എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് എല്ലാ മാനേജ്‌മെൻ്റുകൾക്കും ബാധകമാക്കി സർക്കാർ.
Thiruvananthapuram, 18 ഫെബ്രുവരി (H.S.) എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് എല്ലാ മാനേജ്‌മെൻ്റുകൾക്കും ബാധകമാക്കി സർക്കാർ. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാ
AIDED SCHOOL RESERVATION POLICY


Thiruvananthapuram, 18 ഫെബ്രുവരി (H.S.)

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് എല്ലാ മാനേജ്‌മെൻ്റുകൾക്കും ബാധകമാക്കി സർക്കാർ. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എൻഎസ്എസിന് ബാധകമായ വിധി മറ്റു മാനേജ്‌മെൻ്റുകൾക്കും ബാധകമായിരിക്കും.

കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗ തീരുമാനമായെന്നും മന്ത്രി വ്യക്തമാക്കി. നിർദിഷ്ട യോഗ്യതയില്ലാത്ത അധ്യാപകർ രണ്ടു വർഷത്തിനുള്ളിൽ അത് നേടിയാൽ മതി. കെ-ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നതും ഒഴിവാക്കും. കെ-ടെറ്റിൽ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ സർക്കാർ നിർണായക നീക്കവുമായി രംഗത്തിറങ്ങിയത്. ഇത് സംബന്ധിച്ച് എ ജിയുടെ അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചതോടെയാണ് വിധി എല്ലാ മാനേജ്‌മെൻ്റുകൾക്കും ബാധകമാക്കിയിരിക്കുന്നത്. ഭിന്നശേഷി സംവരണ വിഷയത്തിൽ മുമ്പ് സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. എൻഎസ്എസിൻ്റെ വിധി എല്ലാവർക്കും ബാധകമാക്കണമെന്ന മറ്റ് മാനേജ്‌മെൻ്റുകളുടെ ആവശ്യം സർക്കാർ പരിഗണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച അധിക സാമ്പത്തിക ബാധ്യതയായിരുന്നു പ്രശ്‌നമായി സർക്കാർ കണ്ടിരുന്നത്. എന്നാൽ സർക്കാരും മാനേജ്മെൻ്റുകളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിലവിൽ സർക്കാർ അനുനയത്തിന് എത്തിയിരിക്കുന്നത്. ഈ പ്രഖ്യാപനം വരുന്നതോടെ തടഞ്ഞുവെച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാനാണ് വഴിയൊരുങ്ങുന്നത്.

കെ-ടെറ്റ് സംബന്ധിച്ച് സുപ്രധാന തീരുമാനവും അധ്യാപക സമൂഹത്തിൻ്റെ പിന്തുണ സർക്കാരിന് ലഭിക്കാൻ വഴിയൊരുക്കും. 1771 സിംഗിൽ മാനേജ്‌മെൻ്റ് സ്‌കൂളുകളിലെ അധ്യാപകർക്കും 293 കോർപ്പറേറ്റ് മാനേജ്‌മെൻ്റ് സ്‌കൂളിലെ അധ്യാപകർക്കും ഈ നീക്കം അനുഗ്രഹമാകും. ഏതാണ്ട് 26000ത്തോളം അധ്യാപകരാണ് കെ-ടെറ്റ് യോഗ്യത നേടാനുള്ളതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കെ-ടെറ്റ് നിർബന്ധമാക്കി 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി വിധി സർക്കാർ പാലിക്കും. രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ച് യോഗ്യത നേടാനുള്ള വഴിയാണ് സർക്കാർ അധ്യാപകർക്കായി ഒരുക്കുന്നത്. മുമ്പ് സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. നിലവിലെ സുപ്രീം കോടതി വിധിയോടെ അത് ഇല്ലാതായി.

എന്താണ് കെ-ടെറ്റ്

കേരളത്തിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ (എൽപി, യുപി, ഹൈസ്‌കൂൾ തലങ്ങളിൽ) അധ്യാപകരാകാൻ ആവശ്യമായ അടിസ്ഥാന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ് (Kerala Teacher Eligibility Test - KTET). സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് വേണ്ടി പരീക്ഷാഭവനാണ് ഇത് നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE Act) അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇത് നിർബന്ധമാണ്. അതത് വിഭാഗങ്ങളിൽ പ്രൈമറി/സെക്കൻഡറി വിദ്യാഭ്യാസം, ടിടിസി/ബിഎഡ്/ടിഎച്ച്ഇടി എന്നിവയാണ് കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ.150 മാർക്കിൻ്റെ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാവും പരീക്ഷയിൽ ഉണ്ടാവുക. വർഷത്തിൽ രണ്ടുതവണയാണ് സാധാരണയായി പരീക്ഷ നടക്കാറുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News