സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു
Thiruvananthapuram, 20 ഫെബ്രുവരി (H.S.) ശമ്പള പരിഷ്കരണ കുടിശികയും ഡിഎ കുടിശികയും അടിയന്തരമായി അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്
Doctors strike


Thiruvananthapuram, 20 ഫെബ്രുവരി (H.S.)

ശമ്പള പരിഷ്കരണ കുടിശികയും ഡിഎ കുടിശികയും അടിയന്തരമായി അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. മെഡിക്കൽ കോളജുകളുടെ ഉൾപ്പെടെ പ്രവർത്തനം ഏതാണ്ട് പൂർണമായും സ്തംഭിച്ചതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം ശക്തമായി തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

സമരത്തിൽ വലഞ്ഞ് സാധാരണക്കാർ

ഒപി വിഭാഗം പൂർണമായും ബഹിഷ്കരിച്ചതും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ നിർത്തിവച്ചതും സാധാരണക്കാരായ രോഗികളെയാണ് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും എത്തിയ നിരവധി പേർക്ക് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവന്നു. സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന നിർധനരായ രോഗികൾക്ക് സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാവില്ല എന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ വാർത്തകളിലൂടെ വിവരമറിഞ്ഞ് എത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. സാധാരണഗതിയിൽ വലിയ തിരക്ക് അനുഭവപ്പെടാറുള്ള മെഡിക്കൽ കോളജ് ഒപികൾ ഇപ്പോൾ ഏതാണ്ട് വിജനമായ അവസ്ഥയിലാണ്.

ശക്തമായി നേരിടാൻ സർക്കാർസമരം ശക്തമായി നേരിടാനാണ് സർക്കാരിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും തീരുമാനം. ഇതിൻ്റെ ഭാഗമായി ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടർമാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ച ആരോഗ്യവകുപ്പ്, സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാരുടെ പേരുവിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. വർധിച്ചുവരുന്ന ജോലിഭാരം കുറയ്ക്കാൻ നടപടിയെടുക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഡോക്ടർമാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ആരോഗ്യവകുപ്പിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല. സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്തതാണ് സമരം നീളാൻ കാരണമാകുന്നതെന്നാണ് വിമർശനം.

അത്യാഹിത വിഭാഗത്തെ ഒഴിവാക്കിസമരം ശക്തമാക്കുമ്പോഴും രോഗികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കുന്നുണ്ട്. അത്യാഹിത വിഭാഗം (കാഷ്വാലിറ്റി), ലേബർ റൂം, തീവ്രപരിചരണ വിഭാഗം (ഐസിയു), വാർഡുകളിലെ കിടത്തിച്ചികിത്സ (ഐപി), അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ പൂർണമായും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് സാധാരണക്കാർക്ക് ഒരു പരിധി വരെ ആശ്വാസം നൽകുന്നുണ്ട്. എങ്കിലും, വാർഡുകളിൽ റൗണ്ട്സിനെത്തുന്ന ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത് കിടത്തിച്ചികിത്സയിലുള്ള രോഗികളെയും സാരമായി ബാധിക്കുന്നുണ്ട്. Doctor

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News