ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം
Kollam, 18 ഫെബ്രുവരി (H.S.) ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരക, പാലപ്പാളി, ദ്വാരപാലക ശില്പ്പാളി തുടങ്ങിയ കേസുകളിൽ ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാര്യങ്ങൾ
Thanthri kandaru rajeevar


Kollam, 18 ഫെബ്രുവരി (H.S.)

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരക, പാലപ്പാളി, ദ്വാരപാലക ശില്പ്പാളി തുടങ്ങിയ കേസുകളിൽ ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് തന്ത്രിക്ക് കോടതി ജാമ്യം നൽകിയത്. ജയിലിൽ 41 ദിവസം പിന്നിടുമ്പോഴാണ് കേസിലെ മറ്റ് പ്രതികൾക്ക് പിന്നാലെ തന്ത്രിക്കും പുറത്തിറങ്ങാൻ അവസരമൊരുങ്ങുന്നത്.

വിവിധ കേസുകളിലായി സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഒരുമിച്ചാണ് കോടതി വിധി പറഞ്ഞത്. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് തന്ത്രി നൽകിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ജയിൽ വാസത്തിനിടെ പലതവണ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കീഴ്‌ക്കോടതിയിൽ നിന്നും ജാമ്യം നിഷേധിക്കപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കാൻ പ്രതിഭാഗം തയ്യാറെടുത്തിരുന്നുവെങ്കിലും വിജിലൻസ് കോടതി തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ സ്വർണക്കൊള്ള കേസിൽ ജാമ്യം നേടി പുറത്തിറങ്ങുന്ന ആറാമത്തെ ആളായി കണ്ഠര് രാജീവർ മാറി.

പ്രതിഭാഗത്തിൻ്റെ വാദങ്ങൾസ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും താൻ ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങൾ മാത്രം നിർവഹിക്കുന്ന ആളാണെന്നും തന്ത്രി കോടതിയിൽ വാദിച്ചു. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ ക്ഷേത്ര ഭരണത്തിലോ മറ്റ് ഗൂഢാലോചനകളിലോ താൻ ഇടപെട്ടിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ പ്രധാന വാദം. ദേവൻ്റെ അനുജ്ഞ അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമാണ് തന്ത്രി നിർവഹിച്ചത്. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളിൽ മാത്രമാണ് താൻ ഇടപെട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമുള്ള തന്ത്രിയുടെയും അഭിഭാഷകൻ്റെയും വാദം ഒടുവിൽ കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. നേരിട്ടുള്ള ഇടപെടലിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന വിലയിരുത്തലിലാണ് കോടതി ജാമ്യം നൽകിയതെന്നാണ് സൂചന.

പ്രോസിക്യൂഷൻ നിലപാട്

തന്ത്രിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് 2004 മുതൽ അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വെറുമൊരു കീഴ്ശാന്തിയുടെ സഹായിയായി മലകയറിയ ഉണ്ണികൃഷ്ണൻ പോറ്റി പിന്നീട് ശബരിമലയെ നിയന്ത്രിക്കുന്ന വലിയൊരു ശക്തിയായി മാറിയതിന് പിന്നിൽ തന്ത്രിയുമായുള്ള ബന്ധമാണ് ഉപയോഗപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രമുഖരായ ആളുകളെ ശബരിമലയിലേക്ക് കൊണ്ടുവരാനും സ്പോൺസർമാരായി അവരെ ഉപയോഗിക്കാനും ഒക്കെ പ്രേരകമായത് ഈ ബന്ധമാണെന്നും ആദ്യഘട്ടത്തിൽ തന്നെ ആരോപണമുണ്ടായിരുന്നു.

തന്ത്രിക്കും ഭാര്യക്കും വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലായി കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2.05 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങളും തെളിവുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യങ്ങൾ മുൻനിർത്തി തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തന്ത്രിക്ക് സ്വർണക്കൊള്ളയിൽ നിർണായകമായ പങ്കുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി വഴിവിട്ട ബന്ധമുണ്ടെന്നും അന്വേഷണ സംഘം തുടക്കം മുതൽ നിലപാടെടുത്തിരുന്നു. അതിനാൽ ജാമ്യവേളകളിലെല്ലാം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശക്തമായ എതിർപ്പുകൾ ഉയർത്തിയിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

തുടർനടപടികൾ

കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്‌ഐടി വിശദമായ പരിശോധനയിലേക്കും രണ്ടാംഘട്ട ശാസ്ത്രീയ പരിശോധനയിലേക്കും കടക്കുന്ന ഘട്ടത്തിലാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്. ഇതിനിടെ കേസിൽ എ പത്മകുമാർ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയിട്ടുണ്ട്. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്നാണിത്. ഈ ഹർജി ഫെബ്രുവരി 19ന് പരിഗണിക്കും. ആരോഗ്യനില ചൂണ്ടിക്കാട്ടി കെപി ശങ്കർദാസ് സമർപ്പിച്ച ജാമ്യഹർജി ഈ മാസം 23ആം തീയതിയും കോടതി പരിഗണിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News