Enter your Email Address to subscribe to our newsletters

Kasaragod, 18 ഫെബ്രുവരി (H.S.)
വിദ്വേഷത്തിൻ്റെ മതിലുകൾ ഉയരുന്ന കാലത്ത്, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മനോഹരമായ ഒരു ചിത്രം വരച്ചു കാട്ടുകയാണ് കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഗ്രാമം. ഇവിടെ പള്ളിയിൽ നിന്നും അസർ ബാങ്ക് മുഴങ്ങുമ്പോൾ, ആ വിശുദ്ധ നാദം കാതോർത്ത് കണ്ണടച്ച് പള്ളിമുറ്റത്ത് നിൽക്കുന്ന വിഷ്ണുമൂർത്തി തെയ്യം മാനവികതയുടെ പുതിയൊരു സന്ദേശമാവുകയാണ്.
തേജസ്വിനിക്കരയോട് ചേർന്ന് നിൽക്കുന്ന പെരുമ്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിലെ ഏറ്റവും സവിശേഷമായ ചടങ്ങാണ് വിഷ്ണുമൂർത്തി തെയ്യത്തിൻ്റെ ജുമാ മസ്ജിദ് സന്ദർശനം. മുഖത്തെഴുതി അണിഞ്ഞൊരുങ്ങി വിഷ്ണുമൂർത്തി തെയ്യം
ക്ഷേത്രമുറ്റത്ത് ചെണ്ടയുടെ മുറുകുന്ന താളത്തിനൊപ്പം ഉറഞ്ഞാടും. പള്ളിയറക്ക് മുന്നിൽ തൊഴുത് വണങ്ങിയ ശേഷം താലപ്പൊലിയും വർണക്കുടകളുമേന്തിയ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലൂടെ വാല്യക്കാരുടെ ആർപ്പുവിളികളോടെ ജുമാ മസ്ജിദിലേക്ക് യാത്ര തിരിക്കും. പോകുന്ന വഴികളിൽ എല്ലാം ജനങ്ങൾ തടിച്ചു കൂടി ആദരമര്‍പ്പിക്കും.
മസ്ജിദിൻ്റെ പടവുകൾ ചവിട്ടിക്കയറുന്ന വിഷ്ണു മൂർത്തിയെ മസ്ജിദ് ഭാരവാഹികൾ ആദരവോടെ സ്വീകരിക്കുന്നു. കാൽകഴുകി, അരിയിട്ട്, പണം ചാർത്തി അവർ തെയ്യത്തെ വണങ്ങുമ്പോൾ പകരം ചെത്തിയൊരുക്കിയ ഇളനീർ നൽകി തെയ്യം അവരെ അനുഗ്രഹിക്കുന്നു. ബാങ്ക് വിളിക്കും നിസ്കാരത്തിനും തടസ്സമുണ്ടാവില്ലെന്ന് ഉറപ്പുവാങ്ങി, മൂവാണ്ട് കഴിഞ്ഞ് വീണ്ടും കാണാം എന്ന് അരുൾ ചെയ്താണ് തെയ്യം മടങ്ങുന്നത്.
ശംഖൊലിയും ബാങ്ക് വിളിയും ഒന്നിച്ചൊഴുകുന്ന മണ്ണ്
നൂറു മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിക്കും അമ്പലത്തിനും നാനൂറിലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വാസം. വർഷങ്ങൾക്ക് മുമ്പ് തന്നെ മത ഭേദചിന്തകളില്ലാതെ മഖാമിലെ ആണ്ട് നേർച്ചയും ഉത്സവവുമെല്ലാം നാടൊരുമിച്ചാണ് നടത്തിയിരുന്നത്. പണ്ട് നാടിന് അരുതായ്മകൾ സംഭവിച്ചപ്പോൾ നടത്തിയ പ്രശ്നചിന്തയിൽ, സന്ധ്യാ പൂജയ്ക്ക് ഉയരുന്ന ശംഖൊലിക്കൊപ്പം ബാങ്ക് വിളിയും കേട്ടാലേ ഭഗവതി പ്രസാദിക്കൂ എന്ന വിധി ഉണ്ടായതാണ് ഈ മൈത്രിയുടെ അടിസ്ഥാനമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
അങ്ങനെയാണ് നൂറു മീറ്ററിനുള്ളിൽ ഈ പള്ളിയും അമ്പലവും വരുന്നത്. അന്ന് തുടങ്ങിയതാണ് മൈത്രിയുടെ കഥ.ടിപ്പുസുൽത്താൻ്റെ പടയോട്ടത്തോടെ ക്ഷേത്രത്തിൻ്റെ പ്രതാപം മങ്ങിയെങ്കിലും പിന്നീട് പുതുക്കി പണിതു.
ക്ഷേത്രം പുതുക്കി പണിയുന്ന സമയത്ത് ഏറ്റവും കൂടുതൽ താല്‍പര്യം പ്രകടിപ്പിച്ചത് ഈ പ്രദേശത്തെ മുസ്ലിം സഹോദരർ ആണെന്ന് ക്ഷേത്രം ഭാരവാഹി രമേശൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. അവരുമായി കൂടി ആലോചിച്ചാണ് സംഘാടക സമിതി ഉണ്ടാക്കിയത്. ആ സംഘാടക സമിതിയുടെ ചെയർമാനും ട്രഷററും മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു. പുറമെ നിന്ന് നോക്കുന്നവർക് പുതുമ തോന്നുമെങ്കിലും ഇവിടെ ജീവിക്കുന്നവർക്ക് ഇതൊരു പുതുമയല്ല. കാരണം ഏതു ചടങ്ങിലും എല്ലാ മതക്കാരും പങ്കെടുക്കും.ഏതു മതത്തിൽ പെട്ട ആളുകൾക്കും ക്ഷേത്രത്തിലേക്ക് വരാം എന്നും രമേശൻ പറഞ്ഞു.ഉറൂസും ഉത്സവവും
വർഷങ്ങൾക്ക് മുമ്പ് തന്നെ മത ഭേദചിന്തകളില്ലാതെ മഖാമിലെ ആണ്ട് നേർച്ചയും ഉത്സവവുമെല്ലാം നാടൊരുമിച്ചാണ് നടത്തിയിരുന്നത്. ഇതിനിടെ ക്ഷേത്രം കാലപ്പഴക്കത്താൽ നശിച്ചു പോയി. ഒന്നര പതിറ്റാണ്ട് മുമ്പ് ക്ഷേത്രം പുനരുദ്ധാരണം നടത്തി മുടങ്ങിപ്പോയ ആചാരം വീണ്ടും തുടങ്ങുകയായിരുന്നു.
ക്ഷേത്രോത്സവത്തിന് ഭക്ഷണ വിതരണത്തിനുള്ള അരിയും വിഭവങ്ങളും മസ്ജിദിൽ നിന്നെത്തിക്കുമ്പോൾ മഖാം ഉറൂസിനുള്ള വിഭവങ്ങൾ ക്ഷേത്രത്തിൽ നിന്ന് നൽകും. മതസൗഹാര്‍ദത്തിന് വെല്ലുവിളി നേരിടുന്ന ഈ കാലത്ത് സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതാണ് ഈ ചടങ്ങെന്നും ഇത് വലിയൊരു സന്ദേശം ആണ് നല്‍കുന്നതെന്നും ജുമാ മസ്ജിദ് ഭാരവാഹി അഷറഫ് പറഞ്ഞു.
ഇവിടെ പരസ്പരം ചേർന്ന് നിൽക്കുന്ന മനുഷ്യർ സാഹോദര്യ ജീവിതത്തിലൂടെ മാനവികതയുടെ അതിരുകളില്ലാത്ത ലോകം തീർക്കുകയാണ്. സമുദ്ര നിരപ്പിൽനിന്ന് 1500 അടി ഉയരത്തിലുള്ള ചിറ്റാരിക്കാൽ പെരുമ്പട്ട ഗ്രാമത്തിലെ ഈ ഉത്സവത്തിന് നിരവധി പേരാണ് എത്താറുള്ളത്.
മഖാം വണങ്ങി, മൂവാണ്ട് കഴിഞ്ഞ് വീണ്ടും കാണാമെന്ന് അരുൾ ചെയ്ത് അനുഗ്രഹം ചൊരിഞ്ഞ് വിഷ്ണുമൂർത്തി തെയ്യം മടങ്ങുമ്പോൾ പള്ളിയും പള്ളിയറയും തമ്മിൽ വേർതിരിവുകളില്ലെന്ന വലിയ സന്ദേശമാണ് നല്‍കുന്നത്. പെരുമ്പട്ടയിലെ ഓരോ കളിയാട്ടവും ബാക്കി വയ്ക്കുന്നതാകട്ടെ ഭേദചിന്തകളില്ലാത്ത ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശയും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR