Enter your Email Address to subscribe to our newsletters

Koyilandi, 17 ഫെബ്രുവരി (H.S.)
കൊയിലാണ്ടി: ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിക്കുന്ന കൊയിലാണ്ടി ബൈപാസിൽ കാൽനടയാത്രക്കാർക്കായി ഫുട് ഓവർ ബ്രിഡ്ജ് (നടപ്പാലം) നിർമ്മിക്കുമെന്ന ഉറപ്പ് ലംഘിക്കപ്പെട്ടതോടെ നാട്ടുകാരും വിദ്യാർത്ഥികളും കടുത്ത പ്രതിഷേധത്തിൽ. കുന്ന്യോറമല മേഖലയിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതരും കരാർ കമ്പനിയും നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയിട്ടും ഇതിനുള്ള യാതൊരു നടപടിയും ഉണ്ടാകാത്തതാണ് ജനങ്ങളെ ചൊടിപ്പിക്കുന്നത്.
രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ സുരക്ഷ ഭീഷണിയിൽ
കുന്ന്യോറമല പ്രദേശം വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ സജീവമായ ഇടമാണ്. ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളജ്, കൊല്ലം ഗുരുദേവ അഡ്വാൻസ്‌ഡ് സ്റ്റഡീസ് കോളജ് എന്നീ രണ്ട് പ്രമുഖ കലാലയങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിനുപുറമെ 65-ഓളം കുടുംബങ്ങളും ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ബൈപാസ് പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഈ ഭാഗത്ത് റോഡ് മുറിച്ചുകടക്കുക എന്നത് ഏറെ അപകടകരമാകും.
കൊല്ലം ഭാഗത്ത് ബസിറങ്ങുന്ന വിദ്യാർത്ഥികളും അധ്യാപകരും കാലങ്ങളായി ആശ്രയിച്ചിരുന്ന വഴിയാണ് ബൈപാസ് നിർമ്മാണത്തോടെ ഇല്ലാതാകുന്നത്. നടപ്പാലം ഇല്ലാത്ത പക്ഷം, ഇവർക്ക് കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി കൊല്ലം അണ്ടർപാസ് വഴി മാത്രമേ കോളജുകളിലേക്ക് എത്താൻ സാധിക്കൂ. ഇത് സമയനഷ്ടത്തിനും കടുത്ത യാത്രാക്ലേശത്തിനും കാരണമാകും.
ഉറപ്പുകൾ ജലരേഖയായി
ബൈപാസ് നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നാട്ടുകാർ ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു കുന്ന്യോറമലയിലെ നടപ്പാലം. അന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ അധികൃതർ ഈ ആവശ്യം അംഗീകരിക്കുകയും പാലം നിർമ്മിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ ടാറിങ് അടക്കമുള്ള ജോലികൾ പൂർത്തിയായിട്ടും നടപ്പാലത്തിന്റെ കാര്യത്തിൽ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.
വാഹനങ്ങൾ അമിതവേഗതയിൽ പായുന്ന ബൈപാസിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഒരുക്കാത്തത് വലിയ അപകടങ്ങൾക്ക് വഴിതെളിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. വയോധികർക്കും കുട്ടികൾക്കും സർവീസ് റോഡിലൂടെ കിലോമീറ്ററുകൾ അധികം നടക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രക്ഷോഭത്തിലേക്ക് നാട്ടുകാർ
ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാരും വിദ്യാർത്ഥി സംഘടനകളും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ ബൈപാസ് തുറന്നുനൽകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവർ. അധികൃതർ അടിയന്തരമായി ഇടപെട്ട് നേരത്തെ നൽകിയ ഉറപ്പ് പാലിക്കണമെന്നും കുന്ന്യോറമലയിൽ ഫുട് ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കർമ്മസമിതിയുടെ തീരുമാനം.
---------------
Hindusthan Samachar / Roshith K