സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പാതിവില തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ഊർജിതമാക്കി.
Ernakulam, 18 ഫെബ്രുവരി (H.S.) സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പാതിവില തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യപ്രതിയായ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ ജയിലിലെത്തി ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കേസിൽ കൂടുതൽ പേര
KERALA FINANCIAL FRAUD CASE


Ernakulam, 18 ഫെബ്രുവരി (H.S.)

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പാതിവില തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യപ്രതിയായ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ ജയിലിലെത്തി ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കേസിൽ കൂടുതൽ പേരുടെ അറസ്റ്റും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളും ഉടനുണ്ടാകുമെന്നാണ് സൂചന.

കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായ ഇതിൽ പ്രാഥമിക വിലയിരുത്തൽ പ്രകാരം 500 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന വ്യാജവാഗ്ദാനം നൽകിയും ലാപ്ടോപ്പുകൾ, തയ്യൽ മെഷീനുകൾ, മറ്റ് കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ പാതിവിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചുമാണ് അനന്തു കൃഷ്ണൻ പലരിൽ നിന്നായി കോടികൾ തട്ടിയത്. അമ്പതിനായിരത്തോളം വരുന്ന ആളുകളെയാണ് പ്രതികൾ കബളിപ്പിച്ചത്. തട്ടിപ്പിന് ഇരയായവരിൽ കൂടുതലും സ്ത്രീകളാണ്.

ക്രൈംബ്രാഞ്ച് അന്വേഷണം

നിലവിൽ വിവിധ സ്റ്റേഷനുകളിലായി കേരള ക്രൈംബ്രാഞ്ചാണ് ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്താകെ 1300 മുതൽ 1700 ഓളം കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനന്തു കൃഷ്ണന് പുറമെ, നേരത്തെ സായിഗ്രാമത്തിൻ്റെ ചുമതലയുണ്ടായിരുന്ന ആനന്ദകുമാർ അടക്കമുള്ളവരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കേന്ദ്രീകരിച്ചും വരും ദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കും.

ഇഡിയുടെ നിർണായക ഇടപെടൽ

ഇസിഐആർ രജിസ്റ്റർ ചെയ്തുകൊണ്ടായിരുന്നു ഇഡിയുടെ അന്വേഷണം ആരംഭിച്ചത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ഇപ്പോൾ ഇഡിയും സജീവമായി ഇടപെട്ടിരിക്കുന്നത്. തട്ടിപ്പിൻ്റെ രീതി, പണം എങ്ങോട്ടൊക്കെ പോയി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇഡി പ്രധാനമായും ശ്രമിക്കുന്നത്. കൂടാതെ, വിവിധ രാഷ്ട്രീയ നേതാക്കൾ അനന്തുവിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സ്വത്തുക്കൾ കണ്ടുകെട്ടും

തട്ടിപ്പിലൂടെ നേടിയ പണം (Proceeds of Crime) എവിടെയൊക്കെ വിനിയോഗിക്കപ്പെട്ടു എന്നതിലാണ് ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതികൾ പലയിടത്തും സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. മുഖ്യപ്രതിയെ ജയിലിലെത്തി ചോദ്യം ചെയ്തതിലൂടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇഡി ഉടൻ കടക്കും. വരും ദിവസങ്ങളിൽ കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News