പൗരത്വ ഭേദഗതി മെയ് അഞ്ചിന് സുപ്രീം കോടതിയില്‍; രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ചര്‍ച്ചയാകുന്നു
New delhi, 19 ഫെബ്രുവരി (H.S.) ഒരിടവേളയ്ക്ക് ശേഷം വീണ്ടും പൗരത്വ ഭേദഗതി നിയമം വീണ്ടും സുപ്രീംകോടതിയില്‍. പൗരത്വ ഭേദഗതി നിയമം 2019 ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ മെയ് 5ന് ആരംഭിക്കുന്ന ആഴ്ചയില്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യ
Supreme Court


New delhi, 19 ഫെബ്രുവരി (H.S.)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും പൗരത്വ ഭേദഗതി നിയമം വീണ്ടും സുപ്രീംകോടതിയില്‍. പൗരത്വ ഭേദഗതി നിയമം 2019 ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ മെയ് 5ന് ആരംഭിക്കുന്ന ആഴ്ചയില്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കി. 2024 മാര്‍ച്ച് 19 ന്, രണ്ട് വര്‍ഷം മുന്‍പാണ് ഈ വിഷയം അവസാനമായി സുപ്രീംകോടതി ലിസ്റ്റ് ചെയ്തത്.

അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് അഭ്യര്‍ത്ഥിച്ചു. അസം, ത്രിപുര എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറ്റ് വിഷയങ്ങളില്‍ നിന്ന് പ്രത്യേകം തരംതിരിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്തയും അറിയിച്ചു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം കേള്‍ക്കാമെന്നും അതിനുശേഷം അസം, ത്രിപുര എന്നിവിടങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മെയ് 5, 6 തീയതികളില്‍ രാവിലെ ഹര്‍ജിക്കാരെ കേള്‍ക്കും. മെയ് 6 ന് ഉച്ചയ്ക്ക് ശേഷവും മെയ് 7 നും എതിര്‍കക്ഷികളെ കേള്‍ക്കും. മെയ് 12 ന് മറുവാദം കേള്‍ക്കും.

2014 ഡിസംബര്‍ 31 ന് മുമ്പ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്രാ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ മുസ്ലിം ഇതര കുടിയേറ്റക്കാരെ ഇന്ത്യന്‍ പൗരത്വം തേടാന്‍ അനുവദിക്കുന്ന നിയമ ഭേദഗതിയാണ് സിഎഎ. മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് ഹര്‍ജികള്‍. കേരളമടക്കം സിഎഎയ്ക്കെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം 2024ല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തെങ്കിലും സുപ്രീംകോടതി തടഞ്ഞിരുന്നില്ല.

---------------

Hindusthan Samachar / Sreejith S


Latest News