Enter your Email Address to subscribe to our newsletters

Newdelhi , 19 ഫെബ്രുവരി (H.S.)
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ പ്രമുഖയായ ലേഡി ഡോൺ 'മാഡം സെഹർ' എന്ന ഖുഷ്നുമ അൻസാരിയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പിടികൂടി. ഒരു മേക്കപ്പ് ആർട്ടിസ്റ്റായി വേഷം കെട്ടി ലഹരിക്കടത്ത് ശൃംഖല നിയന്ത്രിക്കുകയായിരുന്നു ഇവർ. ഖുഷ്നുമയ്ക്കൊപ്പം ബിഷ്‌ണോയ് സംഘത്തിലെ പ്രധാന തോക്ക് ഇടപാടുകാരനായ മഹ്ഫൂസ് എന്ന ബോബി കബൂത്തർ ഉൾപ്പെടെ നാലുപേരെയാണ് പോലീസ് സംഘം വലയിലാക്കിയത്. മഹിപാൽപൂർ ഫ്ലൈ ഓവറിന് സമീപത്ത് വെച്ചായിരുന്നു നിർണ്ണായകമായ ഈ അറസ്റ്റ് നടന്നത്.
ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരിക്കടത്ത്
വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ഖുഷ്നുമ അൻസാരി. എന്നാൽ ഈ പാർലർ ഒരു മറ മാത്രമായിരുന്നുവെന്നും ഇതിനുള്ളിലിരുന്ന് ബിഷ്ണോയ് സംഘത്തിന് വേണ്ടിയുള്ള മയക്കുമരുന്ന് ഇടപാടുകളും ക്രിമിനൽ പ്രവർത്തനങ്ങളുമാണ് ഇവർ ഏകോപിപ്പിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന വ്യാജേന വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് ലഹരിമരുന്ന് കൈമാറുന്നതായിരുന്നു ഇവരുടെ രീതി. കുറ്റകൃത്യ ലോകത്ത് ഇവർ 'മാഡം സെഹർ' (വിഷം) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
തോക്ക് ഇടപാടുകാരനായ ബോബി കബൂത്തർ
പിടിയിലായ ബോബി കബൂത്തർ ലോറൻസ് ബിഷ്ണോയ് സംഘത്തിന് ആയുധങ്ങൾ എത്തിച്ചു നൽകുന്ന പ്രധാനിയാണ്. കഴിഞ്ഞ ഏഴ് വർഷമായി ബോബിയും ഖുഷ്നുമയും ഒപ്പമാണ് പ്രവർത്തിക്കുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസവാല കൊല്ലപ്പെടുന്നതിന് മുൻപ് അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങളെക്കുറിച്ച് വിവരം ശേഖരിച്ചവരിലും (റെക്കീ) ബോബിക്ക് പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സലിം പിസ്റ്റൾ എന്ന ആയുധക്കടത്തുകാരനിൽ നിന്നാണ് ഇവർ തോക്കുകൾ സംഘടിപ്പിച്ചിരുന്നത്.
നടപടി ക്രമങ്ങൾ
രഹസ്യവിവരത്തെ തുടർന്ന് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ കുറച്ചുനാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മയക്കുമരുന്നും മാരകായുധങ്ങളും കണ്ടെടുത്തു. ഇവരുടെ സംഘത്തിൽപ്പെട്ട മുഹമ്മദ് രാജി ഖാൻ, ഷഹബാസ് എന്നിവരും പിടിയിലായിട്ടുണ്ട്.
ഗുണ്ടാസംഘങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിക്കുന്നത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ ഹഷിം ബാബ സംഘത്തിലെ സോയ ഖാൻ ഉൾപ്പെടെയുള്ള യുവതികളും സമാന രീതിയിൽ അറസ്റ്റിലായിരുന്നു. വരും ദിവസങ്ങളിൽ മാഡം സെഹറിനെയും ബോബിയെയും കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ബിഷ്ണോയ് സംഘത്തിന്റെ ഡൽഹിയിലെ മറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / Roshith K