Enter your Email Address to subscribe to our newsletters

Kasaragod, 18 ഫെബ്രുവരി (H.S.)
കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും സ്മരണയ്ക്കായി നിർമിക്കുന്ന കലാ-കായിക-പഠന പരിശീലന കേന്ദ്രത്തിൻ്റെ മുഴുവൻ ചെലവും കർണാടക കോൺഗ്രസ് വഹിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും ഏഴാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിക്ക് പണം ഒരു തടസ്സമാകില്ലെന്നും ഉടൻ തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻ കർണാടക പിസിസി പ്രസിഡൻ്റ് കൂടിയായ അദ്ദേഹം, ഇത്തരമൊരു സംരംഭത്തിലേക്ക് എത്താൻ ഏഴ് വർഷം വേണ്ടിവന്നത് വേദനാജനകമാണെന്നും ചടങ്ങിൽ ഓർമിപ്പിച്ചു.
പരിശീലന കേന്ദ്രത്തിനൊപ്പം ഒരു കൊമേഴ്സ്യൽ കോംപ്ലക്സ് കൂടി പണിയണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കേന്ദ്രത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും മികവിനും മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് കേവലം യുവത്വത്തെ മാത്രമല്ല, മറിച്ച് മഹാത്മാഗാന്ധിയുടെ തത്വശാസ്ത്രത്തെയും രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും കൂടിയാണ് പ്രതിനിധീകരിക്കുന്നത്. അവർ ത്യാഗത്തിൻ്റെയും വികസനത്തിൻ്റെയും അടയാളമാണെന്നും ഭാവിയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൻ്റെ അടിസ്ഥാന പ്രത്യയശാസ്ത്രം അഹിംസയാണെന്ന് ഓർമിപ്പിച്ച പരമേശ്വര, രാജ്യത്തിനായി ജീവൻ വെടിഞ്ഞ മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെപ്പോലെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിനായി ജീവൻ നൽകിയ ശരത് ലാലും കൃപേഷും ത്യാഗത്തിൻ്റെ ഉജ്വല പ്രതീകങ്ങളാണെന്ന് പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജ്മോഹൻ ഉണ്ണിത്താൻ എംപി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ് മുഖ്യാതിഥിയായി.
ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ നീലകണ്ഠൻ, ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാകൺവീനർ എ ഗോവിന്ദൻ നായർ, കോൺഗ്രസ് നേതാക്കളായ ടി എം സാജിദ്, ബാലകൃഷ്ണൻ പെരിയ, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്, മീനാക്ഷി ബാലകൃഷ്ണൻ, അഡ്വ. കെ കെ. രാജേന്ദ്രൻ, പി ജി ദേവ്, ബി പി പ്രദീപ്കുമാർ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ വർഷത്തെ അനുസ്മരണ സമ്മേളനത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നൽകിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ കേന്ദ്രത്തിനായുള്ള സ്ഥലം വാങ്ങിയത്. 2019 ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെ കല്യോട്ട് കൂരാങ്കര റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും (23) കൃപേഷിനെയും (19) അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR