Enter your Email Address to subscribe to our newsletters

Kozhikode, 19 ഫെബ്രുവരി (H.S.)
തിരുവമ്പാടിയിലെ പുന്നക്കൽ ഭാഗത്തെ നിരവധി കർഷകരുടെ തേനീച്ച കൂടുകൾ മോഷണം പോയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തേനീച്ച കർഷകർക്ക് വലിയ സാമ്പത്തിക നഷ്‌ടം വരുത്തിവയ്‌ക്കുന്ന രീതിയിലാണ് മോഷണം തുടർക്കഥയാവുന്നത്. കഴിഞ്ഞ 15 വർഷത്തിലേറെയായി തേനീച്ച കൃഷി ചെയ്യുന്ന തിരുവമ്പാടിയിലെ മികച്ച തേനീച്ച കർഷകനായ അറക്കൽ വീട്ടിൽ ജസ്റ്റിനാണ് ഏറ്റവും കൂടുതൽ തേനീച്ച കൂടുകൾ നഷ്‌ടമായത്. ജസ്റ്റിൻ്റെ മാത്രം നൂറിലേറെ തേനീച്ചക്കൂടുകൾ മോഷണം പോയിട്ടുണ്ട്.
ഏതാനും ആഴ്‌ചകൾക്ക് ശേഷം വിളവെടുക്കാനിരിക്കേയാണ് മോഷണം. തേനീച്ച കൃഷിയെ കുറിച്ച് കൃത്യമായി അറിവുള്ള ആളുകളാണ് മോഷണം നടത്തിയത് എന്നാണ് കർഷകരുടെ നിഗമനം. ഓരോ പറമ്പിലും കയർ കെട്ടി സുരക്ഷിതമായാണ് തേനീച്ച കൂടുകൾ കടത്തുന്നതെന്നും ജസ്റ്റിൻ പറയുന്നു. ഈ മേഖലയിൽ വൈദഗ്‌ധ്യം ഇല്ലാത്ത ആളാണെങ്കിൽ കൂടുകൾ നശിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതീവ ജാഗ്രതയോടെയാണ് കൂടുകൾ കടത്തുന്നതെന്നും കർഷകൻ പറയുന്നു.
തേനീച്ച കൂടുകൾ കൊണ്ടുപോയ രീതി അനുസരിച്ച് ഇക്കാര്യം വ്യക്തമാകുന്നുണ്ടെന്നും കർഷകർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൃത്യമായ അറിവ് ഇല്ലാത്തവർ ആണെങ്കിൽ മോഷ്‌ടിക്കുന്ന സമയത്ത് സാധാരണ കൂട്ടിലെ തേനില്ലാത്ത അടകളും മറ്റും നശിപ്പിക്കുന്ന രീതിയുണ്ട്. എന്നാൽ പുന്നക്കൽ ഭാഗങ്ങളിൽ നടന്ന തേനീച്ചക്കൂട് മോഷണങ്ങളിലൊന്നും ഇത് കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ നടന്ന മോഷണം തേൻ ശേഖരിക്കുകയെന്ന ഉദ്ദേശത്തിൽ മാത്രമല്ലെന്നും ഇത് തേനീച്ച കൃഷിയുമായി ബന്ധമുള്ള ആരോ ചെയ്‌തതാണെന്നും കർഷകർ ആരോപിക്കുന്നു.
തേനീച്ച കൂടുകൾ നഷ്‌ടമായതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് മിക്ക കർഷകർക്കും ഉണ്ടായത്. ബാങ്കുകളിൽ നിന്നും മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ലോണെടുത്തും മറ്റുമാണ് മിക്ക കർഷകരും തേനീച്ച കൃഷി ഇറക്കിയത്. അവരെല്ലാം വലിയ കടക്കണിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. അതുകൊണ്ടുതന്നെ രാപ്പകൽ കൃത്യമായി പരിചരിച്ച് വളർത്തിയെടുത്ത തേനീച്ച കൂടുകൾ മോഷണം നടത്തിയവരെ എത്രയും പെട്ടെന്ന് കണ്ടെത്തണം എന്നാണ് പുന്നക്കലെ തേനീച്ച കർഷകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവമ്പാടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് തേനീച്ച കൂടുകൾ മോഷണം നടത്തിയവരെ കണ്ടെത്താൻ ആവശ്യമായ ഊർജിതമായ അന്വേഷണം തിരുവമ്പാടി പൊലീസിൻ്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR