Enter your Email Address to subscribe to our newsletters

Idukki, 20 ഫെബ്രുവരി (H.S.)
തൊടുപുഴ മുതലക്കോടത്ത് സ്ലാബ് തകർന്നുണ്ടായ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം, ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
അന്വേഷണ ഉദ്യോഗസ്ഥനെ
സൗത്ത് സോൺ ഐ ജി നിർദ്ദേശിക്കണം.
പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
സ്ലാബ് തകർന്ന് രൂപപ്പെട്ട കുഴി അടക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിനാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തണം. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. എസ് പി. യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മതിയായ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഐ ജി ലഭ്യമാക്കണം. യുവാവിന്റെ ബന്ധുക്കൾ, കുഴിയടക്കണമെന്ന് മുമ്പ് ആവശ്യപ്പെട്ട നാട്ടുകാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളെടുക്കണം. ഇതേ സ്ഥലത്ത് മുമ്പ് അപകടങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. ജെയ്സ് ബെന്നി ഓടിച്ചിരുന്ന വാഹനത്തിന് പൂർണ ഇൻഷ്വറൻസ് കവറേജ് ഉണ്ടോയെന്ന് പരിശോധിക്കണം. മരിച്ചയാളുടെയും മാതാപിതാക്കളുടെയും വിലാസവും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. കുഴി അടക്കാൻ ഉത്തരവാദിത്തമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരും വിലാസവും റിപ്പോർട്ടിലുണ്ടാവണം. യുവാവിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാവണം. അപകടത്തെകുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് വിംഗ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭ്യമെങ്കിൽ ഹാജരാക്കണം.
അന്വേഷണ ഉദ്യോഗസ്ഥൻ 6 ആഴ്ചക്കകം സമഗ്രമായ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറണം. പ്രസ്തുത റിപ്പോർട്ടിനൊപ്പം ജില്ലാ കളക്ടറുടെ റിപ്പോർട്ടും
ചേർത്ത് 2 ആഴ്ചക്കകം കമ്മീഷനിൽ സമർപ്പിക്കണം. യുവാവിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോയെന്നും നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ജില്ലാ കളക്ടർ അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് ചീഫ് എഞ്ചിനീയർ 6 ആഴ്ചക്കകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം. ഇതിനൊപ്പം പൊതുമരാമത്ത് ഇന്റേണൽ വിജിലൻസ് വിംഗിന്റെ അന്വേഷണ റിപ്പോർട്ടും ഉൾക്കൊള്ളിക്കണം.
ജില്ലാ കളക്ടറുടെയും ചീഫ് എഞ്ചിനീയറുടെയും പ്രതിനിധിയും അന്വേഷണ ഉദ്യോഗസ്ഥനും തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണം. തീയതി പിന്നീട് അറിയിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR