Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഫെബ്രുവരി (H.S.)
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ യുഡിഎഫിനെതിരെ വെബ്‌സൈറ്റുമായി എൽഡിഎഫ്. 'ഇരുണ്ടകാലം. കോം' എന്നു പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിൽ മുമ്പ് മന്ത്രിമാരായിരുന്ന കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളും കേസുകളും അക്കമിട്ട് നിരത്തുന്നു. ഇതിന് പുറമേ വിവിധ നേതാക്കളുടെ ഫോട്ടോ ഉൾപ്പെടുത്തി 'മകനേ തിരിച്ചു വരല്ലേ' എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തല മുതൽ പി കെ ജയലക്ഷ്മി വരെ
മുൻ മ്രന്തിമാരും മുതിർന്ന നേതാക്കളുമായിരുന്ന രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, കെ ബാബു, അടൂർ പ്രകാശ്, പി കെ ജയലക്ഷ്മി, പി കെ അബ്ദുറബ്ബ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ രൂപപ്പെടുത്തിയിരിക്കുന്നത്. 'ഓർമകൾ ഉണ്ടായിരിക്കണം ഇനി വേണ്ട ആ ഇരുണ്ട കാലം' എന്ന തലക്കെട്ടാണ് സെറ്റ് തുറക്കുമ്പോൾ കാണുന്നത്. ഏറ്റവും അവസാനം യുഡിഎഫ് സർക്കാർ രൂപീകരിക്കുമ്പോൾ മുസ്ലീം ലീഗുമായി അഞ്ചാം മന്ത്രിയെ ചൊല്ലിയുണ്ടായ തർക്കം മുതൽ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരായ അഴിമതി വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊലീസ് ആധുനിക വത്ക്കരണ ഫണ്ടിൽ തിരിമറിയെന്ന ആരോപണമാണ് സൈറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വി എസ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനം, ആരോഗ്യ രംഗത്തെ അഴിമതികൾ എന്നിങ്ങനെയുള്ള കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി നൽകിയ അഴിമതി ആരോപണമാണ് അടൂർ പ്രകാശിൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി കെ ജയലക്ഷ്മിയുടെ പേരിൽ ആദിവാസി ഫണ്ട് തട്ടിപ്പും അബ്ദുറബ്ബിൻ്റെ പേരിൽ പ്ലസ്ടു കോഴയിടപാട് ആരോപണവും സൈറ്റിലുണ്ട്.
ബാർകോഴയിൽ കെ എം മാണിയില്ല
ബാർകോഴയിൽ കെ ബാബുവിനെതിരെയുള്ള ആരോപണങ്ങൾ ഉൾപ്പെടുത്തുമ്പോൾ മുമ്പ് ഇതേ ആരോപണത്തിൽ പെട്ട കെ എം മാണിക്കെതിരെ ഒരു ആരോപണവും സൈറ്റിൽ ഉൾപ്പെട്ടിട്ടില്ല. നിലവിൽ കേരളകോൺഗ്രസ് (എം) എൽഡിഎഫിനൊപ്പമായതിനാൽ തന്നെ കെ എം മാണിക്കെതിരെ മുമ്പ് സിപിഎമ്മും എൽഡിഎഫും ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിക്കുന്നില്ല. മാണി ബാർകോഴയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്നുമുള്ള എൽഡിഎഫ് ആരോപണം യുഡിഎഫ് ഭരണകാലത്ത് വലിയ തോതിൽ ചർച്ചയായിരുന്നു.
ആരോപണം കത്തി നിൽക്കുമ്പോൾ നടന്ന നിയമസഭാ സമ്മേളനത്തിൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് നടത്തിയ പ്രതിഷേധം അതിരുവിടുകയും ചെയ്തിരുന്നു. അന്ന് സ്പീക്കറായിരുന്ന എൻ ശക്തൻ്റെ കസേര ഡയസിൽ നിന്നു വലിച്ച് താഴെയിടുകയും സ്പീക്കറിൻ്റെ ചേംബറിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും എംഎൽഎയായിരുന്ന വി ശിവൻകുട്ടി നിയമസഭയിലെ ഇരിപ്പിടത്തിന് മുകളിൽ കയറുകയും ചെയ്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
നേതാക്കളുടെ പേരിലുള്ള ആരോപണങ്ങൾക്ക് പുറമേ യുഡിഎഫ് കാലത്തെ മന്ത്രിമാരുടെ വിദേശ യാത്ര, പാലാരിവട്ടം പാലം അഴിമതി, പേഴ്‌സണൽ സ്റ്റാഫ് നിയമനം, കെഎസ്ആർടിസി കട്ടപ്പുറത്തെന്ന ആരോപണം എന്നിവയും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR