‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷ’നു വിമൻസിൽ ഇന്നു തുടക്കം;ആറുദിവസത്തെ പ്രദർശനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
Thiruvananthapuram, 18 ഫെബ്രുവരി (H.S.) ഒരു നൂറ്റാണ്ടുകൊണ്ടു ജീവിതത്തെയും പ്രപഞ്ചവിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയൻസിന്റെ വിസ്മയലോകം തുറക്കുന്ന ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്’ ഗവ. വിമൻസ് കോളെജിൽ ഇന്നു തുടക്കമാകും. ഫെബ്രുവരി 24 വരെ തുടരു
AIDED SCHOOL RESERVATION POLICY


Thiruvananthapuram, 18 ഫെബ്രുവരി (H.S.)

ഒരു നൂറ്റാണ്ടുകൊണ്ടു ജീവിതത്തെയും പ്രപഞ്ചവിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയൻസിന്റെ വിസ്മയലോകം തുറക്കുന്ന ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്’ ഗവ. വിമൻസ് കോളെജിൽ ഇന്നു തുടക്കമാകും. ഫെബ്രുവരി 24 വരെ തുടരുന്ന പ്രദർശനം രാവിലെ 10 30-നു പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രദർശനം ഉദ്ഘാടനം ചെയ്യും. ക്വാണ്ടം സെഞ്ചുറി എക്സിബിഷനു പുറമെ കോളെജിലെ വിവിധ വകുപ്പുകൾ ഒരുക്കുന്ന എക്സിബിഷനുകളും വിവിധ ശാസ്ത്രഗവേഷണസ്ഥാപനങ്ങളുടെ സ്റ്റോളുകളും പ്രദർശനത്തിലുണ്ട്.

ഉദ്ഘാടനസമ്മേളനത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി കെ മീരാബായി അദ്ധ്യക്ഷയാകും. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ. ഷൈജു റിപ്പോർട്ട് അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം. സി. ദത്തൻ, വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, വിമൻസ് കോളെജ് പ്രിൻസിപ്പൽ ഡോ. വി. ഉമാജ്യോതി തുടങ്ങിയവർ ui സംബന്ധിക്കും.

ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 2025 ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ലോകമെമ്പാടും ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ സയൻസ് പോർട്ടൽ ലൂക്കയും ഒരു വർഷമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്. അവയിൽ ഏറ്റവും പ്രധാനപരിപാടിയാണ് ക്വാണ്ടം എക്സിബിഷൻ. കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്ര(സയൻസ് ഇൻ സൊസൈറ്റി C-SiS)വുമായി ചേർന്നാണു പ്രദർശനം ഒരുക്കിയിട്ടുള്ളത്.

ഭാവിയുടെ സയൻസെന്നു വിശേഷിപ്പിക്കുന്ന ക്വാണ്ടം സയൻസും സാങ്കേതികവിദ്യകളും വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും മനസിലാകുമാറ് ലളിതമായാണ് എക്സിബിഷനിൽ അവതരിപ്പിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാലയിൽ 2025 നവംബർ 7-ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത പ്രദർശനം വിവിധ ജില്ലകളിലെ പര്യടനം കഴിഞ്ഞാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇതിനകം പത്തു കേന്ദ്രങ്ങളിലായി 65,000-ലധികം ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളെജ്, ഗവേഷണ വിദ്യാർത്ഥികളും അദ്ധ്യാപകരും ബഹുജനങ്ങളും പ്രദർശനം കണ്ടു. എക്സിബിഷൻ കാണാൻ www.q.luca.co.in-ൽ രജിസ്റ്റർ ചെയ്യണം. വ്യക്തികൾക്കും 10-ൽ താഴെയുള്ള സംഘങ്ങൾക്കും സ്പോട് രജിസ്ട്രേഷനു സൗകര്യം ഒരുക്കും.

സൂക്ഷ്മലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനും അതുവഴി പല പ്രപഞ്ചരഹസ്യങ്ങളുടെയും ചുരുൾ അഴിക്കാനും വഴിതുറന്നത് ക്വാണ്ടം സയൻസാണ്. ലോകത്തെ പരിഷ്ക്കരിച്ച ട്രാൻസിസ്റ്ററും ലേസറും മുതൽ ക്വാണ്ടം കമ്പ്യൂട്ടർ വരെയുള്ള ധാരാളം സാങ്കേതികവിദ്യകൾക്കു പിന്നിലും ക്വാണ്ടം സയൻസാണുള്ളത്. എൽഇഡിയും സ്മാർട്ട് ഫോൺ മുതൽ എംആർഐ, പിഇറ്റി സ്കാനുകൾ വരെ ക്വാണ്ടം സയൻസ് പലതരത്തിൽ നമ്മുടെ ജീവിതം മെച്ചമാക്കുന്നു. ജീവലോകത്തും ക്വാണ്ടം മെക്കാനിക്സിന്റെ വിവിധ പ്രവർത്തനങ്ങൾ ഇന്നു വെളിപ്പെട്ടുവരുന്നു. ഇക്കഴിഞ്ഞ നൊബേൽ സമ്മാനങ്ങളിൽ പലതും ക്വാണ്ടം സൗൗൻസുമായി ബന്ധപ്പെട്ടവ ആയിരുന്നു എന്നതും വർദ്ധിച്ചുവരുന്ന ഈ പ്രാധാന്യത്തിന്റെ വിളംബരമാണ്.

ഹൈസ്കൂൾ മുതൽ പഠിക്കുന്ന പീരിയോഡിക് ടേബിൾ, ആറ്റംഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്റ്റിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി അറിവു വിതറും. ഹൈസ്കൂൾവിദ്യാർത്ഥികൾക്കും സാധാരണക്കാർക്കുമെല്ലാം മനസിലാകുംവിധം ലളിതമായാണ് എല്ലാം അവതരിപ്പിക്കുന്നത്.

പീരിയോഡിക് ടേബിളിലെ ഒട്ടുമിക്ക മൂലകങ്ങളെയും സി. വി. രാമൻ കണ്ടെത്തിയ ‘രാമൻ പ്രഭാവ’വും ഉൾപ്പെടെ കാണാത്ത പലതും നേരിൽ കാണാം. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയ ആധുനികസങ്കേതങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണു പ്രദർശനം. പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, പാനലുകൾ, മത്സരങ്ങൾ ഒക്കെയുണ്ട്. ക്വാണ്ടം സയൻസിന്റെ ഉത്പത്തിവികാസങ്ങൾ, വിവിധ ക്വാണ്ടം സിദ്ധാന്തങ്ങൾ, ക്വാണ്ടം പ്രതിഭാസങ്ങൾ എന്നിവയെല്ലാം ലളിതമായി പരിചയപ്പെടുത്തും.

ടി. കെ. രാധ, ബിബ ചൌധരി തുടങ്ങിയ ഇന്ത്യൻ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ആർട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശില്പങ്ങൾ, ക്വാണ്ടം സയൻസിലെ ഇന്ത്യൻ സംഭാവനകൾ പരിചയപ്പെടുത്തുന്ന യദുനാഥ് ആർ.-ന്റെ പ്രത്യേക പെയിന്റിങ് പരമ്പര, ജസ്റ്റിൻ ജോസഫ് ഒരുക്കുന്ന ഐൻസ്റ്റൈനും മേരിക്യൂറിയും, തുടങ്ങിയ കലാസൃഷ്ടികളും പ്രദർശനത്തിന്റെ ഭാഗമാണ്. വിഖ്യാതശാസ്ത്രജ്ഞനായ ഷ്രോഡിംഗറുടെ ചിന്താപരീക്ഷണത്തിലെ പൂച്ചയാണു താരം. എല്ലാം മനോഹരമായ രൂപകല്പനയിൽ. കാര്യങ്ങൾ വിശദീകരിക്കാൻ പരിശീലനം നല്കിയ സയൻസ് കമ്മ്യൂണിക്കേറ്റർമാരും ഉണ്ട്.

പ്രദർശനദിവസങ്ങളിൾ വിമൻസ് കോളെജിൽ ശാസ്ത്രപ്രഭാഷണങ്ങളും ചർച്ചകളും മറ്റ് അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. (വിശദവിവരം ചുവടെ). എക്സിബിഷനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിലെ വിവിധ സ്കൂളുകളിലും കോളെജുകളിലും ക്വാണ്ടം ടോക്കുകളും ശാസ്ത്രപരീക്ഷണങ്ങളും തെരുവുകളിൽ ശാസ്ത്രപ്രഭാഷണങ്ങളും ശാസ്ത്രചിത്രരചനയും അടക്കമുള്ള പ്രചാരണപരിപാടികളും സംഘടിപ്പിച്ചിരുന്നു.

ക്വാണ്ടം സെഞ്ചുറി എക്സിബിഷന്റെ സംസ്ഥാനസമാപനമാണു തിരുവനന്തപുരത്തു നടക്കുന്നത്. സമാപനസമ്മേളനം 24-നു വൈകിട്ട് 3-ന് സംഘാടകസമിതി ചെയർപേഴ്സൺ കൂടിയായ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ധനമന്ത്രി കെ. എൻ. ബാലഗോപാലൽ ഉദ്ഘാടനം ചെയ്യും. ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ സമാപന പ്രഖ്യാപനം നടത്തും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എ. സാബു ആശംസ അർപ്പിക്കും.

പത്രസമ്മേളനത്തിൽ വിമൻസ് കോളെജ് പ്രിൻസിപ്പൽ ഡോ. ഉമാ ജ്യോതി, സംഘാടകസമിതി ജനറൻ കൺവീനർ ബി. രമേഷ്, ലൂക്ക പത്രാധിപസമിതിയംഗം മഹാരാജാസ് കോളെജ് മുൻ പ്രിൻസിപ്പൽ ഡോ. എൻ. ഷാജി, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ സയൻസ് ഇൻസൊസൈറ്റി സെൻ്റർ (C SiS) ഡയറക്ടർ ഡോ. ഷൈജു, ഡിബിറ്റി സ്റ്റാർ പദ്ധതിയുടെ വിമൻസ് കോളെജിലെ കോർഡിനേറ്റർ ഡോ. സജി അലക്സ്, അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ. എസ്. ബിജു, പരിഷത്ത് ജില്ലാപ്രസിഡൻ്റ് ബി. നാഗപ്പൻ എന്നിവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News