Enter your Email Address to subscribe to our newsletters

Ernakulam, 19 ഫെബ്രുവരി (H.S.)
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലൻസും കോടതിയെ അറിയിക്കും.
30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളത്. കൊടിമര നിർമാണത്തിന് ഉപയോഗിച്ച സ്വർണത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സ്വർണപ്പാളികളുടെ കാലപ്പഴക്കം ശാസ്ത്രീയമായി നിർണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ എസ്‌ഐടിക്ക് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരണത്തിൽ ആചാരലംഘനം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ക്ഷേത്രം തന്ത്രി ഹൈക്കോടതിയിൽ കത്ത് നൽകിയിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും.
പത്മകുമാറിൻ്റെ ജാമ്യഹർജിശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൻ്റെ ഭാഗമായ കട്ടളപ്പാളി മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേൾക്കും.
ഈ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി പ്രതിയായതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരേണ്ടി വരും. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്.
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവർ ഇന്നലെ ജാമ്യം ലഭിച്ച് ജയിൽ മോചിതനായിരുന്നു. തന്ത്രിയുടെ ജാമ്യ ഉത്തരവിലെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് പുറത്തുവരും. കൂടാതെ കേസിലെ മറ്റൊരു പ്രതിയും മുൻ ദേവസ്വം ബോർഡ് അംഗവുമായ കെ പി ശങ്കർദാസിൻ്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23ന് കോടതി പരിഗണിക്കും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കർദാസ് ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR