നെടുമങ്ങാട് കുഞ്ഞ് മരിച്ച സംഭവം: ഡോ. ബിന്ദു സുന്ദരന് നിർബന്ധിത അവധി,
Thiruvananthapuram, 18 ഫെബ്രുവരി (H.S.) നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോ. ബിന്ദു സുന്ദരനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന നിർദേശം
Medical negligence


Thiruvananthapuram, 18 ഫെബ്രുവരി (H.S.)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോ. ബിന്ദു സുന്ദരനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന നിർദേശം നൽകി. ഡോക്ടർക്കെതിരെ മുൻപും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഡയറക്ടർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചതായും അറിയിച്ചു.

ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടതിന് പുറമെ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തുന്നതാണ്. പ്രസവ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഡോ. ബിന്ദു സുന്ദരനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരിൽ നിന്നും സംഘം മൊഴിയെടുക്കും. ഇവരുടെ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറാനാണ് തീരുമാനം. ജില്ലാ മെഡിക്കൽ ഓഫിസർക്കും ഡോക്ടർക്കെതിരെ പരാതികൾ ലഭിച്ച സാഹചര്യത്തിൽ എല്ലാ പരാതികളും ക്രോഡീകരിച്ച് സമഗ്രമായ അന്വേഷണമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഉറപ്പുനൽകി.

നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെയും ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്കെതിരെയും ചികിത്സാ പിഴവ് ആരോപണങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. ഡോ. ബിന്ദു സുന്ദരനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിരുന്നുവെന്ന കാര്യം ആരോഗ്യവകുപ്പ് ഡയറക്ടർ തന്നെ ശരിവച്ചിട്ടുണ്ട്. ഹസ്ന ഫാത്തിമ എന്ന യുവതിയുടെ പരാതി ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സമാനമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചത്. ഇത് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധത്തിന് കാരണമായി.

പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് പ്രസവത്തിനിടെ മരിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും ചികിത്സാ പിഴവ് സംബന്ധിച്ച പരാതികളിൽ ആരോപണം നേരിട്ടിട്ടുള്ള ഡോക്ടർ ബിന്ദു സുന്ദരൻ്റെ നേതൃത്വത്തിലാണ് സിസേറിയൻ നടന്നതെന്ന് കുടുംബം വ്യക്തമാക്കി. പ്രസവവേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലർച്ചെ നാല് മണിയോടെ ലേബർ റൂമിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്ക്ക് 12 മണി വരെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്. 12 മണിക്ക് പ്രസവം നടന്നില്ലെങ്കിൽ ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ 12 മണി കഴിഞ്ഞിട്ടും ശസ്ത്രക്രിയ വൈകിപ്പിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.

മറ്റ് ഗർഭിണികളുടെ പ്രസവം നടന്നിട്ടും നിരഞ്ജനയെ ലേബർ റൂമിൽ തന്നെ മണിക്കൂറുകളോളം കാത്തിരുത്തി. ഒടുവിൽ സമയം ഒരു മണിയും രണ്ട് മണിയും പിന്നിട്ട് രണ്ടരയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെടുകയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകുകയും ചെയ്തു. അവിടെ എത്തി പത്ത് മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞ് മരിച്ച വിവരം അറിഞ്ഞു. കുഞ്ഞിന് ശ്വാസം നൽകിക്കൊണ്ടിരിക്കുകയാണെന്നും നിരീക്ഷണത്തിലാണെന്നും പറഞ്ഞ് ആദ്യം വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതായും പിതാവ് ആരോപിക്കുന്നു. താൻ പ്രസവമെടുത്തതല്ലെന്ന് ഡോക്ടർ ബിന്ദു സുന്ദരൻ ആദ്യം പറഞ്ഞെങ്കിലും അവിടെയുണ്ടായിരുന്ന നഴ്സുമാരും അനസ്തേഷ്യ നൽകിയ ഡോക്ടറും ബിന്ദു സുന്ദരൻ തന്നെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സ്ഥിരീകരിച്ചതായും കുടുംബം പറയുന്നു.

കുഞ്ഞിൻ്റെ മരണത്തിന് പിന്നാലെ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. കഴിഞ്ഞ ദിവസം രാത്രി വൈകിയും ആശുപത്രി പരിസരത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. സ്ഥിതിഗതികൾ വഷളായതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ, ഡിഎംഒ, ആർഡിഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ഈ ചർച്ചയ്ക്കുശേഷമാണ് ആരോപണ വിധേയയായ ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്.

എംഎൽഎ ഡി കെ മുരളി ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകി. അതേസമയം ഡോക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സർവീസിൽ നിന്ന് പിരിച്ചുവിടുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാതെ കുഞ്ഞിൻ്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കർശന നിലപാടിലാണ് കുടുംബാംഗങ്ങൾ. ഇക്കാരണത്താൽ മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ഇന്നും നെടുമങ്ങാട് ആശുപത്രി പരിസരത്ത് പ്രതിഷേധം തുടരാനാണ് സാധ്യത. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News