ഞാന്‍ നിഷേധിച്ചു മടുത്തു; ഇനി എനിക്ക് ആരോഗ്യമില്ല; നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ ജോസ് കെ മാണി
Kottayam, 19 ഫെബ്രുവരി (H.S.) കേരളത്തില്‍ തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം പാലായില്‍ സജീവമായി കേള്‍ക്കുന്ന പേരാണ് നിഷ ജോസ് കെ മാണിയുടേത്. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ഭാര്യ എന്നതിലുപരിയായി അണികള്‍ക്കിടയില്‍ നല്ല സ്വ
Jose K Mani


Kottayam, 19 ഫെബ്രുവരി (H.S.)

കേരളത്തില്‍ തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം പാലായില്‍ സജീവമായി കേള്‍ക്കുന്ന പേരാണ് നിഷ ജോസ് കെ മാണിയുടേത്.

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ഭാര്യ എന്നതിലുപരിയായി അണികള്‍ക്കിടയില്‍ നല്ല സ്വാധീനവും നിഷയ്ക്കുണ്ട്. ഉടനെ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ നിഷയുടെ പേരും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു കേട്ടിരുന്നു. സ്ഥാനാര്‍ത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിന്‍ നിഷയെ പിന്തുണച്ചതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.

നിഷ പാലായില്‍ മത്സരിക്കുന്നതിനോട് എന്തിനാണ് എതിര്‍പ്പെന്നും പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ട ആളല്ല നിഷയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. നിഷ ജോസ് കെ മാണി പാര്‍ട്ടിയുടെ നേതൃ പദവിയില്‍ എത്തുന്നതില്‍ റോഷി അഗസ്റ്റിന് എതിര്‍പ്പുകളുണ്ടെന്ന മട്ടില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു ഇത് പാടെ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം നിഷ ജോസ് കെ മാണിയെ പിന്തുണച്ചത്.

ഇപ്പോഴിതാ നിഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച്‌ കൃത്യമായ പ്രതികരണം നടത്തിയിരിക്കുകയാണ് ജോസ് കെ മാണി. അദ്ദേഹത്തിന്റെ വാക്കുകള്‍: രാജ്യസഭാ ഇലക്ഷന്‍ വരുമ്പോള്‍ നിഷ മത്സരിക്കാന്‍ പോകുന്നുവെന്നു പറയും. അതുകഴിഞ്ഞ് നിയമസഭാ ഇലക്ഷന്‍ വരുമ്പോള്‍ നിയമസഭയില്‍ മത്സരിക്കാന്‍ പോകുന്നുവെന്നു പറയും, അതിനു ശേഷം പഞ്ചായത്ത് ഇലക്ഷന്‍ വന്നപ്പോള്‍ മുനിസിപ്പാലിറ്റിയില്‍ മത്സരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. ഇതൊരു രോഗത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു. ഞാന്‍ നിഷേധിച്ച്‌ നിഷേധിച്ചു മടുത്തു. ഇനി നിഷേധിക്കാന്‍ എനിക്ക് ആരോഗ്യമില്ല. ഇനി നിങ്ങള്‍ മാറ്റിപ്പിടിക്ക്. മനപ്പൂര്‍വ്വം പ്രചരിപ്പിക്കുന്നതാണെന്നാണ് തോന്നുന്നത്. അതേസമയം, തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു

പാലാ മണ്ഡലം തിരിച്ചുപിടിക്കാന്‍ നിഷാ ജോസ് കെ മാണിയെ കളത്തില്‍ ഇറക്കാന്‍ നീക്കം നടക്കുന്നുവെന്ന മട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജോസ് കെ മാണിയേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച്‌ സ്ത്രീ വോട്ടര്‍മാര്‍ക്ക് ഇടയില്‍ കൂടുതല്‍ സ്വാധീനമുണ്ടെന്നും ഇത് വോട്ടാക്കി മാറ്റാം എന്നുമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ കണക്കുകൂട്ടലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News