സിനിമയുടെ നിർമാണച്ചെലവ് വർധിപ്പിക്കുകയും മാസ്റ്റർ പ്രിൻ്റ് അടങ്ങിയ ഹാർഡ് ഡിസ്‌ക് തട്ടിയെടുത്ത് വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിലായി.
Ernakulam, 18 ഫെബ്രുവരി (H.S.) സിനിമയുടെ നിർമാണച്ചെലവ് വർധിപ്പിക്കുകയും മാസ്റ്റർ പ്രിൻ്റ് അടങ്ങിയ ഹാർഡ് ഡിസ്‌ക് തട്ടിയെടുത്ത് വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ ''അഭിലാഷം'' സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിലായി.വിശ്വാസവഞ്ചന നടത്തി നിർമാതാവിന്
Film director


Ernakulam, 18 ഫെബ്രുവരി (H.S.)

സിനിമയുടെ നിർമാണച്ചെലവ് വർധിപ്പിക്കുകയും മാസ്റ്റർ പ്രിൻ്റ് അടങ്ങിയ ഹാർഡ് ഡിസ്‌ക് തട്ടിയെടുത്ത് വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിലായി.വിശ്വാസവഞ്ചന നടത്തി നിർമാതാവിന് നാല് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. സെക്കൻഡ് ഷോ പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ മാനേജിങ് പാർട്ണർ ആൻ സരിഗ ആൻ്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംവിധായകൻ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തിരിക്കുന്നത്. കരാർ ലംഘനം, സാമ്പത്തിക തട്ടിപ്പ്, സിനിമയുടെ പകർപ്പവകാശം ലംഘിച്ച് ഹാർഡ് ഡിസ്‌ക് കടത്തിക്കൊണ്ടുപോയി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫെബ്രുവരി രണ്ടിനാണ് നിർമാതാവ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുന്നത്.

കരാർ ലംഘനവും സാമ്പത്തിക തട്ടിപ്പുംസൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവർ പ്രധാന വേഷത്തിലെത്തി 2025ൽ പുറത്തിറങ്ങിയ ചിത്രമാണ് അഭിലാഷം. ഈ സിനിമ 2.25 കോടി രൂപയ്ക്ക് പൂർത്തിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2023 ജൂലൈ 14ന് തൃപ്പൂണിത്തുറ എരൂരിലെ ഫ്ലാറ്റിൽ വച്ച് കരാർ ഒപ്പിട്ടിരുന്നു. തുടർന്ന് 2023 ഒക്ടോബർ 17ന് ഷൂട്ടിങ് ആരംഭിച്ചെങ്കിലും, ഒന്നാം പ്രതിയായ ഷംസുദ്ദീൻ മനഃപൂർവം അനാവശ്യ കാലതാമസം വരുത്തി നിർമാണച്ചെലവ് 3.25 കോടി രൂപയായി ഉയർത്തി. ഇത്തരത്തിൽ വിശ്വസിപ്പിച്ച് ഏകദേശം ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 'മണിയറയിലെ അശോകൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

ഹാർഡ് ഡിസ്‌ക് മോഷണംസിനിമയുടെ ചിത്രീകരണത്തിന് ശേഷമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഗുരുതരമായ വഞ്ചന നടന്നതെന്ന് നിർമാതാവ് ആരോപിക്കുന്നു. കളറിസ്റ്റ് ആയിരുന്ന രണ്ടാം പ്രതി, നിർമാതാവിൻ്റെ സമ്മതമില്ലാതെ സിനിമയുടെ 'ഫുൾ ക്ലീൻ ഔട്ട്' മാസ്റ്റർ പ്രിൻ്റ് ഒന്നാം പ്രതിക്ക് നൽകി. ഫിലിം സപ്ലൈയറായ ആറാം പ്രതിയുടെ സ്ഥാപനത്തിൽ നിന്നും മാസ്റ്റർ പ്രിൻ്റ് അടങ്ങിയ രണ്ട് ഹാർഡ് ഡിസ്‌കുകൾ, ഒന്നാം പ്രതിയുടെ നിർദേശപ്രകാരം അസോസിയേറ്റ് ഡയറക്ടറായ മൂന്നാം പ്രതി കൈവശപ്പെടുത്തി. ഇത്തരത്തിൽ ഹാർഡ് ഡിസ്കുകൾ മോഷ്ടിക്കുകയും മറ്റൊരു പാർട്ടിക്ക് കൈമാറുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. ഇത് സിനിമയുടെ ഒടിടി റിലീസിനെയും മറ്റും ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്.

ഗൂഢാലോചനയും ഭീമമായ നഷ്ടവുംഈ വഞ്ചനയിൽ സിനിമയുടെ എഡിറ്ററായ നാലാം പ്രതിക്കും കാമറമാനായ അഞ്ചാം പ്രതിക്കും പങ്കുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പ്രതികളുടെ നടപടി മൂലം നിർമാണ കമ്പനിക്ക് 97 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും, പ്രതീക്ഷിച്ചിരുന്ന വ്യാപാര ലാഭം ഉൾപ്പെടെ ആകെ നാല് കോടി രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. അന്യായമായ ലാഭമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രതികൾ ഒത്തുചേർന്ന് വിശ്വാസവഞ്ചന നടത്തിയെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

നിർമാതാവിൻ്റെ വെളിപ്പെടുത്തൽപ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നിർമാതാവ് ആൻ ആൻ്റണി ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസ് മാത്രമല്ല സിനിമയുടെ ഹാർഡ് ഡിസ്‌ക് ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള പ്രവർത്തികൾ സംവിധായകൻ്റെ ഭാഗത്തുനിന്നും ഉണ്ടായതായി നിർമാതാവ് വ്യക്തമാക്കി. കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നും അവർ അറിയിച്ചു.

അന്വേഷണം വിപുലമാക്കുന്നുകഴിഞ്ഞദിവസം രാത്രിയാണ് ഷംസുദ്ദീൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ സിനിമയുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക പ്രവർത്തകരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിലെ മറ്റ് പ്രതികൾക്കെതിരെയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News