Enter your Email Address to subscribe to our newsletters

Kannur, 19 ഫെബ്രുവരി (H.S.)
എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡൻ്റ് സർവീസസ് മുൻ ഡയറക്ടറുമായ വിഎസ് അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത് വച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ സിപിഎം വിമതൻ വി കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചതിന് പിന്നാലെ ഭീഷണി എന്ന നിലയിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
കണ്ണപുരത്തെ മരുതം എന്ന വീടിൻ്റെ ഗേറ്റിന് മുന്നിലായാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. മകനെ ഫുട്ബോൾ പരിശീലനത്തിന് വിടുന്നതിനായി രാവിലെ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വച്ചിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.
ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റീത്ത് വച്ചതെന്നാണ് സംശയിക്കുന്നത്. അനിൽകുമാറിന് മറ്റാരുമായും വ്യക്തിവിരോധമോ ശത്രുതയോ ഇല്ലെന്നും എന്നാൽ അദ്ദേഹത്തിൻ്റെ ഈ അടുത്ത കാലത്തെ നിലപാടുകൾ ചിലരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും വ്യക്തമാക്കുന്നത്. ജോസഫ് സി മാത്യു പ്രകാശനം ചെയ്ത വി കുഞ്ഞികൃഷ്ണൻ്റെ പുസ്തകത്തിൻ്റെ ആദ്യ പ്രതി സ്വീകരിച്ചത് വിഎസ് അനിൽകുമാർ ആയിരുന്നു.
പാർട്ടിയിലെ തിരുത്തൽ ശക്തിയായിരുന്ന അന്തരിച്ച പ്രൊഫസർ എംഎൻ വിജയൻ്റെ മകനായ അനിൽകുമാർ, സിപിഎം നേതൃത്വത്തിൻ്റെ തെറ്റായ നിലപാടുകൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്തിയാണ്. കണ്ണപുരത്ത് നടന്ന ചടങ്ങിൽ വച്ച് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിൽ പാർട്ടി നേതൃത്വത്തെ അണികൾ തിരുത്തണമെന്ന ആഹ്വാനം ഇദ്ദേഹം നടത്തിയിരുന്നു. ജനാധിപത്യപരമായ രീതിയിൽ പാർട്ടിയിലെ പോരായ്മകളെ ചൂണ്ടിക്കാട്ടുന്ന അദ്ദേഹത്തിൻ്റെ നിലപാടുകൾക്കെതിരെ ഒരുകൂട്ടം ആളുകൾക്ക് അമർഷമുണ്ടായിരുന്നു.
ഇതിൻ്റെ തുടർച്ചയായാണ് വീടിന് മുന്നിലെ റീത്ത് സമർപ്പണം എന്നാണ് വിലയിരുത്തപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം ഭീഷണികൾ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. വിയോജിപ്പുകളെ ഭീഷണി കൊണ്ട് നേരിടുന്നതിനെതിരെയും സാംസ്കാരിക മേഖലയിലെ ഇത്തരം അസഹിഷ്ണുതയ്‌ക്കെതിരെയും സാംസ്കാരിക പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
പയ്യന്നൂരിൽ പോര് മുറുകുന്നുറീത്ത് വച്ച സംഭവത്തോടൊപ്പം പയ്യന്നൂരിൽ ടിഐ മധുസൂദനൻ എംഎൽഎക്കെതിരെ വി കുഞ്ഞികൃഷ്ണനെ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കവും വിമതർ സജീവമാക്കിയതോടെ ജില്ലയിലെ സിപിഎം രാഷ്ട്രീയം കലുഷിതമാവുകയാണ്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ പാർട്ടി നേതൃത്വം കൃത്യമായ മറുപടി നൽകാത്ത സാഹചര്യത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ ടിഐ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്. കുഞ്ഞികൃഷ്ണനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് വിമതരുടെ തീരുമാനം. ഇത്തരം ഒരു നീക്കമുണ്ടായാൽ യുഡിഎഫ് പിന്തുണയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് നിർമ്മാണ ഫണ്ട് എന്നിവയിൽ വൻ ക്രമക്കേട് നടന്നുവെന്നായിരുന്നു മുൻ ഏരിയ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണൻ്റെ ആരോപണം. കണക്കുകൾ സുതാര്യമാക്കുമെന്ന് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അതിന് തയ്യാറായിട്ടില്ല. ശ്രീകൃഷ്ണൻ സ്യമന്തകമണി മോഷ്ടിക്കുമോ എന്ന ടിഐ മധുസൂദനൻ്റെ ചോദ്യത്തിന് പുരാണങ്ങളല്ല വസ്തുതാപരമായ കണക്കുകളാണ് വേണ്ടതെന്നാണ് വിമതർ മറുപടി നൽകുന്നത്.
കുറ്റാരോപിതനായ എംഎൽഎയെ മാറ്റിനിർത്തിയില്ലെങ്കിൽ കൂടുതൽ വെട്ടിപ്പുകളുടെ തെളിവുകൾ പുറത്തുവിടുമെന്ന് വിമത വിഭാഗം മുന്നറിയിപ്പ് നൽകുന്നു. വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയും ജില്ലാ സെക്രട്ടറി കെകെ രാഗേഷിൻ്റെ പ്രതികരണങ്ങളും അണികൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പാർട്ടി സംഘടിപ്പിച്ച വിശദീകരണ യോഗങ്ങൾക്കും സംശയനിവാരണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. പയ്യന്നൂരിൽ വിമതരും ഔദ്യോഗിക വിഭാഗവും നേർക്കുനേർ വരുന്നതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് സിപിഎമ്മിന് വലിയ വെല്ലുവിളിയാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR