Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 ഫെബ്രുവരി (H.S.)
ഗർഭപാത്രത്തിലെ ശസ്ത്രക്രിയക്ക് ശേഷം വയറിൽ കത്രിക തുന്നിക്കെട്ടിയ ഗൈനക്കോളജി വിഭാഗം മേധാവി, ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ഘടിപ്പിച്ച ഗൈഡ് വയർ പുറത്തെടുക്കാതെ സർജറി ഡിപ്പാർട്ട്മെൻ്റ്, പ്രസവത്തിനുശേഷം പഞ്ഞി പുറത്തെടുക്കാത്ത ഗൈനക്കോളജി വിഭാഗം, ഇടതുകാലിനു പകരം വലതുകാലിൽ ചെയ്ത ശസ്ത്രക്രിയ വിജയമാണെന്ന് പ്രഖ്യാപിച്ച അസ്ഥിരോഗ ചികിത്സ വിഭാഗം മേധാവി, ഇടതുകണ്ണിനു പകരം വലതുകണ്ണിൽ കുത്തിവയ്പെടുത്ത ഡോക്ടർ, ഏഴുവയസുകാരന് മൂക്കിനു പകരം വയറിൽ ശസ്ത്രക്രിയ ചെയ്ത മെഡിക്കൽ കോളജ് എന്നിങ്ങനെ കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വീഴ്ചകളിൽ സർക്കാർ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങളാണ്.
കേരള മോഡൽ ആരോഗ്യരംഗം തകർന്നു തരിപ്പണമായപ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളാണെന്ന പ്രതിരോധവുമായി ആരോഗ്യ വകുപ്പ് രംഗത്തുണ്ട്. ആലപ്പുഴ സ്വദേശിനിയായ ഉഷ ജോസഫിൻ്റെ വയറിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവമാണ് ആരോഗ്യ വകുപ്പിനെതിരെ ഇപ്പോൾ ഉയരുന്ന പ്രധാന പരാതി.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. കേരള മോഡൽ ആരോഗ്യരംഗം അപ്പാടെ തകർന്നതായി മുൻ ആരോഗ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാർ അഭിപ്രായപ്പെട്ടു. സർക്കാരിനും ആരോഗ്യ വകുപ്പിനും നിലവിൽ പരിതാപകരമായ അവസ്ഥയാണ് ഉള്ളത്. സർക്കാർ ആശുപത്രികളിൽ പോകാൻ ജനം ഭയക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.
വയറിനുള്ളിൽ കത്രികയുമായി അഞ്ചുവർഷം
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയ സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത് അഞ്ചുവർഷത്തിന് ശേഷമാണ്. 2021ൽ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷ ജോസഫിൻ്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പതിവുപോലെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അഞ്ചു വർഷം മുൻപ് ഗൈനക്കോളജി ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ് ആയിരുന്ന ഡോക്ടർ ലളിതാംബികയുടെ യൂണിറ്റായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കത്രിക വയറ്റിലുള്ളത് കാരണം 50 വർഷം കഴിഞ്ഞാലും പ്രശ്നമില്ലെന്നാണ് ഡോക്ടർ പ്രതികരിച്ചത്.
ശരീരത്തിനുള്ളിൽ നിന്നും പുറത്തെടുക്കാനാകാത്ത ഗൈഡ് വയർ
2023 മാർച്ചിലാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളിൽ ഗൈഡ് വയർ അവശേഷിച്ചത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ കാട്ടാക്കട സ്വദേശിയായ സുമയ്യ എന്ന യുവതിയുടെ നെഞ്ചിലാണ് ഗൈഡ് വയർ അകപ്പെട്ടത്. ശസ്ത്രക്രിയയെത്തുടർന്നുണ്ടായ അസ്വസ്ഥതകൾ നേരിട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തി. രോഗിയുടെ പരാതിയെത്തുടർന്ന്, ശസ്ത്രക്രിയ നടത്തിയ ഡോ രാജീവ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കീഹോൾ സർജറി വഴി ഇത് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അടിയന്തര ചികിത്സ പിഴവായി കണക്കാക്കി അന്വേഷണം തുടരുന്നുണ്ട്.
വിരലിന് പകരം നാവിൽ ശസ്ത്രക്രിയ
2024 മെയിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയുടെ വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത്. നാല് വയസുള്ള പെൺകുട്ടിയുടെ കൈയിലെ ആറാമത്തെ വിരൽ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. എന്നാൽ കുട്ടിയുടെ നാവിലാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയെ തിരികെ കൊണ്ടുവന്നത് വായിൽ പഞ്ഞി നിറച്ച അവസ്ഥയിലാണ്. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ, കുട്ടിയുടെ നാവിന് തടസമുണ്ടെന്നായിരുന്നു ഡോക്ടറുടെ അവകാശവാദം. ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇടതുകാലിന് പകരം വലതുകാലിൽ ശസ്ത്രക്രിയ
2023 ഫെബ്രുവരിയിലാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയത്. കക്കോടി സ്വദേശി സജ്നയുടെ കാലിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തി. വാതിലിൽ കുടുങ്ങി വലതുകാലിന് പരിക്കേറ്റാണ് ചികിത്സ തേടിയത്. ബോധം വന്നപ്പോഴാണ് കാലുമാറിയ കാര്യം സജ്ന അറിയുന്നത്.
ഇടതുകണ്ണിന് പകരം വലതുകണ്ണിൽ കുത്തിവയ്പ്
2025 ജൂണിലാണ് തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ബീമാപള്ളി സ്വദേശിനിയായ 59കാരിയുടെ കണ്ണു മാറി ചികിത്സ നടത്തിയതിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഇടതുകണ്ണിന് പകരം വലതുകണ്ണിനാണ് ഡോക്ടർ കുത്തിവയ്പ് എടുത്തത്. അസി പ്രൊഫസർ എസ്എസ് സുജീഷിനെ സസ്പെൻഡ് ചെയ്തു. കാഴ്ച മങ്ങിയതോടെയാണ് ഇവർ സർക്കാർ ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്.
മൂക്കിന് പകരം വയറിൽ ശസ്ത്രക്രിയ
2019 മേയിൽ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിലാണ് ഏഴ് വയസുകാരൻ്റെ മൂക്കിന് പകരം വയർ കീറി ശസ്ത്രക്രിയ നടത്തിയത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരനാണ് ശസ്ത്രക്രിയ നടത്തിയത്. രോഗികളെ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചത്. വയറിൽ ശസ്ത്രക്രിയ ചെയ്യാനായി എത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസുകാരൻ്റെ പേരിന് സാമ്യം വന്നതാണ് തെറ്റ് പറ്റാൻ കാരണമായത്.
കൈ മുറിച്ചുമാറ്റിയ സംഭവം
2025 മാർച്ചിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയത്. പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചു മാറ്റിയത്. 2024 സെപ്റ്റംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടിക്ക് വീണു പരിക്കേൽക്കുന്നത്. കുട്ടിയെ ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും ചികിത്സക്കായി കൊണ്ടുപോയി. മുറിവിൽ മരുന്നുകെട്ടി അതിനു മുകളിൽ പ്ലാസ്റ്റർ ഇട്ടു. പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. നില ഗുരുതരമായതോടെ കൈ മുറിച്ചു മാറ്റുകയായിരുന്നു.
ശ്വാസമെടുക്കാനാവാത്ത രോഗിക്ക് കൊവിഡ് മുറിയിൽ ചികിത്സ, ഒടുവിൽ മരണം
2023 ജനുവരിയിലാണ് ഡോക്ടറുടെ അനാസ്ഥ മൂലം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ യുവാവിന് ജീവൻ നഷ്ടമാകുന്നത്. ഇടുക്കി വണ്ണപ്പുറം സ്വദേശിയായ വിനോദ് കെ തങ്കപ്പനാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചിട്ടും കൊവിഡ് രോഗികളുള്ള മുറിയിൽ വിനോദിനെ കിടത്തിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിൻ്റെ പരാതിയിൽ അന്വേഷണം നടത്തി.
പ്രസവവേദന അനുഭവപ്പെട്ടിട്ടും അവഗണന
2023 ജൂണിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ നവജാത ശിശു മരിച്ചത്. അനാസ്ഥ മൂലമാണ് കുട്ടിക്ക് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. വണ്ടാനം വൃക്ഷവിലാസം തോപ്പ് നിവാസികളായ മനുവിൻ്റെയും സൗമ്യയുടെയും എട്ട് ദിവസം പ്രായമുള്ള കുഞ്ഞായിരുന്നു മരിച്ചത്. സൗമ്യയ്ക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടിട്ടും ഡോക്ടർമാരും നഴ്സുമാരും ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR