Enter your Email Address to subscribe to our newsletters

Kochi, 17 ഫെബ്രുവരി (H.S.)
നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുന്ന നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തരം പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം.
ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് സര്‍വേ നടത്തുന്നത് എന്നും കോടതി വ്യക്തമാക്കി. സര്‍വേക്ക് വേണ്ടി നിരവധിയായ പ്രവര്‍ത്തകരെ ഒരു പോര്‍ട്ടല്‍ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകള്‍ കയറി പരിപാടി നടത്തുകയും ചെയ്തു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞത്.
2026 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളേജ് വിദ്യാര്‍ത്ഥികളെ സര്‍വ്വേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. പദ്ധതിക്കായി പോര്‍ട്ടല്‍ തയാറാക്കുകയും ചെയ്തു. ആ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വോളന്റിയര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു.
തുടക്കം മുതല്‍ തന്നെ ഈ പരിപാടിയെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പരിപാടിയാണ് ഇതെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടതുമുന്നണിയുടെ അജണ്ട നടപ്പാക്കുകയാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.
---------------
Hindusthan Samachar / Sreejith S