Enter your Email Address to subscribe to our newsletters

Kasaragod, 18 ഫെബ്രുവരി (H.S.)
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്തോടെ കേരളത്തിലെ അന്തരീക്ഷവും മാറി തുടങ്ങി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കാർമേഘങ്ങളാൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത് നിലവിലെ താപനില കുറയ്‌ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ മഴയ്‌ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ന്യൂനമർദത്തിൻ്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. ഇന്ന് മുതല്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. ഇന്ന് (ഫെബ്രുവരി 18) നാലു ജില്ലകളിൽ ഗ്രീൻ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്.
നാളെ (ഫെബ്രുവരി 19) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20,21 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തു. അതുപോലെ 22ാം തീയതിയിൽ മുഴുവൻ ജില്ലയിലും ഗ്രീൻ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിൽ വരണ്ട കാലാവസ്ഥ ആയിരുന്നു. ഇതോടെ താപനില ചിലയിടങ്ങളിൽ 35 ഡിഗ്രി മുതൽ 37 വരെ ആയി ഉയർന്നിരുന്നു. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്‌തത് ആശ്വാസമായി.
കഴിഞ്ഞ ദിവസത്തെ വിവിധ ജില്ലകളിലെ ശരാശരി താപനില (°C)
പത്തനംതിട്ട 35.9കൊല്ലം 35.5കോട്ടയം 35.1ആലപ്പുഴ 35.0തിരുവനന്തപുരം 35.0മലപ്പുറം 34.9പാലക്കാട് 34.8എറണാകുളം 34.4തൃശൂർ 34.4കോഴിക്കോട് 34.2കണ്ണൂർ 34.1കാസർകോട് 33.7വയനാട് 31.6ഇടുക്കി 29.7
ന്യൂനമര്‍ദത്തിനും സാധ്യത
ഇന്ത്യന്‍ മഹാസമുദ്രത്തിനും ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിൻ്റെ മധ്യഭാഗത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയും ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യും. ഇതിനു പുറമെ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR