ആരോഗ്യമന്ത്രിക്കെതിരെ കെ കെ ഹർഷിന
Kozhikode, 20 ഫെബ്രുവരി (H.S.) സംസ്ഥാനത്ത് ശസ്ത്രക്രിയ കഴിഞ്ഞവരെല്ലാം തങ്ങളുടെ വയറ്റിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് തപ്പി നോക്കേണ്ട ഗതികേടിലാണെന്ന് കെ കെ ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുട
HARSHINA PROTEST AGAINST GOVT


Kozhikode, 20 ഫെബ്രുവരി (H.S.)

സംസ്ഥാനത്ത് ശസ്ത്രക്രിയ കഴിഞ്ഞവരെല്ലാം തങ്ങളുടെ വയറ്റിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് തപ്പി നോക്കേണ്ട ഗതികേടിലാണെന്ന് കെ കെ ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് നീണ്ട അഞ്ച് വർഷത്തോളം ദുരിതമനുഭവിക്കുകയും പിന്നീട് നീതിക്കായി ശക്തമായ പോരാട്ടം നടത്തുകയും ചെയ്ത യുവതിയാണ് ഹർഷിന. ആലപ്പുഴയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ പുതിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഇടിവി ഭാരതിനോട് പ്രതികരിക്കവെയാണ് അവർ ആരോഗ്യവകുപ്പിനും മന്ത്രിക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ആരോഗ്യമന്ത്രിയുടെ അവകാശവാദങ്ങൾ തള്ളിവയറ്റിൽ ഒരു ഉപകരണം ഉണ്ടെന്നറിഞ്ഞാൽ ആരായാലും തകർന്നുപോകുമെന്നും ഈ വിഷയത്തിൽ അധികൃതരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഹർഷിന വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണ ജോർജ് തൻ്റെ പേരെടുത്ത് പറയുന്ന കാര്യങ്ങളെല്ലാം യാഥാർഥ്യത്തിന് നിരക്കാത്തവയാണെന്ന് അവർ ആരോപിച്ചു. മന്ത്രിസഭ അംഗീകരിച്ച് രണ്ട് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചത് സമാശ്വാസമെന്നോ ചികിത്സാ ചെലവെന്നോ പറഞ്ഞിട്ടല്ല.

ഇത്രയും കാലം അനുഭവിച്ചതിൻ്റെ നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് തുക രേഖാമൂലം അനുവദിച്ചത്. എന്നാൽ എല്ലാം മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞുവെന്നും ഇനി ഇതിനെക്കുറിച്ച് ഒരു സംസാരവും ഉണ്ടാകരുതെന്നുമുള്ള വ്യവസ്ഥയുള്ളതുകൊണ്ടാണ് ആ തുക താൻ നിരസിച്ചതെന്നും ഹർഷിന വിശദീകരിച്ചു. പൊലീസ് കേസെടുത്തത് മന്ത്രിയുടെ ഒത്താശ കൊണ്ടല്ലെന്നും കമ്മിഷണർക്ക് നേരിട്ട് പരാതി നൽകിയതിനെ തുടർന്നാണെന്നും അവർ കൂട്ടിച്ചേർത്തു. തൻ്റെ വാക്കുകളിലെ സത്യസന്ധത മനസിലാക്കിയാണ് പൊലീസ് നേരായ രീതിയിൽ അന്വേഷണം നടത്തിയത്. എന്നാൽ ഈ അന്വേഷണത്തെ പരാജയപ്പെടുത്താൻ ആരോഗ്യ വകുപ്പ് ഒന്നടങ്കം പ്രവർത്തിക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി.

സർക്കാർ സംവിധാനങ്ങളുടെ പരാജയംകേസ് കോടതിയിൽ എത്തിയപ്പോഴും സർക്കാർ സംവിധാനങ്ങൾ അനുകൂലമായി പ്രവർത്തിച്ചില്ലെന്നതാണ് യാഥാർഥ്യമെന്ന് ഹർഷിന ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ തനിക്ക് വേണ്ടി സർക്കാർ പ്രോസിക്യൂട്ടർ ഹാജരാകേണ്ട സമയത്ത് അതിന് തയ്യാറായില്ല. ഇതിലൂടെ സ്വാഭാവികമായും ഡോക്ടർമാർക്ക് സ്റ്റേ ലഭിക്കാൻ കാരണമായി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതുകൊണ്ട് കോടതി തീരുമാനിക്കട്ടെ എന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. താൻ മരിച്ചു കഴിഞ്ഞിട്ടാണോ ഈ കാര്യത്തിൽ ഒരു ഉത്തരവ് വരേണ്ടതെന്നും ഈ വിഷയത്തിൽ ആരോഗ്യവകുപ്പിനും സർക്കാരിനും യാതൊരു ഉത്തരവാദിത്തവുമില്ലേ എന്നും അവർ ചോദിക്കുന്നു. ഈ കാര്യത്തിൽ നിസഹായരാണെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിൽ സ്വന്തം വഴി നോക്കി പോകുമായിരുന്നുവെന്നും അത് തുറന്നു പറയാനുള്ള മാന്യത എങ്കിലും ആരോഗ്യമന്ത്രി കാണിക്കണമായിരുന്നുവെന്നും ഹർഷിന പറഞ്ഞു.

ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ

തൻ്റെ മൂന്ന് പ്രസവ ശസ്ത്രക്രിയകളും നടന്നത് സർക്കാർ ആശുപത്രികളിലാണ്. അതുകൊണ്ടുതന്നെ ആ ശസ്ത്രക്രിയാ ഉപകരണം എവിടെ നിന്നാണ് വയറ്റിൽ വന്നതെന്ന് കൃത്യമായി അറിയാമെന്ന് ഹർഷിന ഉറപ്പിച്ചു പറയുന്നു. ആലപ്പുഴയിൽ ഉണ്ടായ പുതിയ വിഷയത്തിൽ ശസ്ത്രക്രിയാ ഉപകരണം അൻപത് വർഷം വയറ്റിൽ കിടന്നാലും ഒരു പ്രശ്നവുമില്ലെന്നാണ് ഒരു ഡോക്ടർ പ്രതികരിച്ചത്. ഒരു ലോട്ടറി അടിച്ചതുപോലെ എത്ര നിസാരമായാണ് ആ ഡോക്ടർ ചിരിച്ചുകൊണ്ട് ആ പ്രസ്താവന നടത്തിയതെന്ന് അവർ ചോദിച്ചു.

ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ലെങ്കിലും അതിൻ്റെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നത് രോഗികളാണ്. അഞ്ച് വർഷമാണ് ഒരു കത്രികയും വയറ്റിൽ പേറി നടന്നത്. പുറത്തെടുത്ത ഡോക്ടർമാർ പോലും ഇത്രയും കാലം ഇതെങ്ങനെ സഹിച്ചുവെന്നാണ് ചോദിച്ചത്. അതുകൊണ്ട് അൻപത് വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ ഡോക്ടറോട് പലതും പറയാനുണ്ടെന്നും അവർ വ്യക്തമാക്കി.

മാറേണ്ടത് ആരോഗ്യസംവിധാനം

കേരളത്തിൽ ഉണ്ടായ ശസ്ത്രക്രിയാ പിഴവുകളിൽ ഏതെങ്കിലും ഒരെണ്ണത്തിൽ കർശന നടപടി എടുത്തിരുന്നെങ്കിൽ ഡോക്ടർമാർ ഇങ്ങനെ ചിരിച്ചു തള്ളി പുറത്തുവരില്ലായിരുന്നുവെന്ന് ഹർഷിന അഭിപ്രായപ്പെട്ടു. അബദ്ധം പറ്റിപ്പോയെന്നും അതിന് പരിഹാരം ചെയ്യാമെന്നും പറഞ്ഞാൽ തന്നെ രോഗിക്ക് വലിയ ആശ്വാസമാണ് ലഭിക്കുക. ജീവൻ രക്ഷിക്കാനാണ് ഡോക്ടറുടെ അടുത്തേക്ക് പോകുന്നതെന്നും അല്ലാതെ നഷ്ടപ്പെടുത്താനല്ലെന്നും അവർ ഓർമിപ്പിച്ചു.

ഓരോരുത്തരുടെയും ജീവനാണ് ഡോക്ടർമാരുടെ മുന്നിൽ നിസഹായകമായി കിടക്കുന്നത്. ശസ്ത്രക്രിയാ പിഴവ് വന്നാലും ഉപകരണങ്ങൾ വയറ്റിൽ കുടുങ്ങിയാലും മിണ്ടാതെ അനുഭവിച്ച് ഇരുന്നോളണം എന്നതാണ് ഇന്നത്തെ ആരോഗ്യവകുപ്പിലെ അവസ്ഥ. പ്രതികരിച്ചിട്ട് യാതൊരു കാര്യവുമില്ലെന്നും സമരത്തിന് ഇറങ്ങിയ താനടക്കം ആരോഗ്യവകുപ്പിൻ്റെ മുന്നിൽ മോശക്കാരായി മാറിയെന്നും ഹർഷിന പറഞ്ഞു.

എല്ലാംകൊണ്ടും ജീവിതം തകർന്ന് മോശമായ അവസ്ഥയിലാണ് താനിപ്പോൾ ഉള്ളത്. അപ്പോഴും മന്ത്രി കുറ്റക്കാരുടെ ഭാഗമാണ് ന്യായീകരിക്കുന്നത്. ഒരു നല്ല വാക്ക് പറഞ്ഞിരുന്നെങ്കിൽ അതുതന്നെ ഒരാശ്വാസം ആകുമായിരുന്നു. പക്ഷേ അതിന് പകരം വീണ്ടും വീണ്ടും കുത്തി നോവിക്കുകയാണ് ചെയ്യുന്നതെന്ന് അവർ വികാരധീനയായി പറഞ്ഞു.

കുറെ കെട്ടിടങ്ങൾ ഉണ്ടാക്കി അത് ഉദ്ഘാടനം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ട് കാര്യമില്ലെന്നും ഇവിടെത്തെ ആരോഗ്യ സംവിധാനം പൂർണ പരാജയമാണെന്നും അവർ വിമർശിച്ചു. അത് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് താൻ. തൻ്റെ കാര്യത്തിൽ വയറ്റിൽ ഒരു ഇരുമ്പ് കഷണം ഉണ്ട് എന്ന് മാത്രമാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പുറത്തെടുത്തപ്പോഴാണ് എല്ലാവരും ഞെട്ടിപ്പോയത്. ഓപ്പറേഷൻ ചെയ്തതിനുശേഷം മൂന്നുദിവസം ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അത്രയും കഠിന വേദനയാണ് അനുഭവിച്ചത്.

കോടികൾ തന്നാലും താനനുഭവിച്ച വേദനകൾക്ക് പകരമാകില്ല. എന്നിട്ടും ഒരു നല്ല വാക്ക് പറയാതെ കുത്തി നോവിക്കുന്നതാണ് സഹിക്കാൻ പറ്റാത്തതെന്ന് ഹർഷിന പറയുന്നു. മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയില്ലെങ്കിലും ഇതിനൊരു പരിഹാരം കണ്ടേ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂ. ഇന്നല്ലെങ്കിൽ നാളെ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നീതി കിട്ടിയേ മതിയാവൂ എന്നും അവർ കൂട്ടിച്ചേർത്തു. ഈ പുണ്യ റമദാൻ മാസത്തിലും ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതിൽ വലിയ വിഷമമുണ്ടെന്നും ഹർഷിന വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News