ചികിത്സ പിഴവുകളിൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാക്കൾ
Thiruvananthapuram, 20 ഫെബ്രുവരി (H.S.) സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാപിഴവുകളിലും ആരോഗ്യവകുപ്പിൻ്റെ കെടുകാര്യസ്ഥതയിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ. ചികിത്സാപിഴവിന് ഇരയായവർക്ക് അടിയന്തര ധനസഹായം
KERALA MEDICAL NEGLIGENCE CASE


Thiruvananthapuram, 20 ഫെബ്രുവരി (H.S.)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാപിഴവുകളിലും ആരോഗ്യവകുപ്പിൻ്റെ കെടുകാര്യസ്ഥതയിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ. ചികിത്സാപിഴവിന് ഇരയായവർക്ക് അടിയന്തര ധനസഹായം നൽകണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എന്നിവർ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് പൂർണമായും പരാജയപ്പെട്ടെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും നേതാക്കൾ സംയുക്തമായി കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ പ്രതികരണംആരോഗ്യമേഖലയിലെ സംവിധാനങ്ങൾ ശരിയാക്കാനാണ് മന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. ചികിത്സാപിഴവിന് ഇരയായ ആർക്കും സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. നവകേരള സദസ്സിനും മറ്റ് ആഡംബരങ്ങൾക്കും പണമുള്ള സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. സർക്കാർ ആശുപത്രികൾ കെടുകാര്യസ്ഥതയുടെ പര്യായമായി മാറി.

എല്ലാം സംവിധാനത്തിൻ്റെ തകരാറാണെന്ന് പറയുന്ന മന്ത്രി അത് പരിഹരിക്കാൻ തയാറാകുന്നില്ല. സർക്കാരിൻ്റെ ഭാഗത്തുനിന്ന് യാതൊരു ന്യായീകരണവുമില്ലാത്തത് അംഗീകരിക്കാനാകില്ല. ഇരകളുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കണം. കോഴിക്കോട്ടെ സ്ത്രീക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും ഭാവിയിൽ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക വച്ച് തുന്നുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നടന്നുപോകുന്നവർ മെഡിക്കൽ കോളജുകളിൽനിന്ന് മൂക്കിൽ പഞ്ഞിവച്ച് മടങ്ങുന്ന കാലമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യസംവിധാനത്തിൻ്റെ പരാജയമെന്ന് കെ സി വേണുഗോപാൽശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പിൻ്റെയും മെഡിക്കൽ കോളജുകളുടെയും അനാസ്ഥയെ കെ സി വേണുഗോപാൽ എംപി രൂക്ഷമായി വിമർശിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ അഞ്ച് വർഷമാണ് വയറ്റിൽ ഉപകരണവുമായി കടുത്ത വേദന സഹിച്ച് ജോലി ചെയ്തത്. ഇത് കണ്ടെത്താൻ കഴിയാതിരുന്നത് ആരോഗ്യസംവിധാനത്തിൻ്റെ പരാജയമാണ്.

അധികൃതർ ഇത്തരം സംഭവങ്ങളെ ലാഘവത്തോടെയാണ് കാണുന്നത്. ഹർഷീനയുടെ വിഷയത്തിൽ നാല് വർഷമായിട്ടും പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വീഴ്ചയുണ്ടാകുമ്പോൾ ശക്തമായ നടപടിയെടുക്കുന്നതിന് പകരം ലാഘവത്തോടെയുള്ള സമീപനമാണ് കാണിക്കുന്നത്. പത്തോ ഇരുപതോ വർഷം ഉപകരണം വയറ്റിലിരുന്നാലും കുഴപ്പമില്ലെന്ന ന്യായീകരണം അംഗീകരിക്കാനാകില്ല. ശസ്ത്രക്രിയാ ഉപകരണങ്ങൾ മുഴുവൻ വയറ്റിൽ ഉപേക്ഷിക്കാമെന്നാണോ ഇതിനർഥമെന്നും അദ്ദേഹം ചോദിച്ചു.

ഉപകരണം വയറ്റിലുണ്ടെന്ന് കണ്ടെത്തിയിട്ടും അടിയന്തര നടപടിയുണ്ടായില്ലെന്നും വിവരം ഒളിച്ചുവയ്ക്കാനാണ് ആശുപത്രി അധികൃതരും സർക്കാരും ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തരമായി ശസ്ത്രക്രിയ ചെയ്യുന്നതിന് പകരം സത്യം മൂടിവയ്ക്കാനാണ് ശ്രമിച്ചത്. ആശുപത്രിയുടെ കെടുകാര്യസ്ഥത ബോധ്യപ്പെട്ടാൽ ഉടൻതന്നെ രോഗിക്ക് ആശ്വാസം നൽകണം. എംപി എന്ന നിലയിൽ താൻ ഇടപെട്ടാണ് രോഗിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാർത്ത പുറത്തുവന്നപ്പോഴെങ്കിലും സർക്കാർ മികച്ച ചികിത്സ നൽകുമെന്നാണ് കരുതിയത്. വീണ്ടും മെഡിക്കൽ കോളജിൽ പോകാൻ രോഗി ഭയപ്പെടുന്നത് സ്വാഭാവികമാണ്. ഇത് പൊതുജനാരോഗ്യ സംവിധാനത്തിന് നേരെയുള്ള വലിയ ചോദ്യചിഹ്നമാണ്. രോഗിക്ക് അനുയോജ്യമായ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പകരം അടുത്ത തിങ്കളാഴ്ച വരാനാണ് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞത്. ഇതിനാലാണ് താൻ ചികിത്സാസൗകര്യം ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമന്ത്രിക്കും അന്വേഷണസമിതികൾക്കുമെതിരെയും കെ സി വേണുഗോപാൽ വിമർശനമുന്നയിച്ചു. കോഴിക്കോടും തിരുവനന്തപുരത്തും ആലപ്പുഴയിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഉത്തരവാദിത്തമില്ലാതെ അന്വേഷണസമിതികളെ പ്രഖ്യാപിക്കുക മാത്രമാണ് മന്ത്രി ചെയ്യുന്നത്. കഴിഞ്ഞ ചില വർഷങ്ങൾക്കിടെ ആലപ്പുഴ മെഡിക്കൽ കോളജിൽ മാത്രം ഇത്തരം നിരവധി സമിതികളെ വച്ചിട്ടുണ്ട്.

കുറ്റക്കാരെ കണ്ടെത്താതെ അവരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് സമിതികൾ നൽകുന്നത്. സമിതികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണം. ജനങ്ങളെ കബളിപ്പിക്കാനുള്ള സംവിധാനമായി ഇത്തരം സമിതികൾ മാറി. രേഖകൾ പരിശോധിച്ച് അടിയന്തര നടപടിയാണ് ഇത്തരം വിഷയങ്ങളിൽ വേണ്ടത്. കടുത്ത അനാസ്ഥ തെളിയിക്കാൻ പൊലീസ് അന്വേഷണം പോലും ആവശ്യമില്ല. കുടുംബം നിയമപരമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പ് വെൻ്റിലേറ്ററിലെന്ന് കെ മുരളീധരൻ

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇത്തരം തിക്താനുഭവങ്ങൾ തുടർച്ചയായുണ്ടായാൽ രോഗികൾ സർക്കാർ ആശുപത്രികളിൽ പോകാൻ ഭയപ്പെടും. അതിനാൽ തെറ്റ് ചെയ്യുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ആരോഗ്യവകുപ്പിൻ്റെ നിലവിലെ അവസ്ഥ കാണുമ്പോൾ വകുപ്പ് വെൻ്റിലേറ്ററിലാണോ അതോ മോർച്ചറിയിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാർക്ക് രോഗം വന്നാൽ സർക്കാർ ആശുപത്രികളിൽ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സ്വകാര്യ ആശുപത്രികളിൽ മികച്ച സേവനം ലഭിക്കുമെങ്കിലും അവിടുത്തെ ഭീമമായ ബില്ല് താങ്ങാൻ സാധാരണക്കാർക്ക് കഴിയില്ല. ആരോഗ്യവകുപ്പിൻ്റെ പ്രവർത്തനങ്ങളിൽ സർക്കാരിൻ്റേത് ദയനീയ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News