Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഫെബ്രുവരി (H.S.)
“ദി കേരള സ്റ്റോറി” എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. നമ്മുടെ നാടിൻ്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിൻ്റെ ശത്രുക്കൾ. ‘ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്‌ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിൻ്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ. “കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്‌പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്‌പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്.
സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിൻ്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിൻ്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്. വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്‌തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനം
കേരളത്തിൻ്റെ മതനിരപേക്ഷ പാരമ്പര്യത്തെയും മതസൗഹാർദ്ദത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സിനിമയെന്നും, മുസ്ലീം സമുദായത്തെ മുഴുവൻ അപരവൽക്കരിക്കാനുള്ള ശ്രമമാണിതെന്നും വിമർശകർ പറയുന്നു. സിനിമയിൽ കാണിക്കുന്ന കേരളം യഥാർത്ഥ കേരളമല്ലെന്നും കേരളത്തിൻ്റെ സാമൂഹിക സാഹചര്യങ്ങളെ ഇത് വളച്ചൊടിച്ച് കാണിക്കുന്നുവെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും അഭിപ്രായപ്പെട്ടു.
വസ്‌തുതകളെ വൈകാരികമായി ചൂഷണം ചെയ്യാനും രാഷ്ട്രീയ നേട്ടങ്ങൾക്കായി കേരളത്തെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമമായാണ് സിനിമയുടെ വിമർശകർ ഇതിനെ കാണുന്നത്. ട്രെയിലറിലെ ഒരു രംഗത്തിൽ ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നത് കാണിക്കുന്നുണ്ട്. ഇത് കേരളത്തിലെ യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്നും എല്ലാ മതസ്ഥരും ബീഫ് കഴിക്കുന്ന കേരളത്തിൻ്റെ ഭക്ഷണ സംസ്‌കാരത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായി പരിഹസിക്കപ്പെട്ടു. 'പൊറോട്ട ഇല്ലാതെയാണോ ബീഫ് കൊടുക്കുന്നത്?' എന്നതടക്കമുള്ള ട്രോളുകൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR