Enter your Email Address to subscribe to our newsletters

Ernakulam, 19 ഫെബ്രുവരി (H.S.)
കണ്ടല സർവീസ് സഹകരണ ബാങ്ക് അഴിമതിക്കേസിൽ മുൻ പ്രസിഡൻ്റ് എൻ ഭാസുരാംഗൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളിലാണ് ഹൈക്കോടതിയുടെ ഈ നിർണായക നടപടി ഉണ്ടായിരിക്കുന്നത്. കണ്ടല ബാങ്കിൽ നടന്ന ക്രമക്കേടുകൾ ശരിവയ്ക്കുന്നതാണ് കോടതിയുടെ ഉത്തരവ്.
സിപിഐമുൻ നേതാവ് കൂടിയായ എൻ ഭാസുരാംഗൻ്റെ നേതൃത്വത്തിൽ ബാങ്കിൽ 101 കോടി രൂപയുടെ വൻ ക്രമക്കേടാണ് നടന്നതെന്ന് കണക്കാക്കപ്പെടുന്നു. ക്രമരഹിതമായ നിരവധി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിൻ്റെ ഭാഗമായി മാറനല്ലൂർ പൊലീസ് ആദ്യം 63 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഈ കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഓരോ കേസുകളിലായി ഭാസുരാംഗൻ കോടതികളെ സമീപിച്ചുവരികയായിരുന്നു.
2023 നവംബറിൽ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഭാസുരാംഗനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ആ സമയത്തും ക്രൈംബ്രാഞ്ച് കേസുകളിൽ മുൻകൂർ ജാമ്യത്തിനായി അദ്ദേഹം ശ്രമം നടത്തിയിരുന്നു. ഇഡി കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തതിന് ശേഷം ഏകദേശം ഒരു വർഷത്തോളം ഭാസുരാംഗനും മകൻ അഖിൽജിത്തും ജയിലിലായിരുന്നു. നിലവിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇരുവരും പൊതുപ്രവർത്തന രംഗത്തേക്ക് സജീവമായി തിരിച്ചുവരാനുള്ള നീക്കങ്ങൾ നടത്തിവരികയായിരുന്നു. ഇതിൻ്റെ ഭാഗമായി കാട്ടാക്കട എംഎൽഎ ഐബി സതീഷിനെതിരെ വാർത്താസമ്മേളനം വിളിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഭാസുരാംഗൻ കടന്നിരുന്നു. എന്നാൽ ഇഡി കേസിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണവും കടുപ്പിച്ചതോടെയാണ് മുൻകൂർ ജാമ്യം തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ക്രമക്കേടുകൾ ഇങ്ങനെ
ഹൈക്കോടതിയുടെ ഈ വിധി കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ നിർണായകമായ വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. സഹകരണ മേഖലയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്ത ഈ തട്ടിപ്പിൽ, ഭാസുരാംഗനും ഭരണസമിതി അംഗങ്ങളും ചേർന്ന് കൃത്രിമ രേഖകൾ ചമച്ചും ഈടില്ലാതെ വായ്പകൾ നൽകിയും ബാങ്കിനെ തകർക്കുകയായിരുന്നുവെന്ന് സഹകരണ വകുപ്പിൻ്റെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. ജോയിൻ്റ് രജിസ്ട്രാർ നടത്തിയ വിശദമായ പരിശോധനയിലാണ് ബാങ്കിൻ്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി തെളിഞ്ഞത്. ഒരേ വസ്തുവിൻ്റെ ആധാരം ഉപയോഗിച്ച് പലതവണ വായ്പ എടുത്തതും ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ കോടിക്കണക്കിന് രൂപ വായ്പയായി തട്ടിയെടുത്തതും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഇഡി നടത്തിയ റെയ്ഡിലും ചോദ്യം ചെയ്യലിലും ലഭിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കൂടുതൽ കരുത്തുപകരുന്നതായിരുന്നു. 2023 നവംബറിൽ 35 മണിക്കൂറോളം നീണ്ട റെയ്ഡിനൊടുവിലായിരുന്നു ഇഡി ഭാസുരാംഗനെ അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് ഭാസുരാംഗനും കുടുംബവും ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും മകൻ അഖിൽജിത്തിൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി വലിയ തുക വകമാറ്റിയെന്നും ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പുറത്തിറങ്ങിയ ഭാസുരാംഗൻ, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്.
നിക്ഷേപകർ ദുരിതത്തിൽ
ബാങ്കിലെ നിക്ഷേപകർ അനുഭവിക്കുന്ന ദുരിതം ഇപ്പോഴും തുടരുകയാണ്. ചികിത്സയ്ക്കും മക്കളുടെ വിവാഹ ആവശ്യങ്ങൾക്കും പോലും പണം പിൻവലിക്കാൻ കഴിയാതെ നൂറുകണക്കിന് നിക്ഷേപകരാണ് ദുരിതത്തിലായിരിക്കുന്നത്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരികെ നൽകാൻ ബാങ്കിന് സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിധി നിക്ഷേപകർക്ക് ചെറിയൊരു ആശ്വാസമാകുന്നത്.
അറസ്റ്റിലേക്ക്
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന് ഇനി ഭാസുരാംഗനെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസങ്ങളില്ല. വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും. ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടിസ് നൽകുകയോ അല്ലെങ്കിൽ നേരിട്ട് കസ്റ്റഡിയിലെടുക്കുകയോ ചെയ്യാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഭാസുരാംഗനെ കൂടാതെ അന്നത്തെ ഭരണസമിതിയിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾക്കെതിരെയും നടപടി കടുപ്പിക്കാൻ സാധ്യതയുണ്ട്. വായ്പാ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരും. ഇഡി കേസിൽ ജാമ്യത്തിലിറങ്ങിയിട്ടും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന ക്രൈംബ്രാഞ്ചിൻ്റെ നിലപാട് കോടതി അംഗീകരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR