Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഫെബ്രുവരി (H.S.)
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം രൂപീകരിച്ച സൈബർ ടീമിലെ അഭിപ്രായ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെവി സുധാകരൻ, കെ മോഹൻദാസ്, ഇഎസ് സുഭാഷ് എന്നിവരാണ് എംവി നികേഷ് കുമാറിൻ്റെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് വിട്ടുനിൽക്കുന്നത്. പാർട്ടിയുടെ സൈബർ ഇടപെടലുകൾ പാളുന്നുവെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നതിനിടെയാണ് ഈ പിന്മാറ്റം.
ദേശാഭിമാനിയിൽ ദീർഘകാലം ന്യൂസ് എഡിറ്റർമാരായി പ്രവർത്തിച്ചവരും മുതിർന്ന മാധ്യമ പ്രവർത്തകരുമാണ് സൈബർ ടീമിൽ നിന്നും ഇപ്പോൾ ഔദ്യോഗികമായി മാറിനിൽക്കുന്നത്. ഇതിൽ കെവി സുധാകരൻ മുൻപ് വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പ്രസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എകെജി സെൻ്റർ കേന്ദ്രീകരിച്ചായിരുന്നു സൈബർ ടീമിൻ്റെ പ്രവർത്തനം.
ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധം ടീമിന് നേതൃത്വം നൽകുന്ന എംവി നികേഷ് കുമാറിൻ്റെ പ്രവർത്തന ശൈലിയോടുള്ള വിയോജിപ്പാണ് ഇവരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. സൈബർ ടീമിൻ്റെ യോഗങ്ങളിൽ തങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ എംവി നികേഷ് കുമാർ പൂർണമായും അവഗണിക്കുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി.
തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയോ നടപ്പിലാക്കാൻ ശ്രമിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ടീമിൽ തുടരുന്നതിൽ അർഥമില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. യുവനിരയിലെ പല അംഗങ്ങൾക്കും സമാനമായ അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുമെന്ന ഭയത്താൽ മാത്രമാണ് അവർ നിലവിൽ തുടരുന്നത്.
പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് അതൃപ്തി പാർട്ടിയുടെ നിലവിലെ സോഷ്യൽ മീഡിയ ഇടപെടലുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചുള്ള പ്രതികരണങ്ങൾ സൈബർ ഇടങ്ങളിൽ ഉണ്ടാകുന്നില്ലെന്നാണ് പ്രധാന വിമർശനം.
ഒരു കാലത്തും പാർട്ടിയുടെ സൈബർ ഇടപെടലുകൾ ഇത്രകണ്ട് പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കും സൈബർ ഇടപെടലുകളുടെ കാര്യക്ഷമതക്കുറവിൽ അതൃപ്തിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ സൈബർ ടീമിൻ്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്ന ആരോപണം സിപിഎമ്മിനുള്ളിൽ നേരത്തെ തന്നെ ഉയർന്നിരുന്നു.
പ്രതിരോധം പാളുന്നു ശബരിമല സ്വർണക്കൊള്ളയും ഭരണ വിരുദ്ധ വികാരവും പ്രതിരോധിക്കാൻ സൈബർ ടീമിന് കഴിഞ്ഞില്ലെന്നും പാർട്ടി യോഗങ്ങളിൽ വിമർശനമുണ്ടായി. എൽഡിഎഫ് നടത്തിയ മേഖലാ ജാഥകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ സൈബർ ടീം പരാജയപ്പെട്ടെന്ന ആരോപണവും ശക്തമാണ്. ഇതേത്തുടർന്ന് സൈബർ ടീമിൻ്റെ പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്താൻ പാർട്ടി തീരുമാനിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ടീമിലെ മുതിർന്ന മാധ്യമ പ്രവർത്തകർ തങ്ങളുടെ അതൃപ്തി പങ്കുവച്ചിരുന്നു. മറ്റു രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയ വഴി വലിയ രീതിയിലുള്ള പ്രചാരണങ്ങൾ അഴിച്ചുവിടുമ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സിപിഎം സൈബർ വിങ്ങിന് സാധിക്കുന്നില്ല. സാധാരണക്കാരായ പാർട്ടി അനുഭാവികൾക്ക് പോലും കൃത്യമായ കണ്ടൻ്റുകൾ ലഭ്യമാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
നേതൃത്വത്തിൻ്റെ സംരക്ഷണം കണ്ണൂരിൽ നിന്നും എംവി നികേഷ് കുമാറിനെ എകെജി സെൻ്ററിലേക്ക് കൊണ്ടുവന്നതും സൈബർ വിങ്ങിൻ്റെ ചുമതലയേൽപ്പിച്ചതും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ താത്പര്യപ്രകാരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പല ഘട്ടങ്ങളിൽ പരാതികൾ ഉയർന്നിട്ടും നികേഷ് കുമാറിന് പാർട്ടിക്കുള്ളിൽ സംരക്ഷണം നൽകുന്നത് എംവി ഗോവിന്ദനാണെന്ന വിമർശനം പാർട്ടി നേതൃതലങ്ങളിൽ തന്നെയുണ്ട്.
പുതിയ പ്രചാരണ രീതികൾ ഇതിനിടയിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവി ചർച്ചകളുടെ മാതൃകയിൽ സംവാദങ്ങൾ സംഘടിപ്പിക്കാൻ സൈബർ ടീം തീരുമാനിച്ചിട്ടുണ്ട്. പഴയ എകെജി സെൻ്ററിൽ ഇത്തരം സംവാദങ്ങൾ സംഘടിപ്പിച്ച് പ്രചരിപ്പിക്കാനാണ് തീരുമാനം. നികേഷ് കുമാറായിരിക്കും ചർച്ചകൾ നയിക്കുക. ടിവിയിൽ വരുന്ന സംവാദത്തിൻ്റെ മാതൃകയിൽ ഓരോ വിഷയത്തിലും അതിഥികളെ ക്ഷണിച്ച് സംവാദം സംഘടിപ്പിച്ച് പാർട്ടി സാമൂഹിക മാധ്യമ വിഭാഗത്തിൻ്റെ വിവിധ ഘടകങ്ങൾക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR