Enter your Email Address to subscribe to our newsletters

Trivandrum, 17 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത ഒന്നര വയസ്സുകാരി ആലിൻ ഷെറിൻ അബ്രഹാമിനെ കേരളം 'പ്രതീകവൽക്കരിച്ച്' ആഘോഷിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ എതിരൻ കതിരവൻ. മരണം ആഘോഷമാക്കി മാറ്റുന്നതിലൂടെ യഥാർത്ഥ ഉത്തരവാദിത്തങ്ങളിൽ നിന്ന് സമൂഹം ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
ഉത്തരവാദിത്തമില്ലാത്ത ആഘോഷം
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്റെ വിയോഗം നൊമ്പരമാകുമ്പോഴും, ആ കുട്ടിയെ ഒരു നായികയായി ഉയർത്തിക്കാട്ടുന്നത് ക്രൂരവും പൈശാചികവുമായ പെരുമാറ്റമാണെന്ന് എതിരൻ കതിരവൻ പറയുന്നു. ആലിൻ എന്ന കുഞ്ഞ് വിലക്ഷണമായി പ്രതീകവൽക്കരിക്കപ്പെട്ട് നമ്മൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുന്നത് അതിക്രൂരമാണ്. മുരളി തുമ്മാരുകുടി അടക്കമുള്ളവർ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പറഞ്ഞു മടുത്തിട്ടും നമ്മൾ ഒന്നും പഠിക്കുന്നില്ല, അദ്ദേഹം കുറിച്ചു.
ബേബി സീറ്റും സുരക്ഷാ വീഴ്ചയും
യാത്രകളിൽ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി ബേബി സീറ്റുകൾ (Child Restraints) നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാറിലുണ്ടായിരുന്ന മാതാപിതാക്കൾക്ക് വലിയ പരിക്കുകൾ ഏൽക്കാതിരുന്നിട്ടും കുഞ്ഞ് മരണപ്പെട്ടത് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാകാമെന്ന് അദ്ദേഹം സംശയിക്കുന്നു. നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നുകളഞ്ഞതാണെന്ന് ആർക്കും തോന്നുന്നില്ലേ? സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോ? അദ്ദേഹം ചോദിക്കുന്നു.
മറ്റ് വികസിത രാജ്യങ്ങളിലായിരുന്നെങ്കിൽ കുഞ്ഞിന്റെ സുരക്ഷയിൽ വീഴ്ച വരുത്തിയതിന് മാതാപിതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാലായിൽ ഒരു കൊച്ചു കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാർ ഓടിക്കുന്ന കാഴ്ച താൻ കണ്ടുവെന്നും, ഇത്തരം അശ്രദ്ധകൾ മിണ്ടാപ്രാണികളായ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന വിനോദങ്ങളായി മാറുന്നതിനെ അദ്ദേഹം അപലപിച്ചു.
പശ്ചാത്തലം
ഫെബ്രുവരി അഞ്ചിന് എംസി റോഡിൽ പള്ളം ബോർമ കവലയിൽ വെച്ചുണ്ടായ അപകടത്തിലാണ് അരുണിനും ഷെറിനും മകൾ ആലിനും പരിക്കേറ്റത്. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ആലിന്റെ ഹൃദയവാൽവും കരളും വൃക്കകളും നാല് കുട്ടികൾക്ക് പുനർജന്മം നൽകി. സർക്കാരും പൊതുസമൂഹവും ആലിന്റെ മാതാപിതാക്കളുടെ തീരുമാനത്തെ വലിയ രീതിയിൽ പ്രകീർത്തിച്ചിരുന്നു. എന്നാൽ, ഇതോടൊപ്പം തന്നെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സജീവമാകുകയാണ്.
മലയാളികളുടെ ഈ വൈകാരികമായ 'ആഘോഷം' യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനേ ഉപകരിക്കൂ എന്നാണ് എതിരൻ കതിരവന്റെ പക്ഷം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള വിമുഖതയും അജ്ഞതയും ഇനിയും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
---------------
Hindusthan Samachar / Roshith K