വയനാട് മെഡിക്കൽ കോളജിൻ്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
Wayanad, 17 ഫെബ്രുവരി (H.S.) വയനാട് മെഡിക്കൽ കോളജിൻ്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മാനന്തവാടി അമ്പുകുത്തിയിൽ വനംവകുപ്പിൻ്റെ കൈവശമുള്ള 28 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജിനായി ഏറ്റെടുക്കുന്നത്. ഇതിന
WAYANAD MEDICAL COLLEGE NEWS


Wayanad, 17 ഫെബ്രുവരി (H.S.)

വയനാട് മെഡിക്കൽ കോളജിൻ്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മാനന്തവാടി അമ്പുകുത്തിയിൽ വനംവകുപ്പിൻ്റെ കൈവശമുള്ള 28 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജിനായി ഏറ്റെടുക്കുന്നത്. ഇതിന് പകരമായി വനവൽക്കരണം നടത്തുന്നതിനായി സുൽത്താൻ ബത്തേരി താലൂക്കിൽ വനംവകുപ്പിന് പകരം ഭൂമി വിട്ടുനൽകുവാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി മെഡിക്കൽ കോളജ് നേരിടുന്ന രൂക്ഷമായ സ്ഥലപരിമിതിക്ക് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു നിലവിലുണ്ടായിരുന്ന ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയത്. എന്നാൽ ആശുപത്രിയുടെ സ്ഥലപരിമിതി മൂലം അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ നിർമിക്കാൻ സാധിച്ചിരുന്നില്ല.

ആശുപത്രി സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന തടസമായിരുന്നത് സ്ഥലത്തിൻ്റെ ലഭ്യതക്കുറവായിരുന്നു. വയനാട്ടിലെ ജനങ്ങളുടെ ആരോഗ്യ മേഖലയിലെ പോരായ്മകളെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ എപ്പോഴും ഉയർന്നു വരാറുള്ളത് മാനന്തവാടി മെഡിക്കൽ കോളജിൻ്റെ ശോച്യാവസ്ഥയാണ്. പുതിയ ഉത്തരവിലൂടെ വർഷങ്ങളായി നിലനിന്നിരുന്ന സങ്കീർണ്ണമായ ഭൂമി ഏറ്റെടുക്കൽ നടപടികളെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ നടപടികൾ

ഈ സാഹചര്യത്തിലാണ് വനംവകുപ്പിൻ്റെ കൈവശമുള്ള നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കാനുള്ള നിർദേശം വന്നത്. മാനന്തവാടി ടൗണിൽ തന്നെയുള്ള അമ്പുകുത്തിയിലെ 28 ഏക്കറോളം വരുന്ന വനംവകുപ്പിൻ്റെ കൈവശമുള്ള ഭൂമിയാണിത്. റവന്യൂ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം ഇവിടെ അക്കേഷ്യയും മറ്റ് പാഴ്മരങ്ങളുമാണ് ഉള്ളത്. അതിനാൽ തന്നെ വലിയ പാരിസ്ഥിതിക പ്രാധാന്യമുള്ള വനഭൂമിയല്ലിത്. ഒരു സ്വകാര്യ കമ്പനിയിൽ നിന്നും നിക്ഷിപ്ത വനമായി സർക്കാർ ഏറ്റെടുത്ത ഭൂമിയാണിത്. ഈ 28 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് പകരമായി സുൽത്താൻ ബത്തേരി താലൂക്കിൽ വനംവകുപ്പിന് വനവൽക്കരണം നടത്തുന്നതിനായി പകരം ഭൂമി വിട്ടുനൽകും.

വികസനത്തിൻ്റെ പുതിയ ഘട്ടം

നിലവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് പുതിയതായി ഏറ്റെടുക്കുന്ന ഈ സ്ഥലം എന്നത് പദ്ധതിക്ക് ഏറെ അനുകൂലമായ ഘടകമാണ്. സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ ഇവിടെ അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിർമിക്കാനുള്ള നടപടികളിലേക്ക് കടക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള വികസന പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിടുന്നത്.

മെഡിക്കൽ കോളജിനെ സംബന്ധിച്ച് നിരവധി പോരായ്മകളും ഒപ്പം തന്നെ പലതരം ആരോപണങ്ങളും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള ഈ ഉത്തരവ് പുറത്തുവരുന്നത്. ഇത് വലിയൊരു മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. വയനാട്ടുകാർക്ക് ചുരമിറങ്ങാതെയും മറ്റ് അതിർത്തികൾ കടക്കാതെയും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ സ്വന്തം ജില്ലയിൽ തന്നെ ലഭ്യമാകുന്നതിന് ഈ വികസനം വഴിയൊരുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News