അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ഫെബ്രുവരി 21,22 തീയതികളിൽ
Thiruvananthapuram, 18 ഫെബ്രുവരി (H.S.) അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ഈ വരുന്ന 21, 22 തീയതികളിൽ നടക്കുകയാണ്. 18 വേദികളിലായി മൂവായിരം പ്രതിനിധികൾ പങ്കെടുക്കുന്ന 46 ചർച്ചാ സമ്മേളനങ്ങൾ നടക്കും. ഉദ്ഘാടന സമാപന സമ്മേളനങ്ങൾക്ക് പുറമേ 4 സിമ്പോസ
AKG centre


Thiruvananthapuram, 18 ഫെബ്രുവരി (H.S.)

അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ഈ വരുന്ന 21, 22 തീയതികളിൽ നടക്കുകയാണ്. 18 വേദികളിലായി മൂവായിരം പ്രതിനിധികൾ പങ്കെടുക്കുന്ന 46 ചർച്ചാ സമ്മേളനങ്ങൾ നടക്കും. ഉദ്ഘാടന സമാപന സമ്മേളനങ്ങൾക്ക് പുറമേ 4 സിമ്പോസിയങ്ങളും ഉണ്ടാവും. എ കെ ജി ഹാൾ എകെ ജി പഠനഗവേഷണകേന്ദ്രത്തിലെ ഹാളുകൾ ഹസൻമരിക്കാർ ഹാൾ യൂണിവേഴ്സിറ്റി കോളജിലെ വിവിധ ഹാളുകൾ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.

1994 ൽ സ ഇ എം എസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പഠന കോൺഗ്രസ് കോവിഡിൻ്റെ സാഹചര്യത്തിൽ 2021 ൽ ഒഴികെ ഓരോ അഞ്ചു വർഷം കൂടുമ്പോഴും നടന്നുവരികയാണ്. ഒരു നാടിൻ്റെ വികസന നയരൂപീകരത്തിനായി രാജ്യത്ത് നടക്കുന്ന ഏറ്റവും വിപുലവും ജനകീയവുമായ ചർച്ചാ സമ്മേളനമാണ് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസുകൾ. വിദഗ്ദ്ധർ മുതൽ സാധാരക്കാർ വരെ പങ്കുചേരുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോം. കക്ഷിരാഷ്ട്രീയത്തിനതീതമായി വികസന വിഷയങ്ങളിൽ വലിയ യോജിപ്പിനുള്ള മേഖലകൾ തുറന്നിടാൻ പഠനകോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. പൊതുവേ ഇത്തരം ചർച്ചകൾ അക്കാദമിക താത്പര്യത്തിൽ ആണ് നടക്കുന്നതെങ്കിൽ നമ്മുടെ പഠന കോൺഗ്രസുകൾ അതിൻ്റെ പ്രായോഗിക തലത്തിൽ വലിയ സംഭാവനകൾ നടത്തിയിട്ടുണ്ട്. 1994ന് ശേഷം കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾക്ക് വഴികാട്ടുന്നതിൽ പഠനകോൺഗ്രസുകൾ വലിയ പങ്കാണ് വഹിച്ചത്. വിപ്ലവകരമായ പല നയരൂപീകരണങ്ങൾക്കും അടിസ്ഥാനമായത് പഠന കോൺഗ്രസ് ചർച്ചകളാണ്.

ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് എകെജി ഹാളിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ അഞ്ചാം അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ് ഉദ്ഘാടനം ചെയ്യും. 22 ന് 3 മണിക്ക് എകെജി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ.എം ജനറൽ സെക്രട്ടറി സ. എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, ശ്രീ ജോസ് കെ മാണി എം പി, സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ, മന്ത്രിമാർ, സംസ്ഥാനത്തുനിന്നുള്ള ഇടതുപക്ഷ എംപിമാർ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, അക്കാഡമിക് കമ്മിറ്റിയുടെ ചെയർപെഴ്സൺ സ. എസ് ആർപി, സെക്രട്ടറി തോമസ് ഐസക് എന്നിവർ പങ്കെടുക്കും. നാല് പ്രധാന വിഷയങ്ങളിൽ ഊന്നി നടക്കുന്ന സിംപോസിയങ്ങളിൽ LDF ന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

പഠനകോൺസ് വിജയിപ്പിക്കുന്നതിനായി സ. വി. ശിവൻകുട്ടി ചെയർമാനും വി. ജോയി കൺവീനറും ആയ 200 അംഗ സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നു. ഇത്തവണ പഠന കോൺഗ്രസിൻ്റെ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനിലൂടെയാണ് നടന്നത്. രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് താമസവും ഭക്ഷണവും ചർച്ചക്കുള്ള രേഖകളും നൽകുന്നുണ്ട്. രേഖകൾ നാല് സഞ്ചികളായാണ് നൽകുന്നത്. പഠന കോൺഗ്രസ് പൂർണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാവും നടത്തുക.

46 വിഷയാധിഷ്ഠിത സെമിനാറുകളിലായി കേരളത്തിൻ്റെ ഭാവിനയരൂപീകരണ ചർച്ചകളിൽ പ്രതിനിധികൾക്ക് പുറമേ മുന്നൂറോളം വിദഗ്ദ്ധരാണ് പങ്കെടുക്കുക. പഠന കോൺഗ്രസിന് മുന്നോടിയായി വിവിധ ജില്ലകളിൽ നടന്ന വിഷയാധിഷ്ഠിത സെമിനാറുകളിൽ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.

ആദ്യപഠനകോൺഗ്രസ് നടക്കുമ്പോൾ കേരള വികസനവുമായി ബന്ധപ്പെട്ട പ്രധാന ജനകീയ ചർച്ച എന്ന നിലയിൽ ആയിരക്കണക്കിന് വിദഗ്ദ്ധരായ ആളുകൾക്ക് ഇഎംഎസ് നേരിട്ട് കത്തയച്ച് അഭിപ്രായം തേടിയിരുന്നു. അതിൻ്റെ തുടർച്ചയായി ഇപ്പോഴും ചർച്ചകളിൽ ഇടപെടാൻ അഭ്യർത്ഥിച്ചുകൊണ്ട് പഠന കോൺഗ്രസിൻ്റെ ചീഫ് പാട്രൺ കൂടിയായ മുഖ്യമന്ത്രി, വിവിധമേഖലകളിൽ വിദഗ്ദ്ധരായ 25000 പേർക്ക് കത്തയച്ചു. വളരെ നല്ല പ്രതികരണമാണ് അതിന് ലഭിച്ചത്. ഇപ്പൊഴും പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. അവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ ഉൾപ്പെടുത്തി ഒരു പുസ്തകം കൂടി പ്രതിനിധികൾക്ക് നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

സി പി ചന്ദ്രശേഖർ, വെങ്കിടേഷ് ആർത്രേയ, അനിത രാംപാൽ, കെ എം ചന്ദ്രശേഖർ തുടങ്ങിയ സാമ്പത്തിക നയരൂപീകരണ വിദഗ്ധർ, ഡോ. പി ജി ശെങ്കപ്പ, ഡോ എൻ സി നാരായണൻ, ഡോ. ഗോപിനാഥ് രവീന്ദ്രൻ, ആൽബർട്ട് തോമസ്, ഡോ. കാന എം സുരേഷ്, ഡോ. സി ടി അരവിന്ദകുമാർ തുടങ്ങിയ അക്കാദമിക വിദഗ്ദ്ധർ, വിജു ജേക്കബ്, ടോണി തോമസ്, ശ്രുതി ഷിബുലാൽ തുടങ്ങിയ വ്യവസായ പ്രമുഖർ, ശശികുമാർ, കെ ജെ ജേക്കബ്, രാജഗോപാൽ, ഡോ അരുൺ കുമാർ തുടങ്ങിയ മാധ്യമ പ്രവർത്തകർ, ഐ എം വിജയൻ, കെ എം ബീനാമോൾ തുടങ്ങിയ കായിക പ്രതിഭകൾ എസ് എം വിജയാനന്ദ്, ഡോ. ബി ഇക്ബാൽ, സി. രവീന്ദ്രനാഥ്, ഡോ. ജോ ജോസഫ്, ജേക്കബ് പുന്നൂസ്, ഫാദർ സജി ഇളമ്പശ്ശേരിയിൽ തുടങ്ങി വിവിധ മേഖലകളിൽ പ്രമുഖരായ മുന്നൂറോളം പേരാണ് ചർച്ചകൾ നയിക്കുന്ന പാനലുകളിൽ ഉള്ളത്.

പഠനകോൺഗ്രസിൽ നടക്കുന്ന ചർച്ചകളുടെ അക്കാദമിക ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങളുടെ സഹകരണം ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News