Enter your Email Address to subscribe to our newsletters

Ernakulam, 19 ഫെബ്രുവരി (H.S.)
'കേരള സ്റ്റോറി 2'നെതിരെ സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.
കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്താൻ നിശ്ചയിച്ചിട്ടുള്ള 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കേവലം ഒരു പ്രൊപ്പഗാൻഡ ചിത്രമാണെന്നും കേരളത്തെ കരിനിഴലിൽ നിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. നാല് യുവതികൾ തീവ്രവാദികളുടെ കെണിയിൽപ്പെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് കഴിഞ്ഞ 17-ന് പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്.
വസ്തുതാവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് വലിയ വിമർശനങ്ങൾ നേരിട്ട 'കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗവും സമാനമായ രീതിയിൽ സംഘർഷങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും വഴിതെളിക്കുമെന്ന ആശങ്ക ഹർജിയിൽ പങ്കുവെക്കുന്നുണ്ട്. പ്രകോപനപരമായ ഉള്ളടക്കം അടങ്ങിയ ട്രെയിലർ ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. കേരളത്തെ മതപരിവർത്തനത്തിന്‍റെയും തീവ്രവാദത്തിന്‍റെയും കേന്ദ്രമായി മുദ്രകുത്താനും സംസ്ഥാനത്തിന്‍റെ യശസ്സിനെ ആഗോളതലത്തിൽ കളങ്കപ്പെടുത്താനുമുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ആകെ മോശപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമുള്ളതിനാൽ ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ പ്രദർശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഹർജിക്കാരന്‍റെ പ്രധാന ആവശ്യം. ആദ്യ ഭാഗത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കെ, രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിയിൽ വാദിക്കുന്നു. വരും ദിവസങ്ങളിൽ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.
അതേസമയം, ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ.
“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്.
വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്‍റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്‍റെ ശത്രുക്കൾ. ‘ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR