വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റു രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ പേർ ചികിത്സയിൽ;ഹോട്ടൽ പ്രവർത്തിച്ചത് അനധികൃതമായി
Thiruvananthapuram, 18 ഫെബ്രുവരി (H.S.) വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റു രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ പേർ ചികിത്സയിൽ. മരിച്ചവർ ഭക്ഷണം കഴിച്ച അസ്മാക് ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന
SEAFOOD POISONING DEATH KERALA


Thiruvananthapuram, 18 ഫെബ്രുവരി (H.S.)

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റു രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ പേർ ചികിത്സയിൽ. മരിച്ചവർ ഭക്ഷണം കഴിച്ച അസ്മാക് ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലൈസൻസോ കെട്ടിടാനുമതിയോ ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് നഗരസഭ കണ്ടെത്തി.

കൊല്ലം നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച അതേദിവസം തന്നെയാണ് തിരുവനന്തപുരം സ്വദേശികളും ഈ ഹോട്ടലിൽനിന്ന് ആഹാരം കഴിച്ചത്. ഇവരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്രവങ്ങൾ പതോളജി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൻ്റെ ഫലം വന്നാലേ ശാസ്ത്രീയമായ സ്ഥിരീകരണം ഉണ്ടാകൂ. ഹോട്ടലിൽനിന്ന് ശേഖരിച്ച ചിപ്പി, കൊഞ്ച്, കണവ തുടങ്ങിയ മത്സ്യവിഭവങ്ങളുടെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി സിഎംഎഫ്ആർഐയിലേക്ക് അയക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു.

അനധികൃത പ്രവർത്തനം ആരോപണവിധേയമായ അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് പൂർണമായും അനധികൃതമായാണെന്നാണ് കണ്ടെത്തൽ. വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന ഈ ഹോട്ടലിന് നഗരസഭയുടെ ലൈസൻസോ കെട്ടിടത്തിന് അനുമതിയോ ഇല്ല. ഹോട്ടൽ പ്രവർത്തിക്കുന്നത് താത്കാലികമായ ഒരു ഷെഡിലാണ്. ഇതിന് ബിൽഡിങ് പെർമിഷൻ ഇല്ല. ഇക്കാരണത്താൽ തന്നെ നഗരസഭ ഈ സ്ഥാപനത്തിന് ലൈസൻസ് നൽകിയിട്ടില്ല. സ്ഥാപനം നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് നഗരസഭ പലതവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഉടമകൾ ഇത് പാലിക്കാൻ തയാറായില്ല.

നഗരസഭയുടെ ഹെൽത്ത് വിഭാഗം നേരിട്ട് പരിശോധന നടത്തിയശേഷം നൽകുന്ന അനുമതി ഈ സ്ഥാപനത്തിന് ലഭിച്ചിട്ടില്ല. ഈ ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാലാണ് ലൈസൻസ് ലഭിക്കാത്തതെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. ഫുഡ് സേഫ്റ്റിയുടെ രേഖകൾ ഉണ്ടെന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഓൺലൈനിൽ 100 രൂപ അടച്ചാൽ ലഭിക്കുന്ന പ്രാഥമിക ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ മാത്രമാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഴിഞ്ഞം പ്രദേശത്ത് മത്സ്യവിഭവങ്ങൾ വിൽക്കുന്ന ആകെ 14 ഹോട്ടലുകളാണുള്ളത്. ഇതിൽ 12 ഹോട്ടലുകൾക്കും നഗരസഭയുടെയോ ഹെൽത്ത് വിഭാഗത്തിൻ്റെയോ പ്രവർത്തന അനുമതിയില്ല.

ജാഗ്രത വേണം സമുദ്രത്തിലെ വിഷാംശങ്ങൾ വലിച്ചെടുക്കുന്ന സ്വഭാവമുള്ള ജീവികളായതിനാൽ സമുദ്രവിഭവങ്ങൾ ഭക്ഷിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഇവ ശരിയായി വേവിച്ചില്ലെങ്കിൽ ബാക്ടീരിയ, വൈറസ് ബാധകൾക്കും അലർജി പ്രശ്നങ്ങൾക്കും കാരണമാകാം. ഫ്രീസറിൽ ശരിയായി സൂക്ഷിക്കാത്തതും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നതും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. സമുദ്രത്തിൻ്റെ ഉപരിതലത്തിൽ കാണപ്പെടുന്ന മത്തി, അയല, ചാള തുടങ്ങിയ മത്സ്യങ്ങളെക്കാൾ അടിയത്തട്ടിൽ വളരുന്ന ചിപ്പി, കൊഞ്ച്, കണവ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആയുർവേദ ഡോക്ടർമാർ അടക്കമുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News