Enter your Email Address to subscribe to our newsletters

Pathanamthitta, 19 ഫെബ്രുവരി (H.S.)
ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്‌ടര്‍ക്കുമെതിരെ കടുത്ത നടപടി. കെഎസ്‌ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ എന്‍ സജികുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കണ്ടക്‌ടര്‍ കെ എന്‍ പ്രേമസുതനെ തിരുവനന്തപുരം പൂവാറില്‍നിന്ന് കാസര്‍കോട് കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്‌തു.
ജീവനക്കാരുടെ പ്രവൃത്തി കെഎസ്‌ആര്‍ടിസിയുടെ സല്‍പേരിനു കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിട്ടുള്ളത്. ശബരിമല ദർശനം കഴിഞ്ഞ് കെഎസ്ആർടിസി ബസില്‍ മടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട തീർഥാടക സംഘത്തെ വനത്തിനുള്ളിലെ റോഡിൽ ഇറക്കിവിട്ടെന്ന പരാതിയിലാണ് നടപടി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിടുകയാണ് ഉണ്ടായത്. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗ സംഘത്തിനാണ് വന്യ ജീവികൾ വിഹരിക്കുന്ന വനത്തിനുള്ളിലെ റോഡിൽ ഭയന്ന് യാത്ര ചെയ്യേണ്ടി വന്നത്.
സംഭവമിങ്ങനെ
കൊല്ലത്തു നിന്നും ട്രാവലറിലാണ് സംഘം ശബരിമല ദർശനത്തിനെത്തിയത്. 17 സീറ്റുള്ള ട്രാവലറായിരുന്നു സംഘം എത്തിയത്. എന്നാൽ 14 സീറ്റില്‍ കൂടുതലുള്ള വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടില്ലെന്ന ചട്ടം ഉള്ളതിനാൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടില്‍ ട്രാവലർ പാർക്കു ചെയ്‌തു.
ശേഷം സംഘം കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് യാത്ര തിരിച്ചു. ദർശനം കഴിഞ്ഞ് 17ന് രാത്രി 10 ന് പമ്പയില്‍ മടങ്ങിയെത്തിയ സംഘം പത്തരയ്‌ക്ക് ഇവിടെ നിന്നും കെഎസ്‌ആർടിസി ബസിൽ കയറി നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തു. എന്നാൽ ബസ് സ്റ്റാൻഡില്‍ കയറ്റാതെ അരക്കിലോമീറ്ററിലധികം മുന്നോട്ടുപോവുകയായിരുന്നു.
ബസ് നിർത്താൻ തീർഥാടകാർ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്താൻ ഡ്രൈവർ തയ്യാറായില്ല. നിലയ്ക്കല്‍ സ്റ്റാന്‍ഡിനു പകരം നിലയ്ക്കല്‍ ഗോപുരം കഴിഞ്ഞു വരുന്ന ഭാഗത്തെ വന്യ ജീവികൾ തിങ്ങിപാർക്കുന്ന വനമേഖലയിലെ റോഡിൽ രാത്രിയിൽ ഇറക്കിവിടുകയായിരുന്നു.
പരിഭ്രാന്തരായ കുട്ടികളും വൃദ്ധരും ഉൾപ്പെട്ട തീർഥാടക സംഘം ഭയന്നാണ് കാൽനടയായി നിലയ്ക്കലെത്തിയത്. തീര്‍ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ നേരെ വനമേഖലയിൽ കാത്തുനിന്നശേഷം വാഹനം വിളിച്ചുവരുത്തിയശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടങ്ങാനായത്. സംഭവത്തിൽ വിജിലന്‍സ് ഓഫിസര്‍ നൽകിയ അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കും കണ്ടക്‌ടർക്കും എതിരെ ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR