Enter your Email Address to subscribe to our newsletters

Ernakulam, 19 ഫെബ്രുവരി (H.S.)
കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമമിട്ട് സീപോർട്ട് എയർപോർട്ട് റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട എച്ച്എംടി എൻഎഡി ഭാഗത്തെ നിർമാണത്തിന് മുന്നോടിയായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവിൻ്റെ സാന്നിധ്യത്തിൽ തുടക്കമായ പ്രവൃത്തികൾക്ക് ശേഷം വരുന്ന മാർച്ച് ഒന്നിന് ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നിർമാണം ഔദ്യോഗികമായി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ദശകങ്ങളായി മുടങ്ങിക്കിടന്ന നിർമാണത്തിലെ പ്രധാന തടസങ്ങൾ നീങ്ങിയാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
സീപോർട്ട് എയർപോർട്ട് റോഡ് പദ്ധതി വൈകുന്നതിൽ മുൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വരുത്തിയ വീഴ്ചകളെ മന്ത്രി പി രാജീവ് രൂക്ഷമായി വിമർശിച്ചു. 2004 മുതൽ 2014 വരെ പത്തു വർഷക്കാലം പ്രതിരോധ മന്ത്രിയായിരുന്ന എകെ ആൻ്റണി വിചാരിച്ചിരുന്നെങ്കിൽ എൻഎഡി ഭൂമി വിട്ടുനൽകുന്നതിലുണ്ടായ തടസങ്ങൾ എളുപ്പത്തിൽ പരിഹരിക്കാമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആ കാലയളവിൽ കേന്ദ്രത്തിൽ കേരളത്തിൽ നിന്ന് എട്ട് മന്ത്രിമാർ ഉണ്ടായിരുന്നിട്ടും ഈ പദ്ധതിക്കായി കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. 2011-16 കാലഘട്ടത്തിൽ കളമശ്ശേരി എംഎൽഎ തന്നെയായിരുന്നു സംസ്ഥാന പൊതുമരാമത്ത് മന്ത്രിയായിരുന്നത് എന്നിട്ടും സ്വന്തം മണ്ഡലത്തിലെ ഈ പ്രധാന പദ്ധതിയുടെ കുരുക്കഴിക്കാൻ സാധിച്ചില്ല. രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നുവെങ്കിൽ പൊതു ആവശ്യത്തിനായി അന്ന് സൗജന്യമായി ലഭിക്കുമായിരുന്ന ഭൂമിക്ക് ഇപ്പോഴത്തെ സർക്കാർ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നൽകേണ്ടി വന്നുവെന്നും മന്ത്രി വ്യക്തമാക്കി.
തടസങ്ങൾ നീങ്ങി; ഭൂമി ഏറ്റെടുത്തു
ഭൂമി സംബന്ധമായ നിയമതടസങ്ങൾ നീക്കാൻ എൽഡിഎഫ് സർക്കാർ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിയത്. പ്രതിരോധ വകുപ്പും ദക്ഷിണ നാവിക കമാൻഡുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ 23.11 കോടി രൂപ നൽകിയാണ് എൻഎഡിയുടെ 2.4967 ഹെക്ടർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. കൂടാതെ എച്ച്എംടി ഭൂമിക്കായി സുപ്രീംകോടതി നിർദേശപ്രകാരം 37.90 കോടി രൂപയും സർക്കാർ ബാങ്കിൽ നിക്ഷേപിച്ചു. ഇതോടെ ഭൂമി നിർമാണച്ചുമതലയുള്ള ആർബിഡിസികെയ്ക്ക് കൈമാറാൻ സാധിച്ചു. എച്ച്എംടി എൻഎഡി ഭാഗത്തെ പ്രധാന റോഡ് നിർമാണത്തിനായി 21.40 കോടി രൂപയുടെ ഭരണാനുമതിയും സർക്കാർ നേരത്തെ നൽകിയിരുന്നു.
ഗതാഗത മേഖലയിൽ വൻ മാറ്റം
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന എൻഎഡി മുതൽ മഹിളാലയം വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തിയായി വരികയാണ്. ഇതിനായി കിഫ്ബി വഴി 569.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരുമ്പനം മുതൽ നെടുമ്പാശ്ശേരി വരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത പൂർണമായും സജ്ജമാകുന്നതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കൂടാതെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുകയും ചെയ്യും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR