Enter your Email Address to subscribe to our newsletters

Thiruvananthapuram, 18 ഫെബ്രുവരി (H.S.)
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചത് ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണെന്ന പരാതി ശക്തമാകുന്നു. സർക്കാരിൻ്റെ നയം മാറ്റമാണിതെന്ന ആരോപണം ഉയരുന്നതിനിടെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭയും രംഗത്തെത്തി. ഇടതുമുന്നണി അംഗീകരിച്ച മദ്യനയത്തിൽ ഊന്നിയുള്ള തീരുമാനമാണിതെന്ന് എക്സൈസ് വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും എൽഡിഎഫിൽ ഇതിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഈ മാസം 23ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ തങ്ങളുടെ അഭിപ്രായ വ്യത്യാസം അറിയിക്കാനാണ് ഘടക കക്ഷി നേതാക്കളുടെ തീരുമാനം.
വിദേശമദ്യചട്ടം 1953ൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള പരിഷ്കാരം നടപ്പിലാക്കുമ്പോൾ മുന്നണിയിൽ വിശദമായ ചർച്ച ആവശ്യമായിരുന്നു എന്നാണ് ഉയരുന്ന പൊതു അഭിപ്രായം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കാൻ ഘടക കക്ഷി നേതാക്കൾ നിലവിൽ തയ്യാറായിട്ടില്ല. അടുത്ത ഇടതുമുന്നണി യോഗത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. അതേസമയം, സംസ്ഥാനത്ത് സർക്കാർ മദ്യമൊഴുക്കുകയാണെന്നും ബാറുടമകളെ സഹായിക്കുകയാണെന്നുമുള്ള ആരോപണവുമായി സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
സമയക്രമത്തിലെ മാറ്റങ്ങൾ
2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നൽകിയ അപേക്ഷ മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതിവകുപ്പ് വിജ്ഞാപനം ഇറക്കുകയായിരുന്നു. രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതമാണ് ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചത്. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്ന സമയം ഇതോടെ രാവിലെ 10 മുതൽ രാത്രി 12 വരെയായി മാറി. നേരത്തെ ടൂറിസം മേഖലകളിൽ മാത്രമായിരുന്നു രാത്രി 12 വരെ ബാറുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നത്. മൈസ് ടൂറിസം ഇവൻ്റുകൾ നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകൾക്ക് പുലർച്ചെ 3 വരെ പ്രവർത്തിക്കാം. ഇതിനായി വാർഷിക ലൈസൻസ് ഫീസിനൊപ്പം 5 ലക്ഷം രൂപ കൂടി അധികമായി അടയ്ക്കണം.
മദ്യനയവും നിയന്ത്രണങ്ങളും
2025 ജനുവരി 31ലെ കണക്കനുസരിച്ച് 847 ബാർ ലൈസൻസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് പുറമേയാണിത്. 2025-26 വർഷത്തെ കരട് മദ്യനയം അനുസരിച്ച് ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ നയം നേരത്തെ അംഗീകരിച്ചിരുന്നു. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവാദമുണ്ട്. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഈ ഇളവ് നൽകുന്നത്. എന്നാൽ മദ്യം വിളമ്പുന്നതിന് മുൻപായി ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ കാണിച്ച് എക്സൈസ് കമ്മിഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കാൻ പാടില്ലെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിർദേശം. അതേസമയം ബീവറേജിനും ബാറുകൾക്കും ഡ്രൈ ഡേ നിയന്ത്രണം തുടരും. ബാറുകളുടെ വാർഷിക ലൈസൻസ് തുകയായ 35 ലക്ഷം രൂപയിൽ മാറ്റം വരുത്തിയിട്ടില്ല.
ഓർത്തഡോക്സ് സഭയുടെ പ്രതിഷേധം
ബാറുകളുടെ പ്രവർത്തന സമയം മാറ്റിയതിനെതിരെ ഓർത്തഡോക്സ് സഭ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ലെന്നും സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന ഈ നിയമഭേദഗതി സർക്കാർ പിൻവലിക്കണമെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സർക്കാരിൻ്റെ മദ്യനയം സംബന്ധിച്ച വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു യോജിപ്പുമില്ലെന്ന് സഭ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിടുക്കത്തിൽ ഇത്തരമൊരു തീരുമാനം കൊണ്ടുവരുന്നതിൻ്റെ താൽപര്യം വ്യക്തമാണ്. പുതിയ തീരുമാനം സാമൂഹിക ആരോഗ്യത്തിനും പൊതുജനക്ഷേമത്തിനും ഗൗരവമായ ഭീഷണി ഉണ്ടാക്കും. മദ്യത്തിൻ്റെ ലഭ്യത വർധിപ്പിക്കുകയും സമയം നീട്ടുകയും ചെയ്യുന്നത് യുവതലമുറയെ വഴിതെറ്റിക്കുമെന്നും ഇത് ലഹരി ഉപയോഗത്തെ സാധാരണവത്കരിക്കുമെന്നും ബിജു ഉമ്മൻ പറഞ്ഞു. ഈ നിയമം അടിയന്തരമായി റദ്ദ് ചെയ്ത് മദ്യവിമുക്ത സമൂഹ സൃഷ്ടിക്ക് ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും സഭ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR