Enter your Email Address to subscribe to our newsletters

Thiruvananthapuram, 18 ഫെബ്രുവരി (H.S.)
ആഗോള അയ്യപ്പ സംഗമത്തിൻ്റെ ചെലവിനെച്ചൊല്ലി ദേവസ്വം ബോർഡും ഊരാളുങ്കലിന് കീഴിലുള്ള ട്രിപ്പിൾ ഐസിയും തമ്മിലുള്ള തർക്കം മുറുകുന്നു. അയ്യപ്പ സംഗമസംഗമത്തിന് നൽകിയ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് ഊരാളുങ്കലിൻ്റെ മേൽനോട്ടത്തിലുള്ള സ്ഥാപനമായ ട്രിപ്പിൾ ഐസി നൽകിയ കത്ത് പരിശോധിക്കാൻ ഒരുങ്ങുകയാണ് ടാസ്‌ക് ഫോഴ്‌സ്.
അയ്യപ്പ സംഗമത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് വിലയിരുത്താൻ രൂപീകരിച്ച മൂന്നംഗ ടാസ്‌ക് ഫോഴാണ് കത്ത് പരിശോധിക്കുക. അയ്യപ്പ സംഗമത്തിൻ്റെ ചെലവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓഡിറ്റർ തേടിയിട്ടില്ലെന്നാണ് തിങ്കളാഴ്ച നൽകിയ കത്തിൽ സ്ഥാപനം പറയുന്നത്. സംഗമത്തിന് എട്ട് കോടി രൂപയുടെ എസ്റ്റിമേറ്റ് ഉൾപ്പെടുത്തിയാണ് ആദ്യം ട്രിപ്പിൾ ഐസിയും ദേവസ്വം ബോർഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടത്.
എന്നാൽ ചെലവ് 4.99 കോടിയിൽ നിജപ്പെടുത്താൻ ധാരണാപത്രം ഒപ്പിട്ട അതേ ബോർഡ് പിന്നീട് യോഗം ചേർന്ന് തീരുമാനമെടുത്തു. എന്നാൽ ഇത് ട്രിപ്പിൾ ഐസിയെ അറിയിച്ചിരുന്നില്ല. ഇതോടെയാണ് സംഗമത്തിന് ശേഷം 7.04 കോടിയുടെ ബിൽ അവർ സമർപ്പിച്ചത്. എന്നാൽ 4.99 കോടി രൂപയിൽ ചെലവ് നിജപ്പെടുത്താൻ തന്നെയാണ് കെ ജയകുമാർ അധ്യക്ഷനായിട്ടുള്ള നിലവിലെ ബോർഡും തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ട്രിപ്പിൾ ഐസി സമർപ്പിച്ചിട്ടുള്ള ഓഡിറ്റ് റിപ്പോർട്ടും അതിനെ സാധൂകരിച്ചെഴുതിയ കത്തുമാണ് ദേവസ്വം കമ്മിഷണർ, അക്കൗണ്ട്സ് ഓഫിസർ, ചീഫ് എൻജിനീയർ എന്നിവർ ഉൾപ്പെട്ട മൂന്നംഗ ടാസ്‌ക് ഫോഴ്സ് പരിശോധിക്കുക.
ചെലവ് തുക കുറയ്ക്കണമെന്ന ദേവസ്വം ബോർഡിൻ്റെ കടുംപിടുത്തത്തിൽ ചർച്ചയ്ക്ക് ട്രിപ്പിൾ ഐസി സന്നദ്ധമായിട്ടുണ്ട്. ധാരണാപത്രത്തിന് വിരുദ്ധമായി ഏകപക്ഷീയമായി ചെലവ് വെട്ടിച്ചുരുക്കിയ ബോർഡിൻ്റെ നടപടിയിൽ കമ്പനിക്ക് വേണമെങ്കിൽ നിയമപരിഹാരം സാധ്യമാണ്. എന്നാൽ അത്തരമൊരു നീക്കത്തിന് കമ്പനി മുതിരില്ലെന്നാണ് താൻ കരുതുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ ജയകുമാർ പ്രതികരിച്ചത്. ഇനി അത്തരമൊരു സാഹചര്യം സംജാതമായാൽ അത് അപ്പോൾ നേക്കാമെന്നും അദ്ദേഹം ഇ ടിവിയോട് ഇന്ന് പ്രതികരിച്ചു. കണക്കുകളിൽ വിശദമായി പരിശോധിക്കാൻ ടാക്‌സ് ഫോഴസ് ഇന്നലെയും ഇന്നുമായി യോഗം ചേർന്നിട്ടുണ്ട്.
സ്വർണം മുറിച്ചെടുക്കൽ: തന്ത്രിയുടെ കത്ത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും
ദ്വരപാലക ശിൽപത്തിൽ നിന്ന് സ്വർണം മുറിച്ച സംഭവത്തിൽ ആചാരലംഘനം നടന്നുവെന്ന് സൂചന നൽകുന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കത്ത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചതായി കെ ജയകുമാർ പറഞ്ഞു. അംഗഭംഗം വന്ന ശിൽപ്പങ്ങൾ അലങ്കാര വസ്തുക്കളായി ഉപയോഗിക്കുന്നത് ഉചിതമല്ലെന്നാണ് കത്തിലെ ഉള്ളടക്കം.
ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘവും ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും ദ്വാരപാലക ശില്‍പങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. സ്വർണത്തിൻ്റെ ഗുണനിലവാരം, കാലപ്പഴക്കം, നഷ്ടപ്പെട്ട കൃത്യമായ അളവ് എന്നിവ കണ്ടെത്താനാണ് ഈ നീക്കം.
നേരത്തെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ നടത്തിയ പരിശോധനയിൽ ദ്വാരപാലക കട്ടിളപ്പാളികളിൽ നിന്ന് ഏകദേശം ഒരു കിലോ 70 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്നതിനായി സാമ്പിളുകൾ ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്കും അയച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR