Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ ഉജ്ജ്വലമാതൃകയാണ് കുടുംബശ്രീയുടെ ബഡ്‌സ് സ്ഥാപനങ്ങളെന്നും ഇതിന്റെ ഭാഗമായി ഈ വര്‍ഷം 100 ബഡ്‌സ് സ്ഥാപനങ്ങളെ മാതൃകാ ബഡ്‌സ് സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്റ്‌റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളില്‍ തിരഞ്ഞെടുത്ത 29 എണ്ണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 4.7 കോടി രൂപ കുടുംബശ്രീ മുഖേന ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബഡ്‌സ് സ്ഥാപനങ്ങളിലെ അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഈ വര്‍ഷം മുതല്‍ ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
വഴുതക്കാട് കാര്‍മല്‍ ടവറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ മാതൃകാ ബഡ്‌സ് സ്ഥാപനങ്ങള്‍, ബഡ്‌സ് സ്ഥാപനങ്ങളിലെ കൗമാരക്കാര്‍ക്കുള്ള പദ്ധതി 'ചിറകുകള്‍' ബഡ്‌സ് ജീവനക്കാരുടെ സംഗമം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും പരിഷ്‌ക്കരിച്ച മാര്‍ഗരേഖ, ബഡ്‌സ് സ്ഥാപനങ്ങളുടെ അവസ്ഥാ പഠന റിപ്പോര്‍ട്ട്, കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്‌ളിയു പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഓയില്‍ ആന്‍ഡ് ഷുഗര്‍ ബോര്‍ഡ് പോസ്റ്റര്‍ എന്നിവയുടെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരേയും ഉള്‍ക്കൊണ്ടുള്ള വികസനമാണ് കേരളത്തിന്റെ വികസന മാതൃകയെന്നും സാമൂഹിക പ്രതിബദ്ധതയോടെയുള്ള സവിശേഷമായ ഇടപെടലാണ് ബഡ്‌സ് സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ നീതി ഉറപ്പുവരുത്തുന്നതു കൊണ്ടാണ് കേരളം ഇന്ത്യയില്‍ തന്നെ ഒന്നാമതാകുന്നത്. ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് പുനരധിവാസവും നൈപുണ്യ പരിശീലനവും ഉള്‍പ്പെടെ ലഭ്യമാക്കിക്കൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഈ വര്‍ഷം നൂറ് ബഡ്‌സ് സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തും. ഇതിന്റെ ആദ്യഘട്ടമായാണ് ഇപ്പോള്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത പത്ത് ബഡ്‌സ് സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നത്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 41 സ്ഥാപനങ്ങളെ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. നിപ്മറുമായി ചേര്‍ന്ന് ഓരോന്നിനും ആവശ്യമായ പദ്ധതി തയ്യാറാക്കി വരികയാണ്. ഈ വര്‍ഷം ജൂണില്‍ 100 ബഡ്‌സ് സ്ഥാപനങ്ങളെയും മാതൃകാ ബഡ്‌സ് സ്ഥാപനങ്ങളായി ഉയര്‍ത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്.
ആദ്യഘട്ടത്തില്‍ ആരംഭിച്ച എല്ലാ ബഡ്‌സ് സ്ഥാപനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു നല്‍കിയിട്ടുണ്ട്. പുതുതായി ആരംഭിക്കുന്നവയ്ക്ക് 25 ലക്ഷം രൂപ വീതവും നല്‍കുന്നുണ്ട്. കൂടാതെ 30 ബഡ്‌സ് സ്‌കൂളുകള്‍ക്ക് വാഹനം വാങ്ങുന്നതിന് 15 ലക്ഷം രൂപ വീതവും കുടുംബശ്രീ മുഖേന അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പത്ത് സ്ഥാപനങ്ങള്‍ക്ക് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും കുടുംബശീ മുഖേന നല്‍കിയിരുന്നു. നിലവില്‍ സംസ്ഥാനമൊട്ടാകെ 187 ബഡ്‌സ് സ്‌കൂളും 218 ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 405 ബഡ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതി വഴി 13895 പരിശീലനാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്‍കി വരികയാണ്. പുതുക്കിയ മാര്‍ഗരേഖ പ്രകാരം അധ്യാപകര്‍ക്കും ആയമാര്‍ക്കും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏകീകൃക പരിശീലന മാതൃകയാകും ഇനി മുതല്‍ നടപ്പാക്കുക. ബഡ്‌സ് സ്ഥാപനങ്ങളിലെ കൗമാരക്കാര്‍ക്ക് പ്രായോഗിക അറിവും നൈപുണ്യങ്ങളും വികസിപ്പിക്കുന്നതിന് 'ചിറകുകള്‍' പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S