നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി അധ്യക്ഷസ്ഥാനത്ത് സണ്ണി ജോസഫ് തുടരാൻ സാധ്യതയേറി.
Thiruvananthapuram, 19 ഫെബ്രുവരി (H.S.) നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി അധ്യക്ഷസ്ഥാനത്ത് സണ്ണി ജോസഫ് തുടരാൻ സാധ്യതയേറി. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള സാധ്യത മുൻ നിർത്തി സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യ
Sunny Joseph


Thiruvananthapuram, 19 ഫെബ്രുവരി (H.S.)

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി അധ്യക്ഷസ്ഥാനത്ത് സണ്ണി ജോസഫ് തുടരാൻ സാധ്യതയേറി. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള സാധ്യത മുൻ നിർത്തി സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അദ്ദേഹത്തെ മാറ്റുന്നതിൽ ഹൈക്കമാന്‍ഡ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സംഘടനാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് സർക്കാരിൽ മന്ത്രിയായി പരിഗണിച്ചാൽ മാത്രം സ്ഥാനം ഒഴിഞ്ഞാൽ മതിയെന്ന ധാരണയാണ് ഉരിത്തിരിഞ്ഞിട്ടുള്ളത്.

എന്നാൽ നിയമസഭയിലേക്കുള്ള തൻ്റെ മത്സരകാര്യമടക്കം എല്ലാംഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് ഇ ടിവി ഭാരതിനോട് വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് തന്നോട് ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മത്സരിക്കുന്നതിൻ്റെ ഭാഗമായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞാൽ മുതിർന്ന നേതാവും എംപിയുമായ ബെന്നി ബെഹനാന് താൽക്കാലിക ചുമതല നൽകാൻ പാർട്ടിയിൽ ആലോചനകൾ നടന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും സംഘടനാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചതോടെയാണ് ഇത്തരം ആലോചനകളിൽ നിന്നും ഹൈക്കമാന്‍ഡ് പിന്മാറിയിട്ടുള്ളത്. കെപിസിസി അധ്യക്ഷനെ ഈ സമയത്ത് മാറ്റുന്നത് ഉചിതമല്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി.

സണ്ണി ജോസഫ് ഒഴിഞ്ഞാൽ താൽക്കാലിക ചുമതലയിലേക്ക് എത്തുന്ന ബെന്നി ബെഹനാൻ മുമ്പ് എ ഗ്രൂപ്പിൻ്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് സംസ്ഥാനം മുഴുവൻ ഗ്രൂപ്പ് പ്രവർത്തനം എകോപിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചതും ബെന്നി ബെഹനാനായിരുന്നു. അന്ന് ഗ്രൂപ്പിൻ്റെ വക്താക്കളായിരുന്ന ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ നിലവിൽ വർക്കിങ് പ്രസിഡൻ്റുമാരായി ചുമതലയിലുണ്ട്. അതുകൊണ്ടുതന്നെ ബെന്നി ബെഹനാൻ അധ്യക്ഷ പദവിയിലേക്ക് വന്നാൽ എ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന ആശങ്കയും ഉയർന്നിരുന്നു. നിലവിൽ സംസ്ഥാന കോൺഗ്രസിൽ ദുർബലമായിരിക്കുന്ന ഗ്രൂപ്പ് സംവിധാനം ബെന്നി എത്തുന്നതോടെ വീണ്ടും ശക്തിപ്പെടുമെന്ന ധാരണയും കോൺഗ്രസ് ദേശീയ നേതൃത്വത്തെ പുനർചിന്തനത്തിന് വിധേയമാക്കിയെന്നും കരുതപ്പെടുന്നു.

ഇതുമാത്രമല്ല മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയടക്കം മത്സരിച്ചപ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനം നിലനിർത്തിയിരുന്നുവെന്ന കാര്യവും കോൺഗ്രസ് നേതൃത്വം പരിഗണിച്ചിട്ടുണ്ട്. ബെന്നി ബെഹനാന് അനുകൂലമായ റിപ്പോർട്ട് സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി നൽകിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിൽ പുതിയ അധികാരകേന്ദ്രം രൂപപ്പെടുത്തേണ്ട ആവശ്യമില്ലെന്ന തരത്തിലാണ് ദേശീയ നേതൃത്വത്തിൻ്റെ ഇപ്പോഴത്തെ നീക്കങ്ങൾ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News