ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി ഇന്ന് സുപ്രധാന ചര്‍ച്ചകള്‍
Mumbai, 17 ഫെബ്രുവരി (H.S.) മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയില്‍. ഭാര്യ ബ്രിജിറ്റ് മാക്രോണിനൊപ്പമാണ് ഫ്രഞ്ച് പ്രസിഡന്റ് എത്തിയത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയ മാക്രോണിനെയും ഭാര്യയേയ
french president


Mumbai, 17 ഫെബ്രുവരി (H.S.)

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയില്‍. ഭാര്യ ബ്രിജിറ്റ് മാക്രോണിനൊപ്പമാണ് ഫ്രഞ്ച് പ്രസിഡന്റ് എത്തിയത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയ മാക്രോണിനെയും ഭാര്യയേയും മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്ത്യയിലേക്കുള്ള മാക്രോണിന്റെ നാലാമത്തെ സന്ദര്‍ശനമാണിത്.

17 മുതല്‍ 19 വരെ ഇന്ത്യയില്‍ ചെലവഴിക്കുന്ന മാക്രോണ്‍ എഐ ഇംപാക്റ്റ് ഉച്ചകോടിയിലും മുംബൈയില്‍ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കും. വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചകളില്‍ നിര്‍മ്മിതബുദ്ധിയും (AI) തന്ത്രപരമായ സഹകരണവും പ്രധാന വിഷയങ്ങളാകും.

ഹെലികോപ്റ്ററുകളുടെയും HAMMER പ്രിസിഷന്‍-ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ത്യയിലേക്ക്.. തന്ത്രപരമായ പങ്കാളിത്തത്തെ കൂടൂതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മുംബൈ മുതല്‍ ന്യൂഡല്‍ഹി വരെ മൂന്നുദിവസം. ഈ ഔദ്യോഗിക സന്ദര്‍ശനം ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും സജീവ സഹകരണത്തെയും ശക്തിപ്പെടുത്തും. പ്രിയപ്പെട്ട സുഹൃത്തേ, നരേന്ദ്രമോദീ.. നാളെ കാണാം.' എന്നാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചയുടന്‍ ഫ്രഞ്ച് പ്രസിഡന്റ് എക്സില്‍ കുറിച്ചത്.

'ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തവും തന്ത്രപരവുമായ പങ്കാളിത്തത്തിനായി! ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഊഷ്മളമായ സ്വാഗതം. ഈ സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും ചേര്‍ന്ന് ഇന്നൊവേഷന്‍ 2026 (Year of Innovation 2026) ഉദ്ഘാടനം ചെയ്യും. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന് ഈ സന്ദര്‍ശനം കൂടുതല്‍ ഊര്‍ജ്ജം പകരും.' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്സില്‍ കുറിച്ചു.

പ്രസിഡന്റ് മാക്രോണുമായുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് മുംബൈയിലെത്തും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ലോക് ഭവനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ചട്ടക്കൂടിന് കീഴില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിലും ഭാവിയില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിലുമാവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

മുംബൈയിലെ പരിപാടികളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ 2026 (India-France Year of Innovation 2026) സംയുക്ത ഉദ്ഘാടനം. ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, വ്യവസായ പ്രമുഖര്‍ക്കിടയിലെ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇത് മാക്രോണിന്റെ 2024-ലെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ പ്രഖ്യാപിച്ചതാണ്.

ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇരു നേതാക്കളും രാജ് ഭവനില്‍ ധാരണാപത്രങ്ങളുടെ കൈമാറ്റത്തിന് സാക്ഷ്യം വഹിക്കും. താജ് മഹല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ ഫോറത്തിലും ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടക്കുന്ന സാംസ്‌കാരിക അനുസ്മരണ ചടങ്ങിലും അവര്‍ പങ്കെടുക്കും. 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന് കീഴില്‍ 114 റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ക്കുള്ള ഒരു വലിയ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാക്രോണും പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News