Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഫെബ്രുവരി (H.S.)
പൂവാർ പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള എസ്ഐക്കും എഎസ്ഐക്കും വയർലെസ് സന്ദേശത്തിലൂടെ അടിയന്തര സ്ഥലംമാറ്റം. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഇന്ന് രാവിലെ വയർലെസിലൂടെ ഇരുവരെയും സ്ഥലം മാറ്റിയ വിവരം അറിയിച്ചത്. എസ്ഐ ജോസ്, എഎസ്ഐ ബിനു എന്നിവർക്കാണ് ഇത്തരത്തിൽ അടിയന്തര സ്ഥലംമാറ്റം ലഭിച്ചത്.
സാധാരണഗതിയിൽ ഇത്തരം നടപടികൾ പതിവില്ലാത്തതാണ്. പൂവാർ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയിലായതിനാൽ സ്റ്റേഷൻ്റെ ചുമതല എസ്ഐ ജോസിനായിരുന്നു. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ വയർലെസിലൂടെ അടിയന്തരമായി മാറ്റാൻ റൂറൽ എസ്പി നിർദേശം നൽകിയത് സേനയ്ക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. എസ്ഐ ജോസിനെ കിളിമാനൂർ സ്റ്റേഷനിലേക്കാണ് മാറ്റിയത്. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റൂറൽ എസ്പിയുടെ നടപടി എന്നാണ് പൊലീസ് സേനയ്ക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് ഇന്നലെ വൈകിട്ട് ഇറങ്ങിയതാണെന്നും രാവിലെ അത് വയർലെസ് വഴി അറിയിച്ചുവെന്നേ ഉള്ളുവെന്നും റൂറൽ എസ്പി ജുവപ്പടി മഹേഷ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.
മണ്ണ് മാഫിയ ബന്ധം
എസ്ഐ ജോസിനെതിരെ മണ്ണ് മാഫിയ ബന്ധം എന്ന ആരോപണം ശക്തമാണ്. പൂവാർ, പൊഴിയൂർ മേഖലകളിൽ വലിയ തോതിൽ മണ്ണ് മാഫിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ചും ഉദ്യോഗസ്ഥൻ്റെ ബന്ധത്തെക്കുറിച്ചും സംസ്ഥാന ഇൻ്റലിജൻസ് അടക്കം റിപ്പോർട്ടുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. കൂടാതെ ഇദ്ദേഹം നേരത്തെ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിൽ പെരുമാറ്റം സംബന്ധിച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്. എസ്ഐക്ക് സേനയ്ക്കുള്ളിൽ ഒരു വിളിപ്പേരുണ്ടെന്നും അത്രത്തോളം ഗുരുതരമായ വീഴ്ചകൾ ഇദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ.
മുൻകാല നടപടികൾ
മുൻപ് തിരുവനന്തപുരം റൂറലിലെ മംഗലപുരം പൊലീസ് സ്റ്റേഷൻ കുപ്രസിദ്ധി ആർജിച്ച സമയത്ത് ഒരൊറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ള ആളെ ഒഴികെ ബാക്കി എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു. മണ്ണ് മാഫിയ ബന്ധമായിരുന്നു അന്നും സംശയിച്ചിരുന്നത്. ഗുണ്ടയുടെ വീട്ടിൽ മദ്യപാന സൽക്കാരത്തിന് പോകുന്നതിനിടയിൽ റെയ്ഡ് വന്നപ്പോൾ ശുചിമുറിക്കുള്ളിൽ ഒളിച്ചിരുന്ന ഡിവൈഎസ്പിയുടെ സംഭവവും കേരളം കണ്ടതാണ്. പൊലീസുകാരിൽ ന്യൂനപക്ഷമായ ഒരു ചെറിയ കൂട്ടം മാത്രമാണ് ഇത്തരക്കാർ. എങ്കിലും ഇവർ സേനയ്ക്ക് അപമാനം ഉണ്ടാക്കുന്നു എന്നതിൽ തർക്കമില്ല. സാധാരണയായി സ്ഥലംമാറ്റങ്ങൾ ഉത്തരവായാണ് ഇറങ്ങാറുള്ളതെങ്കിൽ ഇവിടെ വയർലെസിലൂടെ സന്ദേശം നൽകി ഉദ്യോഗസ്ഥരെ മാറ്റിയത് നടപടിയുടെ ഗൗരവം വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR