എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള എയ്ഡഡ് ടീച്ചേഴ്സ് കലക്ടീവ്
Kozhikode, 19 ഫെബ്രുവരി (H.S.) എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള എയ്ഡഡ് ടീച്ചേഴ്സ് കലക്ടീവ് (കെഎടിസി). സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി സം
AIDED SCHOOL DISABILITY QUOTA


Kozhikode, 19 ഫെബ്രുവരി (H.S.)

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള എയ്ഡഡ് ടീച്ചേഴ്സ് കലക്ടീവ് (കെഎടിസി). സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റിവച്ച് ബാക്കിയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാനുള്ള നീക്കത്തെയാണ് സംഘടന അനുകൂലിക്കുന്നത്.

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അനുകൂല വിധി സംസ്ഥാനത്തെ എല്ലാ എയ്ഡഡ് മാനേജ്‌മെൻ്റുകൾക്കും ബാധകമാക്കിക്കൊണ്ടാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവയ്ക്കേണ്ട തസ്തികകൾ ഒഴിച്ചിട്ടുകൊണ്ട് 2021 മുതൽ നടത്തിയ മറ്റ് അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നായിരുന്നു എൻഎസ്എസ് പ്രധാനമായും കോടതിയിൽ ആവശ്യപ്പെട്ടത്.

ഈ ആവശ്യം പരിഗണിച്ച കോടതി, ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകൾ മാറ്റിവച്ച് മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകാനും ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാനും നിർദേശിച്ചു. ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവച്ചിട്ടുള്ള തസ്തികകളിലെ നിയമനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കോടതിയുടെ കർശന നിർദേശമുണ്ട്.

മാനേജ്‌മെൻ്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം നടത്തുമ്പോൾ നാല് ശതമാനം ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നത് ആ വിഭാഗത്തിന് വലിയ ആശ്വാസമാകുമെന്ന് കെഎടിസി സംസ്ഥാന പ്രസിഡൻ്റ് ബിൻസിൻ ഏക്കാട്ടൂർ ഇടിവി ഭാരതിനോട് പ്രതികരിച്ചു. 2021 മുതൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജനറൽ കാറ്റഗറിയിലെ അധ്യാപകർക്കും ഇത് ആശ്വാസം പകരും.

സംവരണ സീറ്റുകൾ ഒഴിച്ചിട്ട് ജനറൽ സീറ്റിലെ നിയമനങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന എൻഎസ്എസിൻ്റെ വാദം അംഗീകരിക്കപ്പെട്ടതോടെ പൂർവകാല പ്രാബല്യത്തോടെ അധ്യാപകർക്ക് ശമ്പളം നൽകാൻ സർക്കാർ നിർബന്ധിതരാകും. നിലവിലെ സാഹചര്യത്തിൽ ഇത് ശമ്പളമായി ലഭിച്ചില്ലെങ്കിൽ പോലും പിഎഫ് ആയും അധ്യാപകർക്ക് ലഭ്യമാകും. സർക്കാരിൻ്റെ ഈ ഉത്തരവ് നിലവിൽ അധ്യാപകർക്ക് ഗുണകരമാണെങ്കിലും ഇതിൻ്റെ സാമ്പത്തിക ബാധ്യത വരും സർക്കാരിനാകും ഉണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സംസ്ഥാനത്ത് ശക്തമായ ഇടപെടലുകൾ നടത്തിയ സംഘടനയാണ് കെഎടിസി.

ഭിന്നശേഷി സംവരണം: നിയമവശങ്ങൾ1995ലെ ഭിന്നശേഷി നിയമപ്രകാരം (പിഡബ്ല്യുഡി ആക്ട് 1995) 1996 ഫെബ്രുവരി ഏഴ് മുതൽ മൂന്ന് ശതമാനം സംവരണമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ 2016ൽ സംസ്ഥാന സർക്കാർ ഇതിൽ ഭേദഗതി വരുത്തി. ഭിന്നശേഷി അവകാശ നിയമപ്രകാരം (ആർപിഡബ്ല്യുഡി ആക്ട് 2016) 2017 ഏപ്രിൽ 19 മുതൽ എയ്ഡഡ് സ്ഥാപനങ്ങളിൽ നാല് ശതമാനം സംവരണം നിർബന്ധമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2021 നവംബർ 28നാണ് സർക്കാർ ഉത്തരവിറക്കിയത്.

പുതിയ തീരുമാനത്തോടെ, ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന അധ്യാപകർക്ക് അന്നുമുതലുള്ള ശമ്പളത്തിന് അർഹതയുണ്ടാകും. ഭിന്നശേഷി നിയമനത്തിൽ സർക്കാർ നേരിട്ടാകും നിയമനങ്ങൾ നടത്തുക. നാല് ശതമാനം ഭിന്നശേഷി സംവരണത്തിനായി നീക്കിവച്ചിട്ടുള്ള തസ്തികകളിൽ സമയബന്ധിതമായി നിയമനം പൂർത്തിയാക്കാൻ ജില്ലാതല സമിതികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിയമനം മുൻഗണനാടിസ്ഥാനത്തിൽ

1996 മുതൽ നികത്താതെ കിടക്കുന്ന ഒഴിവുകൾ കണക്കാക്കി ആ തസ്തികകളിൽ മുൻഗണനാടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്ക് നിയമനം നൽകേണ്ടി വരും. ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർഥികളെയാണ് ഈ സംവരണത്തിനായി പരിഗണിക്കുന്നത്. അധ്യാപക തസ്തികകളിലേക്ക് കെ-ടെറ്റ് യോഗ്യത ആവശ്യമാണ്. എന്നാൽ കെ-ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്തുന്നതിന് രണ്ട് വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. കെ-ടെറ്റ് പാസാകാത്ത അധ്യാപകർക്ക് യോഗ്യത നേടാൻ സമയം അനുവദിച്ചിട്ടുള്ള കാലയളവിൽ ഇവരുടെ ശമ്പളം തടഞ്ഞുവയ്ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അധ്യാപകർക്ക് ആശ്വാസം

ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ട തസ്തികകൾ ഒഴികെയുള്ളവയിൽ, 2021 മുതൽ ജോലി ചെയ്യുന്ന ഇരുപതിനായിരത്തോളം അധ്യാപകരുടെ നിയമനം ഇതോടെ അംഗീകരിക്കപ്പെടും. ഇവരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. നിലവിൽ താത്കാലികമായോ ദിവസവേതനത്തിനോ ജോലി ചെയ്യുന്ന അധ്യാപകർക്ക് കൃത്യമായ ശമ്പള സ്കെയിലിലുളള ആനുകൂല്യങ്ങൾ ലഭിക്കും. ഇവരുടെ നിയമന അംഗീകാര നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും ഈ ഉത്തരവ് നടപ്പിലാക്കുക എന്ന നിബന്ധനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക സാഹചര്യം ഇങ്ങനെ

ഈ വിഷയത്തിൽ 442 അധ്യാപകർ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ കാര്യത്തിൽ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ സർക്കാർ തീരുമാനമെടുക്കില്ല. താരതമ്യേന അംഗസംഖ്യ കുറഞ്ഞ സ്കൂളുകളിൽ മുഴുവൻ സീറ്റുകളിലും ജനറൽ കാറ്റഗറിയായി അധ്യാപക നിയമനം നടന്നിട്ടുണ്ട്. ഇവിടെ നിലവിലെ നിയമം നടപ്പിലാക്കുമ്പോൾ ഭിന്നശേഷിക്കാർക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടിവരും. ഈ സാഹചര്യത്തിൽ നേരത്തെ മുതൽ ജോലി ചെയ്തിരുന്ന അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഈ വിഭാഗത്തിൽപ്പെടുന്ന അധ്യാപകരാണ് പ്രധാനമായും നേരിട്ട് കോടതിയെ സമീപിച്ചത്. ഇതിൽ അന്തിമ വിധി അനുസരിച്ച് മാത്രമേ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. അതിനാൽ ഇവരുടെ കാര്യം പ്രത്യേക സാഹചര്യമായി കണക്കാക്കി മാറ്റിവച്ചിരിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News