Enter your Email Address to subscribe to our newsletters

Ernakulam, 19 ഫെബ്രുവരി (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിവായതെന്നും വിശദീകരണം. കൊച്ചിയിൽ വിളിച്ചുച്ചേര്‍ത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
''വ്യക്തിപരമായ കാരണങ്ങളാണ് ഇത്തവണ മാറിനിൽക്കുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലം കോൺഗ്രസിന് നേരത്തേ ബാലികേറാ മലയായിരുന്നു. 1991ൽ ആണ് താൻ ആ സിറ്റ് ഇടതുപക്ഷത്തിൽ നിന്നും പിടിച്ചെടുത്തത്. തൃപ്പുണിത്തുറയിൽ ഒരു മികച്ച സ്ഥാനാർഥി കോൺഗ്രസിനുണ്ടാകും. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'' - കെ ബാബു പറഞ്ഞു.
മൂന്നാം എൻഡിഎഫ് ഭരണം അസാധ്യമാണ്. തൃപ്പൂണിത്തുറയിൽ ഇത്തവണയും എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബാറുകളുടെ സമയം കുറച്ചതും ലഭ്യത കുറച്ചതും തൻ്റെ കാലത്താണ്. ജനങ്ങളെ മദ്യത്തെ മുക്കിക്കൊല്ലാനാണ് ശ്രമം.
ഈ സർക്കാർ നയം മദ്യം എല്ലായിടത്തും ലഭ്യമാക്കുക എന്നതാണ്. കേരളത്തിൽ മയക്കുമരുന്ന് വ്യാപനം വർധിച്ചു. താൻ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് വിഴിഞ്ഞം തുറമുഖത്തിന് തുടക്കം കുറിച്ചത്. കണ്ണൂർ എയർപോർട്ട് കൊണ്ടുവരുന്നതിലും പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകും. സന്യസിക്കാൻ പോകാനല്ല ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തൃപ്പൂണിത്തുറയിൽ കെ ബാബു തന്നെ വീണ്ടും ജനവിധി തേടണമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും, നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു. സീറ്റിനായി നേതാക്കൾ വടംവലി നടത്തുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, ഉറപ്പായ സീറ്റ് വേണ്ടെന്നു വച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ പിന്മാറ്റം കോൺഗ്രസ് രാഷ്ട്രീയത്തിൽ സവിശേഷമായൊരു മാതൃകയായി മാറിയിരിക്കുകയാണ്.
സാധാരണക്കാരനിൽ നിന്നും മന്ത്രി പഥത്തിലേക്ക്
കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഒരാളാണ് കെ ബാബു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് അടിത്തട്ടിൽ നിന്നും വളർന്നുവന്ന നേതാവ്. അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാൻ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. 1991-ൽ സിപിഎമ്മിൻ്റെ കരുത്തനായ നേതാവ് എംഎം ലോറൻസിനെ തൃപ്പൂണിത്തുറയിൽ അട്ടിമറിച്ച് കൊണ്ടാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്.
പിന്നീട് 1996, 2001, 2006, 2011 വർഷങ്ങളിൽ തുടർച്ചയായി തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചു. 2011-ലെ രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ എക്സൈസ്, തുറമുഖം, ഫിഷറീസ് വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം മികച്ച പ്രവർത്തനം കാഴ്‌ചവച്ചു. എങ്കിലും, ബാർ കോഴ വിവാദത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രിയ ജീവിതത്തിൽ വലിയ വെല്ലുവിളികൾ സൃഷ്‌ടിച്ചു. 2016-ൽ എം സ്വരാജിനോട് പരാജയപ്പെട്ടെങ്കിലും, 2021-ൽ ശക്തമായ തിരിച്ചുവരവ് നടത്തി അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചു.
വിജയത്തിനെതിരെ സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടത്തിൽ വിജയിച്ചാണ് അദ്ദേഹം തൻ്റെ ജനപിന്തുണ തെളിയിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി തൃപ്പൂണിത്തുറയുടെ രാഷ്ട്രീയ മുഖമായിരുന്ന കെ ബാബുവിൻ്റെ പിന്മാറ്റം മണ്ഡലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഐഎൻടിയുസി നേതാവ്, ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരാൾ കൂടിയാണ് അദ്ദേഹം.
തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറുമെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. കെ ബാബുവിന് പകരം ആര് എന്ന ചോദ്യമാണ് ഇനി തൃപ്പൂണിത്തുറയിൽ കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഏറ്റവും ജനകീയ നേതാവായ കെ ബാബുവിന് തെരെഞ്ഞെടുപ്പ് രാഷ്ട്രീയം കൈകാര്യം ചെയ്യാൻ അസാമാന്യമായ പാടവമാണുണ്ടായിരുന്നത്. ഇതു തന്നെയാണ് ഇത്തവണയും തൃപ്പൂണിത്തുറയിൽ കെ ബാബു മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആഗ്രഹിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR