Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 ഫെബ്രുവരി (H.S.)
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നാളെ പൂർത്തിയാകും. ഇതിനുശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. ആകെയുള്ള 26953644 വോട്ടര്‍മാരിൽ 10312648 (1.03 കോടിയിലധികം) പേർ പുരുഷൻമാരും 13827319 (1.3 കോടിയിലധികം പേർ സ്ത്രീകളുമാണ്. 2,23,558 (2.23 ലക്ഷം) പ്രവാസി വോട്ടർമാരും 54,110 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതും നിരസിച്ചതും ആയിട്ടുള്ള ഇലക്ട്രൽ ഓഫിസർമാരുടെ തീരുമാനങ്ങൾക്കെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് അപ്പീൽ നൽകാൻ അവസരമുണ്ടാകുമെന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ രത്തൻ യു കേൽക്കർ അറിയിച്ചു.
ഇപ്പോൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാനുള്ള അപേക്ഷ നൽകാനാവും. നാളെ മുതലാണ് ഇതിനുള്ള അപേക്ഷകൾ നൽകാനുള്ള സമയപരിധി ആരംഭിക്കുക. ഈ അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് പ്രോസസ് ചെയ്യുകയും തിരിച്ചറിയൽ കാർഡ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പരിഷ്‌കരണ വേളയിൽ ലഭിച്ച അപേക്ഷകളിൽ 18 വയസ് പൂർത്തിയാക്കാത്തവരുടെ അപേക്ഷകൾ അവർക്ക് 18 വയസ് പൂർത്തിയാകുന്ന സമയത്ത് പരിഗണിച്ച് തുടങ്ങും. എസ് ഐ ആറിന് മുൻപുള്ള വോട്ടർ പട്ടികയിൽ നിന്ന് ഒമ്പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബർ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരിച്ചവരെയും, വിദേശ പൗരത്വം നേടിയവരെയും താമസം മാറിയവരെയുമാണ് ഒഴിവാക്കിയത്. എസ്‌ഐആർ കാലയളവിൽ പേരുചേർക്കാൻ കിട്ടിയ അപേക്ഷയിൽ 13.51 ലക്ഷം അംഗീകരിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 30 ലക്ഷത്തോളം പേർ പുറത്തായെന്നും അനർഹർ പട്ടികയിലുണ്ടെന്നുമാണ് സിപിഎം വാദം. അപേക്ഷ നിരസിച്ച പ്രവാസി വോട്ടർമാരുടെ വിവരം കോൺഗ്രസ് ആവശ്യപ്പെട്ടു. തുടക്കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചവരുടെ നിലപാട് മാറിയയെന്നായിരുന്നു ബിജെപിയുടെ അഭിപ്രായം.
ജെൻ-സികൾ നാല് ലക്ഷത്തിലധികം പേർ
പുതുക്കിയ വോട്ടർ പട്ടികയിൽ 18 മുതൽ 19 വയസ് വരെ പ്രായപരിധിയുള്ളവർ 424518 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. 204608 വോട്ടറുമാർ 85 വയസ് പിന്നിട്ടവരാണ്. 243698 പേർ ഭിന്നശേഷി വോട്ടറുമാരാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 30471 മപാളിംഗ് സ്‌റ്റേഷനുകൾ 2026 നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 30471 പോളിംഗ് സ്‌റ്റേഷനുകളാണ് എല്ലാ ജില്ലകളിലുമായി സജ്ജീകരിച്ചിട്ടുള്ളത്. 119 ഇടത്ത് തെരെഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കും. 41 കൗണ്ടിംഗ് സെൻ്ററുകളാണ് നിലവിൽ വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR