Enter your Email Address to subscribe to our newsletters

Ernakulam, 18 ഫെബ്രുവരി (H.S.)
രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സായുധ വിഭാഗത്തിലെ പ്രധാന പരിശീലകനും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ മൊയ്‌തീൻകുട്ടി (52) എൻഐഎയുടെ പിടിയിൽ. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ദേശീയ അന്വേഷണ ഏജൻസി ഇയാളെ അറസ്‌റ്റ് ചെയ്‌തത്.വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്കായി എൻഐഎ ഏഴ് ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾക്കും സായുധ കലാപങ്ങൾക്കും കേഡർമാരെ സജ്ജരാക്കുന്നതിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് എൻഐഎ ഇയാൾക്കായി വലവിരിച്ചത്. വിദേശത്ത് നിന്നും രഹസ്യമായി നാട്ടിലെത്താൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥർ ഇയാളെ തടയുകയും തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ആയുധ പരിശീലന ചുമതല: പോപ്പുലർ ഫ്രണ്ടിൻ്റെ ശാരീരിക പരിശീലന വിഭാഗത്തിലെ മുഖ്യ ചുമതലക്കാരനായിരുന്നു മൊയ്‌തീൻകുട്ടി. സംഘടനയിലെ അംഗങ്ങൾക്ക് ആയുധങ്ങൾ ഉപയോഗിക്കുന്നതിലും കായികമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഇയാൾ പരിശീലനം നൽകിയിരുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വച്ച് നടന്ന രഹസ്യ സായുധ പരിശീലന ക്യാമ്പുകളുടെയും ഗൂഢാലോചന യോഗങ്ങളുടെയും പ്രധാന ഏകോപനം നിർവഹിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലായിരുന്നുവെന്നാണ് എൻഐഎ ആരോപിക്കുന്നത്.
രാജ്യത്തിൻ്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി പ്രവർത്തിച്ചതിനും യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിച്ചതിനും ഇയാൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (UAPA) പ്രകാരം കേസ് എടുക്കുകയും ചെയ്‌തു. അറസ്‌റ്റ് ചെയ്‌ത മൊയ്‌തീൻകുട്ടിയെ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു. ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി എൻഐഎ അപേക്ഷ നൽകിയിട്ടുണ്ട്.
സംഘടനയുടെ സാമ്പത്തിക സ്രോതസുകൾ, വിദേശ ബന്ധങ്ങൾ, ഒളിവിൽ കഴിയുന്ന മറ്റ് നേതാക്കൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. നിരോധനത്തിന് ശേഷവും സംഘടനയുടെ പ്രവർത്തനങ്ങൾ രഹസ്യമായി തുടരാൻ ശ്രമിക്കുന്ന ശക്തികൾക്കുള്ള കനത്ത തിരിച്ചടിയായാണ് ഈ അറസ്‌റ്റിനെ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR