Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഫെബ്രുവരി (H.S.)
വയനാട് മുത്തങ്ങയിൽ ആദിവാസി പ്രക്ഷോഭം നടന്നിട്ട് ഇന്ന് 23 വർഷം പൂർത്തിയാകുമ്പോഴും ഭൂമിക്കുവേണ്ടിയുള്ള ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ലെന്ന അഭിപ്രായത്തിലാണ് ആദിവാസി നേതാക്കൾ. 2003 ഫെബ്രുവരി 19നാണ് സ്വന്തം മണ്ണിൽ ജീവിക്കാനായി ഭൂമി ചോദിച്ചെത്തിയവരെ പൊലീസ് പടക്കോപ്പുകളുമായി നേരിട്ടത്. കീഴടങ്ങണമെന്ന നിർദേശത്തിന് മറുപടിയായി മുദ്രാവാക്യം വിളിച്ച് ചെറുത്തുനിന്നവർക്ക് നേരെ വെടിയുതിർക്കുകയും കുടിലുകൾ കത്തിക്കുകയും ചെയ്തു.
വെടിയേറ്റ് മുത്തങ്ങയിലെ ആദിവാസിയായ ജോഗി മരിക്കുകയും തുടർന്നുണ്ടായ അക്രമത്തിൽ കെഎപി കണ്ണൂർ ബറ്റാലിയനിലെ വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തു. ഉന്നയിച്ച വിഷയങ്ങളിൽ ഇതുവരെ പരിഹാരം ഉണ്ടാകാത്തതിനാൽ സമരം തുടരേണ്ടി വരുമെന്ന നിലപാടാണ് ആദിവാസികൾക്കുള്ളത്.
സമരത്തിൻ്റെ തുടക്കം
ഭൂരഹിതരായ ആദിവാസികൾക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമുയർത്തി സികെ ജാനുവിൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടക്കുന്നത് 2001ലാണ്. ആദിവാസികൾക്ക് വീടും സ്ഥലവും നൽകാത്തതിൽ പ്രതിഷേധിച്ച് കുടിൽ കെട്ടിയായിരുന്നു സമരം. ഭൂമിപ്രശ്‌നം ഉന്നയിച്ച ആദിവാസികളോട് തുടക്കത്തിൽ നിഷേധ സമീപനമായിരുന്നു ഭരണകൂടത്തിൻ്റേത്. എന്നാൽ 48 ദിവസങ്ങൾക്കുശേഷം സർക്കാർ സമരക്കാരുമായി കരാറുകൾ ഉണ്ടാക്കി. ധാരണപ്രകാരം സമരം പിൻവലിച്ചു. ആദിവാസികൾക്ക് കൃഷി ചെയ്യാനായി അഞ്ച് ഏക്കർ ഭൂമി വീതം നൽകാമെന്നായിരുന്നു കരാർ. എന്നാൽ ഈ കരാർ ലംഘിക്കപ്പെട്ടു. ഭൂമിക്കായി കാത്തുനിന്ന ആദിവാസികൾക്ക് കാത്തിരിപ്പ് മാത്രമായിരുന്നു മിച്ചം. ഇതിൽ പ്രതിഷേധിച്ചാണ് 2003ൽ സികെ ജാനുവിൻ്റെ നേതൃത്വത്തിൽ ആദിവാസികൾ മുത്തങ്ങയിലേക്ക് എത്തിയത്.
മുത്തങ്ങയിലെ തകരപ്പാടി മുതൽ അമ്പുകുത്തിവരെയുള്ള താഴ്‌വരകളിൽ അവർ കുടിലുകൾ കെട്ടി ഊര് സ്ഥാപിച്ചു. കുറ്റിക്കാടുകൾ വെട്ടി ഭൂമി കൃഷിയോഗ്യമാക്കി കൃഷിയാരംഭിച്ചു. എട്ട് ഊരുകൂട്ടങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ മുത്തങ്ങയിലുണ്ടായി. പകൽ കൃഷിപ്പണിയും വൈകുന്നേരങ്ങളിൽ കൂടിയിരുപ്പും പാട്ടും നൃത്തവുമായി ഊരുകൾ സജീവമായി. ജനുവരി അഞ്ചിന് ഭൂമി കൈയേറി ഭൂസമരം ആരംഭിച്ച ആദിവാസികൾക്കെതിരെ 48 ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസ് നടപടി ആരംഭിച്ചത്.
മർദനവും വെടിവയ്പും2003 ഫെബ്രുവരിയിൽ കൊച്ചിയിൽ ആഗോള നിക്ഷേപ സമാഹരണം (ജിം) നടക്കുന്നതിനിടെ മുത്തങ്ങയിലെ സമരം അടിച്ചമർത്താൻ സർക്കാർ തീരുമാനിച്ചു. ഫെബ്രുവരി 17ന് സമരഭൂമിക്ക് സമീപം കാട്ടുതീ പടർന്നു. ആദിവാസി ഗോത്രമഹാസഭയാണ് അതിനുപിന്നിലെന്ന് പൊലീസ് ആരോപിച്ചു. തുടർന്നുണ്ടായ തർക്കം അക്രമത്തിലേക്ക് നീങ്ങി. ആദിവാസി യുവാവ് ജോഗി പൊലീസ് വെടിവയ്പിൽ മരിച്ചു. വെടിവയ്പിനെത്തുടർന്ന് സമരഭൂമിയിൽനിന്ന് ആദിവാസികൾ ചിതറിയോടി. പൊലീസ് ഉദ്യോഗസ്ഥൻ വിനോദും സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ടു. തുടർന്ന് പൊലീസ് കുടിലുകൾക്ക് തീയിട്ടു. ഇതിന് പിന്നാലെയുണ്ടായ ഭീകര മർദനത്തിൽ നിരവധി ആദിവാസികൾക്ക് ഗുരുതരമായി പരിക്കേറ്റു. ആദിവാസികൾക്ക് പിന്തുണയുമായി കേരളമൊട്ടാകെ നടന്ന പ്രതിഷേധ സമരങ്ങളിൽ എകെ ആൻ്റണി സർക്കാർ സമ്മർദത്തിലായി.
മുത്തങ്ങ പാക്കേജ്വ്യാപക അറസ്റ്റിനും പിന്നീടുണ്ടായ പ്രക്ഷോഭങ്ങൾക്കുംശേഷം ആദിവാസി ഗോത്രമഹാസഭയുമായി സർക്കാർ നടത്തിയ തുടർചർച്ചകൾ മുത്തങ്ങ പാക്കേജിന് വഴിമാറി. സർക്കാർ മുത്തങ്ങ പാക്കേജ് പ്രഖ്യാപിച്ചു. ഗോത്രമഹാസഭ തയ്യാറാക്കിയ കണക്കുകൾ പ്രകാരം വയനാട്ടിൽ ഏകദേശം 20,000ത്തോളം കുടുംബങ്ങളായിരുന്നു സ്വന്തമായി ഭൂമിയില്ലാത്തവർ. സർക്കാരും ഗോത്രമഹാസഭയും അംഗീകരിച്ച പട്ടികപ്രകാരം ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാൻ തീരുമാനമായി. ഇപ്പോഴും നടപടിക്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഭൂമി ലഭിച്ചിട്ടില്ല.
നിലവിലെ അവസ്ഥ2003ലെ അതേ അവസ്ഥ തന്നെയാണ് കേരളത്തിലെ ആദിവാസികൾക്ക് ഇപ്പോഴുമുള്ളതെന്ന് മുത്തങ്ങയിൽ സമരത്തിന് നേതൃത്വം നൽകിയ സികെ ജാനു പറയുന്നു. ഇപ്പോഴും ഭൂമിക്ക് വേണ്ടി ആദിവാസികൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഒന്നുംതന്നെ നടക്കുന്നില്ല. സമരത്തെ അടിച്ചമർത്തിയ സർക്കാർ ഫലപ്രദമായ പരിഹാരം കാണാൻ ശ്രമിച്ചില്ല. ഭൂമിക്ക് വേണ്ടി ഇനിയും സമരം ആരംഭിക്കേണ്ടിവരും. മാറിവന്ന സർക്കാരുകളും ആദിവാസികളെ അവഗണിക്കുകയായിരുന്നെന്നും സികെ ജാനു ഇടിവി ഭാരതിനോട് പറഞ്ഞു.
മാറിവരുന്ന സർക്കാരുകളെല്ലാം ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണെന്ന് മുത്തങ്ങയിൽ സമരമുഖത്തുണ്ടായിരുന്ന എം ഗീതാനന്ദൻ അഭിപ്രായപ്പെട്ടു. വയനാട് തോട്ടഭൂമി ഏറ്റെടുത്താൽ ഒരുപരിധിവരെ ഭൂമിപ്രശ്‌നം പരിഹരിക്കാനാകും. എന്നാൽ അതിന് ഭരണകൂടം തയ്യാറല്ല. ആദിവാസി ഭൂമിപ്രശ്നം ഒരു ക്ഷേമപരിപാടിയായിട്ടാണ് മാറിവന്ന സർക്കാരുകൾ കണ്ടത്. ആദിവാസി ഭൂമിപ്രശ്നത്തെ കേവലം മിച്ചഭൂമി വിതരണ പ്രശ്‌നത്തിലേക്ക് ഒതുക്കുകയാണ് ഉണ്ടായതെന്നും എം ഗീതാനന്ദൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR