Enter your Email Address to subscribe to our newsletters

Newdelhi, 18 ഫെബ്രുവരി (H.S.)
കുനോ ദേശീയോദ്യാനത്തിൽ മൂന്ന് പുലിക്കുഞ്ഞുങ്ങൾ ജനിച്ച സന്തോഷവാർത്ത പങ്കുവെച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനത്തിലെ ഗാമിനി എന്ന ചീറ്റപ്പുലിയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ചീറ്റയുടെ ചിത്രമുൾപ്പെടെ മന്ത്രി തൻ്റെ എക്‌സ് പോസ്‌റ്റിൽ പങ്കുവച്ചു.
ദക്ഷിണാഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചതിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സന്തോഷ വാർത്തയെന്ന് ഭൂപേന്ദർ യാദവ് എക്‌സിൽ കുറിച്ചു. ഇന്ത്യയിൽ ജനിച്ച ഒമ്പതാമത്തെ ചീറ്റ കുഞ്ഞുങ്ങളാണിത്. ഇതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. പുതുതായി ജനിച്ച കുഞ്ഞുങ്ങളേക്കൂടി ഉൾപ്പെടുത്തുമ്പോൾ രാജ്യത്തെ ആകെ ചീറ്റപ്പുലികളുടെ എണ്ണം 38 ആയി വർധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പുലിക്കുഞ്ഞുങ്ങൾ പിറന്നതോടെ ഈ അവസരത്തെ ഒരു നാഴികക്കല്ലായി മന്ത്രി വിശേഷിപ്പിച്ചു. രണ്ടാം തവണയാണ് ഗാമിനി അമ്മയാകുന്നത്. മൂന്ന് കുഞ്ഞുങ്ങൾക്കൂകൂടി ജന്മം നൽകിയതോടെ വന്യജീവി വികസനത്തെക്കൂടിയാണിത് സൂചിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുനോ ദേശീയോദ്യാനത്തിൽ നിന്ന് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയോദ്യാനത്തിൽ മൂന്ന് പുലിക്കുഞ്ഞുങ്ങൾ പിറന്നിരിക്കുന്നു. ചീറ്റപ്പുലികളുടെ പുനരുജ്ജീവനത്തിൻ്റെ ഭാഗമായി 'പ്രൊജക്റ്റ് ചീറ്റ' പദ്ധതി പ്രകാരം ദക്ഷിണാഫ്രിക്കയിൽ നിന്ന് പുലികളെ കൊണ്ടുവന്നിട്ട് മൂന്ന് വർഷങ്ങൾ പൂർത്തിയാകുമ്പോഴാണ്, കുനോയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ചീറ്റയായ ഗാമിനി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തപ്പോൾ കുനോ ദേശീയോദ്യാനത്തിൽ ആഘോഷങ്ങൾ നിറഞ്ഞിരിക്കുന്നു, എന്ന് എക്‌സ് പോസ്‌റ്റിൽ മന്ത്രി കുറിച്ചു.
തുടർന്ന് ചീറ്റപ്പുലികളുടെ സംരക്ഷണത്തിനായി ദേശീയോദ്യാനത്തിൽ പ്രവർത്തിക്കുന്ന ഫീൽഡ് സ്‌റ്റാഫിനെയും വെറ്ററിനറി ടീമിനേയും ഭൂപേന്ദർ യാദവ് പ്രശംസിച്ചു. രാജ്യത്തിൻ്റെ ചരിത്രപരമായ വന്യജീവി സംരക്ഷണ പ്രവർത്തനത്തിൻ്റെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് 'പ്രൊജക്റ്റ് ചീറ്റ' ?
വംശനാശഭീഷണി നേരിടുന്ന ദക്ഷിണാഫ്രിക്കൻ ചീറ്റപ്പുലികളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'പ്രൊജക്റ്റ് ചീറ്റ' എന്ന പദ്ധതിപ്രകാരം 2023 ഫെബ്രുവരിയിൽ 12 ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേയ്‌ക്ക് എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഈ പദ്ധതി രൂപംകൊണ്ടത്.
രാജ്യത്തിൻ്റെ വന്യജീവി സംരക്ഷണത്തെയും ചീറ്റപ്പുലികളുടെ പുനരുജ്ജീവനത്തെയും ലക്ഷ്യമിട്ടുകൊണ്ട് 2022 സെപ്‌റ്റംബർ 17 ന് ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ഇൻ്റർകോണ്ടിനെൻ്റൽ ട്രാൻസ്‌ലൊക്കേഷൻ പദ്ധതിയാണ് 'പ്രൊജക്റ്റ് ചീറ്റ'. 1952 ന് ശേഷം രാജ്യത്ത് ഏറ്റവുമധികം വംശനാശഭീഷണി നേരിട്ടുകൊണ്ടിരുന്ന ചീറ്റപ്പുലി ഇനമായിരുന്നു ഇവ. എന്നാൽ 'പ്രൊജക്റ്റ് ചീറ്റ' പദ്ധതിയോടെ ദക്ഷിണാഫ്രിക്കൻ ചീറ്റയെ പുനരുജ്ജീവിപ്പിച്ച് ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവരിക എന്ന ലക്ഷ്യം വിജയിക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR