Enter your Email Address to subscribe to our newsletters

Kerala, 17 ഫെബ്രുവരി (H.S.)
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജാതി അധിക്ഷേപവും ഉദ്യോഗസ്ഥരുടെയും ഇടത് യൂണിയൻ നേതാക്കളുടെയും നിരന്തരമായ വേട്ടയാടലും സഹിക്കവയ്യാതെ പട്ടികജാതിക്കാരനായ ശാന്തിക്കാരൻ ജോലി രാജിവച്ചു. എറണാകുളം ആലങ്ങാട് മാളികംപീടിക വാതുറക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ പി.ആർ. വിഷ്ണുവാണ് (23) വിവേചനത്തിനെതിരെ പ്രതിഷേധിച്ച് പടിയിറങ്ങിയത്. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിന് തന്നെ അപമാനകരമായ സംഭവങ്ങളാണ് വിഷ്ണുവിന്റെ രാജിയിലൂടെ പുറത്തുവരുന്നത്.
നിയമനം മുതൽ തുടങ്ങിയ അവഗണന
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നാല് മാസം മുൻപാണ് വിഷ്ണുവിന് പാർട്ട് ടൈം ശാന്തിയായി നിയമനം ലഭിച്ചത്. എന്നാൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ വിഷ്ണുവിനെതിരെ വ്യാജ പരാതികൾ നൽകി തടസ്സപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. സ്വന്തം വീടിനടുത്തുള്ള നീറിക്കോട് മഹാദേവ ക്ഷേത്രത്തിൽ നിയമനം ലഭിക്കാതിരിക്കാൻ വ്യാജ വിലാസങ്ങളിൽ നിന്ന് പരാതികൾ അയച്ച് വിഷ്ണുവിനെ മനഃപൂർവം അകറ്റുകയായിരുന്നു എന്ന് രാജിയിൽ വ്യക്തമാക്കുന്നു.
തിരുവാഭരണ തട്ടിപ്പും വേട്ടയാടലും
വാതുറക്കാവ് ക്ഷേത്രത്തിൽ ജോലി ചെയ്യുന്നതിനിടെ ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ മാറ്റുണ്ടെന്ന സംശയം വിഷ്ണു അധികൃതരെ അറിയിച്ചിരുന്നു. അന്വേഷണത്തിൽ മാലയിൽ സ്വർണ്ണത്തിന് പകരം വ്യാജ ലോഹമാണെന്ന് കണ്ടെത്തി. എന്നാൽ ഈ സംഭവത്തിൽ കുറ്റവാളികളെ പിടികൂടുന്നതിന് പകരം വിഷ്ണുവിനെ കുടുക്കാനാണ് ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും ശ്രമിച്ചതെന്ന് വിഷ്ണു പറയുന്നു. കുറ്റവാളികൾ രക്ഷപ്പെട്ടപ്പോൾ, തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വിഷ്ണുവിനെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭീഷണിയും സമ്മർദ്ദവും
2024-ൽ മറ്റൊരു ക്ഷേത്രത്തിൽ താൽക്കാലിക ശാന്തിയായിരിക്കെ വിഷ്ണുവിന് നേരെ ജാതി അധിക്ഷേപം നടന്നിരുന്നു. അന്ന് നൽകിയ കേസ് പിൻവലിക്കാൻ ദേവസ്വം പറവൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ കടുത്ത സമ്മർദ്ദം ചെലുത്തിയതായി വിഷ്ണു ആരോപിക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ ദേവസ്വത്തിൽ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും വിഷ്ണുവിന്റെ പരാതിയിൽ പറയുന്നു.
രൂക്ഷമായ ജാതി അധിക്ഷേപം
ജാതിയുടെ പേരിൽ നേരിട്ട അവഗണനകൾ വിവരിക്കാനാകാത്തതാണെന്ന് വിഷ്ണു പറയുന്നു. ഉദ്യോഗസ്ഥർക്കും യൂണിയൻ നേതാക്കൾക്കും വഴങ്ങാത്ത പട്ടികജാതിക്കാരനായ ഒരാൾക്ക് ബോർഡിൽ ജോലി ചെയ്യുക അത്യന്തം അപകടകരമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ വിഷ്ണു മുനമ്പം ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രതിഷേധം ശക്തം
വിഷ്ണുവിന്റെ രാജി സ്വീകരിക്കരുതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടു. പുരോഗമനവാദിയെന്ന് അവകാശപ്പെടുന്ന സർക്കാർ ഭരിക്കുമ്പോഴും ദേവസ്വം ബോർഡിൽ ജാതി വിവേചനം തുടരുന്നത് ലജ്ജാകരമാണെന്ന് വിമർശനം ഉയരുന്നുണ്ട്. യോഗ്യതയും കഴിവും ഉണ്ടായിട്ടും ഒരു യുവാവിന് ജാതിയുടെ പേരിൽ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം കേരളത്തിൽ സജീവ ചർച്ചയായിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K