Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 ഫെബ്രുവരി (H.S.)
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഉയർത്തി സംസ്ഥാന ധനവകുപ്പ് ഉത്തരവിറക്കി. പത്ത് ശതമാനം ഡി.എ അനുവദിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വർധിപ്പിച്ച ഡി.എ മാർച്ചിലെ ശമ്പളത്തോടൊപ്പം നൽകും. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 25 ശതമാനത്തിൽനിന്ന് 35 ശതമാനമായി ഉയർന്നു. മൂന്ന് ശതമാനം ഫെബ്രുവരിയിൽ ഒരു ഗഡുവായി നൽകിയിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളിൽ 13 ശതമാനം ഡി.എ, ഡി.ആർ. വർധനയാണ് നടപ്പാക്കിയത്. എന്നാൽ, 12-ാം ശമ്പള പരിഷ്കരണ കമ്മിഷൻ രൂപീകരണത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ജനുവരി 29-ലെ ബജറ്റിലാണ് ശമ്പള പരിഷ്കരണ കമ്മിഷൻ രൂപീകരണത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. അതിനുശേഷം നാല് മന്ത്രിസഭായോഗങ്ങൾ കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും. അടുത്തയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ സംസ്ഥാനത്തെത്തും. അവർ ഡൽഹിയിൽ തിരിച്ചെത്തിയാലുടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനു മുൻപുള്ള മന്ത്രിസഭായോഗങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ കമ്മിഷൻ പ്രഖ്യാപനം പുതിയ സർക്കാരിലേക്ക് നീളും. ഇപ്പോൾ കമ്മിഷനെ നിയോഗിച്ചാലും റിപ്പോർട്ട് സമർപ്പിക്കാൻ ചുരുങ്ങിയത് മൂന്നുമാസത്തെ കാലാവധിയുണ്ടാകും. അതിനാൽ പരിഷ്കരിച്ച ശമ്പളം നൽകുന്നത് പുതിയ സർക്കാരായിരിക്കും.
2019-ലെ മുൻകാല പ്രാബല്യത്തോടെ 2021-ലാണ് 11-ാം ശമ്പള പരിഷ്കരണം നടപ്പാക്കിയത്. അതനുസരിച്ച് 12-ാം പരിഷ്കരണത്തിന് 2024 മുതൽ മുൻകാല പ്രാബല്യം നൽകേണ്ടി വരും. ഇതുവഴിയുള്ള കുടിശികയും സർക്കാരിന് നൽകേണ്ടി വരും. 23,000 കോടി രൂപയാണ് ശമ്പള പരിഷ്കരണത്തിനായി കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധികമായി വകയിരുത്തിയത്. 25,000 കോടി രൂപയായിരുന്നു കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ വന്ന അധിക ചെലവ്.
ഡി.എ. വർധന പ്രഖ്യാപിച്ചെങ്കിലും കുടിശിക സംബന്ധിച്ച തീരുമാനമില്ലാത്തത് ജീവനക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എ.എം. ജാഫർഖാൻ ആരോപിച്ചു. അതേസമയം, 35 ശതമാനം ഡി.എ. വർധിപ്പിച്ചതോടെ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം സർക്കാർ പൂർണമായി പാലിച്ചെന്ന് ജോയിന്‍റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ ഇ ടിവി ഭാരതിനോട് പറഞ്ഞു. കുടിശിക മുൻകാല പ്രാബല്യത്തോടെ നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക ഫിക്സേഷൻ തിരികെ വരുമോ എന്ന കാര്യത്തിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്. രണ്ടാം പിണറായി സർക്കാർ 11-ാം ശമ്പള പരിഷ്കരണത്തിൽ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി പ്രത്യേക ഫിക്സേഷൻ ഒഴിവാക്കിയിരുന്നു. പകരം 'സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷൻ' ആണ് നടപ്പാക്കിയത്. ഇതോടെ വർധന 1,880 രൂപയായി ചുരുങ്ങി. ഡി.എ. ലയിപ്പിച്ചു എന്നതല്ലാതെ മറ്റ് പ്രത്യേക ഫിക്സേഷൻ നേട്ടങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. പത്താം ശമ്പള പരിഷ്കരണത്തിൽ 12 ശതമാനം ഫിറ്റ്മെന്റ് ആനുകൂല്യവും സർവീസ് വെയ്റ്റേജും ലഭിച്ചതോടെ കുറഞ്ഞ ശമ്പളവർധന 2,200 രൂപയായിരുന്നു. ഇത്തവണ ഏതു രീതിയിലായിരിക്കും പരിഷ്കരണം നടപ്പാക്കുകയെന്നാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR