Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഫെബ്രുവരി (H.S.)
ജവാൻ റമ്മിനു ശേഷം സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന ബ്രാൻഡിക്ക് പേരായി. 'മലബാർ മിസ്റ്ററി' എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാൻ്റ് 21നാണ് ഉദ്ഘാടനം. അവിടെ പേര് പ്രഖ്യാപിക്കും. സസ്‌പെൻസ് നിലനിർത്തിക്കൊണ്ട് ബ്രാൻഡിയുടെ പേര് 21ന് വിപണിയിലെത്തുമ്പോൾ മാത്രം പ്രഖ്യാപിക്കാനാണ് സർക്കാർ നീക്കം. അതിന് മുൻപ് പേര് പുറത്തു പോകരുതെന്ന കർശന നിർദ്ദേശം എക്‌സൈസ് നൽകിയിട്ടുണ്ട്.
ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് നൽകുമെന്നും, തിരഞ്ഞെടുത്ത പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്ന ബെവ്കോ എംഡിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. ഇതേത്തുടർന്ന് പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തടഞ്ഞത്. തുടർന്ന്, പേര് ക്ഷണിച്ചു കൊണ്ടുള്ള മത്സരം നടത്തിയിട്ടില്ലെന്ന വിചിത്രമായ സത്യവാങ്മൂലം ബെവ്കോ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതുസംബന്ധിച്ച ഹൈക്കോടതി സ്റ്റേ ഇപ്പോഴും നിലനിൽക്കുകയാണ്. തർക്കത്തെത്തുടർന്ന് എക്‌സൈസ് വകുപ്പ് തന്നെയാണ് പേര് നിശ്ചയിച്ചത്.
സർക്കാർ പൊതുമേഖലാ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജനപ്രിയ മദ്യമായ ജവാൻ റം ഉത്പാദിപ്പിക്കുന്നത്. വാളയാറിലെ മലബാർ ഡിസ്റ്റിലറീസ് വഴി ഉത്പാദനം ഉയർത്താൻ പദ്ധതിയുണ്ടെങ്കിലും, തിരുവല്ലയിൽ മാത്രമാണ് നിലവിൽ ജവാൻ ഉത്പാദനം നടക്കുന്നത്. 2023ൽ നവീകരണത്തിന് ശേഷം ഉത്പാദനം പ്രതിദിനം 15,000 കെയ്സുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. ജവാൻ റമ്മിനോടൊപ്പം കുറഞ്ഞ വിലയ്ക്ക് ബ്രാൻഡിയും സർക്കാർ വിപണിയിൽ ഇറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. 21ന് പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ ബ്രാൻഡി വിപണിയിലിറക്കുന്നത്. എല്ലാ ജില്ലകളിലുമെത്താൻ ആഴ്ചകൾ കഴിയും.
75,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണു പുതിയ പ്ലാൻ്റ്. 3 ലൈൻ സ്വയം നിയന്ത്രിത ബോട്ടിലിങ് പ്ലാൻ്റ് സജ്ജമാകുന്നതോടെ ദിവസം 13,500 കെയ്സ് വീതം (108000 ലിറ്റർ) മദ്യം വിപണിയിലിറക്കാനാകുമെന്ന് അധികൃതർ പറയുന്നു. അര ലിറ്ററിൻ്റെ ബോട്ടിലാണു വിപണിയിലിറക്കുക. ജവാൻ ബ്രാൻഡുമായി അധികം വ്യത്യാസമില്ലാത്ത വിലയാവും പുതിയ മദ്യത്തിനും. മദ്യോൽപാദനത്തിനായുള്ള ജീവനക്കാരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ്, ബവ്‌കോ സംഭരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നു ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. മദ്യം ഉൽപാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തിൽ മലമ്പുഴ ഡാമിൽ നിന്നു നേരിട്ട് എത്തിക്കാനാണു ശ്രമിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR