Enter your Email Address to subscribe to our newsletters

Kozhikode, 19 ഫെബ്രുവരി (H.S.)
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അച്ചടി സ്ഥാപനത്തിൻ്റെ പേരോ മേൽവിലാസമോ ഇല്ലാതെ പ്രത്യക്ഷപ്പെട്ട ദുരൂഹമായ പോസ്റ്ററുകൾ ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. 'പാഠം പഠിപ്പിക്കും' എന്ന് ചുവന്ന പ്രതലത്തിൽ വെളുത്ത അക്ഷരത്തിൽ രേഖപ്പെടുത്തിയ പോസ്റ്ററുകൾ ആളുകൾ കൂടുന്ന ഇരുപതിലേറെ സ്ഥലങ്ങളിലാണ് പതിച്ചിട്ടുള്ളത്. ഏതെങ്കിലും പുതിയ സ്ഥാപനം വരുന്നതിൻ്റെ പരസ്യമാണെങ്കിലും, നിയമം ലംഘിച്ചുള്ള പോസ്റ്റർ പതിക്കലിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സാധാരണ ഗതിയിൽ പോസ്റ്ററുകൾ അച്ചടിക്കുമ്പോൾ പ്രിൻ്റിങ് സ്ഥാപനത്തിൻ്റെ പേരും മേൽവിലാസവും ഉൾപ്പെടുത്തണമെന്ന നിയമം നിലനിൽക്കെയാണ് യാതൊരു വിവരങ്ങളുമില്ലാതെ ഇവ പ്രത്യക്ഷപ്പെട്ടത്. ഇത് ഏതെങ്കിലും സ്ഥാപനത്തിൻ്റെ പരസ്യമാണോ അതോ ബോധപൂർവം ഭീതി പരത്താൻ ഉദ്ദേശിച്ചുള്ളതാണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഏതൊരു നോട്ടിസോ പോസ്റ്ററോ പ്രിൻ്റ് ചെയ്യുമ്പോൾ പ്രസ്സിൻ്റെ പേര് നിർബന്ധമായും വയ്ക്കണമെന്ന നിയമം കാറ്റിൽ പറത്തിയാണ് പേരാമ്പ്രയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. ജനങ്ങളിൽ തെറ്റിദ്ധാരണയും ഭയവും ജനിപ്പിക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
പൊലീസ് അന്വേഷണം ഊർജിതംസംഭവം വിവാദമായതോടെ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രാഥമിക പരിശോധന നടക്കുന്നത്. മേഖലയിലെ പ്രിൻ്റിങ് പ്രസ് ഉടമകളെ ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും, പ്രസ്സിൻ്റെ പേര് പോസ്റ്ററിൽ ഇല്ലാത്തത് പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും അധികൃതർ അറിയിച്ചു.
സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ പ്രതികൾ പിടിയിൽഇതിനിടെ പേരാമ്പ്രയിലെ മുതുവണ്ണാച്ചയിൽ സിപിഎം പ്രവർത്തകനായ കുനീമ്മൽ ദിനേശനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി പതിനാറിന് രാത്രി 8.15ന് ആണ് സംഭവം നടന്നത്. കുറ്റ്യാടിയിലെ പൂജ ഷോപ്പ് അടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാൽപത്തിയൊമ്പതുകാരനായ ദിനേശൻ. മുതുവണ്ണാച്ച റോഡിൽ വച്ച് ഒരു സംഘം ഇദ്ദേഹത്തെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും ഗുരുതരമായി വെട്ടേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരും മുതുവണ്ണാച്ച സ്വദേശികളുമായ നിതിൻ ആനന്ദ്, പ്രജീഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.
ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. ദിനേശൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. പ്രദേശത്ത് കഴിഞ്ഞ വർഷമുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇപ്പോൾ പ്രത്യേക്ഷപ്പെട്ട പോസ്റ്ററിന് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR