈ പ്രതിസന്ധി നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്‌മയെ ബാധിച്ചെന്നും വ്യക്തമാക്കുന്നു.
സ്‌ത്രീകളിലെയും പുരുഷന്മാരിലെയും തൊഴിലില്ലായ്‌മ
പതിനഞ്ച് വയസിന് മുകളിലുള്ളവരിലെ തൊഴിലില്ലായ്‌മ നിരക്ക് കഴിഞ്ഞ ഡിസംബറിൽ 4.8 ശതമാനമായിരുന്നെങ്കിൽ 2026 ജനുവരിയിൽ അത് 5 ശതമാനമായി ഉയർന്നു. 2025 ഡിസംബർ മുതൽ 2026 ജനുവരി വരെ നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് 6.7 ശതമാനത്തിൽ നിന്ന് 7.0 ശതമാനമായി വർധിച്ചപ്പോൾ, ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്‌മ നിരക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ 4.8 ശതമാനമായിരുന്നു.
പതിനഞ്ച് വയസും അതിൽ കൂടുതലും പ്രായമുള്ള പുരുഷന്മാരിൽ 2026 ജനുവരിയിലും തൊഴിലില്ലായ്‌മ വ്യാപകമായിരുന്നു. ഇതിനു വിപരീതമായി, അതേ പ്രായത്തിലുള്ള സ്‌ത്രീകൾക്കിടയിലെ തൊഴിലില്ലായ്‌മയും 2026 ജനുവരിയിൽ കൂടുതലായിരുന്നു. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സ്‌ത്രീകളുടെ തൊഴിലില്ലായ്‌മ തുടർന്നുവെന്നും, ഇത് സ്ത്രീകളുടെ തൊഴിൽ വിപണി ഗണ്യമായി ദുർബലപ്പെടുത്തിയെന്നും വ്യക്തമാക്കുന്നു.
പതിനഞ്ച് വയസിനും അതിന് മുകളിലും പ്രായം ഉള്ളവരിൽ മൊത്തത്തിലുള്ള എൽഎഫ്‌പിആർ നിരക്ക് ജനുവരിയിൽ 55.9 ശതമാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് 2025 ഡിസംബറിൽ 56.1 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലെ എൽഎഫ്‌പിആർ നിരക്ക് 2025 ഡിസംബറിലെ 59.0 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം 58.7 ശതമാനമായി കുറഞ്ഞു. അതേസമയം നഗരപ്രദേശങ്ങളിലെ എൽഎഫ്‌പിആർ നിരക്ക് 2026 ജനുവരിയിൽ 50.3 ശതമാനമായിരുന്നു. 2025 ഡിസംബറിൽ ഇത് 50.2 ശതമാനമായിരുന്നു.
എൽഎഫ്‌പിആർ നിരക്ക് നിലനിർത്തി സ്‌ത്രീ പങ്കാളിത്തം
ജനുവരിയിൽ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം 35.1 ശതമാനമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളുടെ എൽഎഫ്‌പിആർ നിരക്ക് 39.7 ശതമാനമായിരുന്നെങ്കിൽ, ജനുവരിയിൽ നഗരപ്രദേശങ്ങളിൽ അവരുടെ പങ്കാളിത്തം 25.5 ശതമാനമായിരുന്നു. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നേരിയ വ്യത്യാസങ്ങളോടെ എൽഎഫ്‌പിആർ നിരക്ക് നിലനിർത്തിയതായി പ്രസ്‌താവനയിൽ പറയുന്നു.
2025 ജൂൺ മുതൽ (53.3 ശതമാനം) ഡിസംബർ വരെ (56.7 ശതമാനം) ഗ്രാമീണ തൊഴിലാളി ജനസംഖ്യാ അനുപാതം ക്രമാനുഗതമായ വർധനവുണ്ടായതിനെത്തുടർന്ന്, 2026 ജനുവരിയിൽ ഇത് നേരിയ തോതിൽ കുറഞ്ഞ് 56.2 ശതമാനമായി. അതേസമയം തൊഴിലാളി ജനസംഖ്യാ അനുപാതം ഗ്രാമപ്രദേശങ്ങളിൽ പുരുഷന്മാരുടേത് 75.7 ശതമാനവും സ്ത്രീകളുടേത് 38.0 ശതമാനവുമായിരുന്നു. 2025 ഡിസംബറിൽ പുരുഷന്മാരുടേത് 76.0 ശതമാനവും സ്ത്രീകളുടേത് 38.6 ശതമാനവും ആയിരുന്നു. ജനുവരിയിൽ പുരുഷന്മാരിൽ 70.5 ശതമാനവും സ്ത്രീകളിൽ 23.0 ശതമാനവുമായി നഗരങ്ങളിലെ തൊഴിലാളി ജനസംഖ്യാ അനുപാതം നിലനിന്നു.
അഖിലേന്ത്യാ തലത്തിൽ, സർവേയിൽ പങ്കെടുത്ത മൂന്ന് ലക്ഷത്തിലധികം (3,73,1580) ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിമാസ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. പ്രവർത്തന പങ്കാളിത്തം, തൊഴിൽ, തൊഴിലില്ലായ്‌മ വർധിക്കുന്ന സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സമ്പൂർണമായ പഠനമാണിത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR